ദുബായ് : ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിലേക്ക് സന്ദർശകരുടെ ഒഴുക്കെന്ന് റിപ്പോർട്ട്. ഒന്നാം വാർഷികം ആഘോഷിക്കുന്ന മാർച്ച് 13-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടയിൽ ആകെ 451374 പേരാണ് ഈ മ്യൂസിയം സന്ദർശിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13-നാണ് സന്ദർശകർക്ക് തുറന്ന് കൊടുത്തത്. അൽ ദാഖിലിയ ഗവർണറേറ്റിലെ മനഹ് വിലായത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒമാൻ എന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപങ്ങളുടെയും, നവോത്ഥാനത്തിന്റെയും സംഗ്രഹം എന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
ഒമാന്റെ ചരിത്രം, സംസ്കാരം, സാമ്പത്തിക വളർച്ച എന്നിവ വിവിധ കാലഘട്ടങ്ങളെ അടിസ്ഥാനമാക്കി അടയാളപ്പെടുത്തുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ച്ചകൾ നൽകുന്ന ഒരു ജാലകം കൂടിയാണ്. ഹജാർ മലനിരകളുടെയും, അതിന്റെ താഴ്‌വരകളുടെയും ക്ഷേത്രഗണിതപരമായ രൂപരേഖയെ അടിസ്ഥാനമാക്കിയാണ് ഏതാണ്ട് നാല്പതിനായിരം സ്‌ക്വയർ മീറ്ററിലധികം വലിപ്പമുള്ള ഈ മ്യൂസിയം കെട്ടിടത്തിന്റെ രൂപകൽപന ഒരുക്കിയിരിക്കുന്നത്.
‘ഗാലറി ഓഫ് ഹിസ്റ്ററി’, ‘ഗാലറി ഓഫ് റെനൈസ്സൻസ്’, ‘ഗാലറി ഓഫ് ദി ഫ്യുച്ചർ’ എന്നിവയാണ് ഈ മ്യൂസിയത്തിലെ പ്രധാന പവലിയനുകൾ. അതിപ്രാചീനമായ കാലഘട്ടം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ഒമാന്റെ ചരിത്രം ഈ മ്യൂസിയത്തിൽ ദർശിക്കാവുന്നതാണ്.
റാസ് അൽ ഹംറ, റാസ് അൽ ജിൻസ് മുതലായ ആർക്കിയോളജിക്കൽ സൈറ്റുകളിൽ നിന്നുള്ള കണ്ടെത്തലുകൾ, പ്രാചീന കാലഘട്ടത്തിലെ നാവിക പാരമ്പര്യം, ചെമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കളുടെ വിപണനം, പരമ്പരാഗത നീർച്ചാലുകളുടെ നിർമ്മാണം മുതലായ വിവിധ വിഷയങ്ങൾ ഈ ഗാലറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്തരിച്ച മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബിൻ തൈമൂറിന്റെ ദർശനങ്ങളുടെ ഭാഗമായാണ് ഈ മ്യൂസിയം പദ്ധതി രൂപീകരിച്ചത്. 2015-ൽ അദ്ദേഹമാണ് ഈ മ്യൂസിയത്തിന്റെ തറക്കല്ലിട്ടത്. മേഖലയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: