ജയ്‌പുർ: രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ട്രെയിനിന്റെ നാല് കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരുക്കേറ്റത്തായാണ് വിവരം. ഇവരെ ചികിത്സയ്‌ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി.
അപകട സമയം ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാർ പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി), അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ സ്ഥലത്തുണ്ട്.
കോച്ചുകൾ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികളെ തുടർന്ന് ഇതുവഴിയുള്ള ആറ് തീവണ്ടികൾ റദ്ദാക്കി. മറ്റ് ട്രെയിനുകൾ വൈകി ഓടുകയാണ്. അപകടത്തിന് പിന്നാലെ റെയിൽവേ ഹെൽപ് ലൈൻ നമ്പർ പുറത്തുവിട്ടു. 0145- 2429642 ആണ് ഹെൽപ് ലൈൻ നമ്പർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: