തൃശ്ശൂർ: കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം ആയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.
തന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന ജില്ലാ അദ്ധ്യക്ഷൻ അനീഷ് ആണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. അദ്ദേഹത്തിന്റെ മകൻ എന്തൊക്കെ എഴുതിയെന്ന് തനിക്ക് അറിയില്ല. പോസ്റ്റ് വായിച്ചിട്ടില്ല. പല തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അനുഗ്രഹം വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗോപിയാശാൻറെ ഡോക്യൂമെൻററി ഞാനാണ് പ്രകാശനം ചെയ്തത്. കലാകാരന്മാരെ മാത്രമല്ല പ്രമുഖരായ ഒട്ടുമിക്ക വ്യക്തികളെയും സ്ഥാനാർത്ഥികൾ കാണാറുണ്ട്. ഗുരുത്വത്തിന്റെ പേരിലാണ് താൻ ഇവരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങാറുള്ളത്. ഗോപിയാശാനും തനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തെ കാണാൻ ഇനിയും ആഗ്രഹം ഉണ്ട്. ഇക്കാര്യം അനീഷിനെ അറിയിക്കും.
ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പൻറെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യും. ഇങ്ങനെ ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം പോസ്റ്റ് വിവാദമായതോടെ ഗോപിയുടെ മകൻ പോസ്റ്റ് പിൻവലിച്ചു. തന്റെ പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പോസ്റ്റ് പിൻവലിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: