പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനുശേഷം പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രില്‍ 19 നും ജൂണ്‍ ഒന്നിനും ഇടയിലായി ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലുമാസത്തോളം നീണ്ട 1951-52 കാലത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ജൂണ്‍ നാലിന് ഫലം അറിയാം. ഏപ്രില്‍ ഇരുപത്തിയാറിന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന കേരളം ജനവിധി അറിയാന്‍ 40 ദിവസം കാത്തിരിക്കണം. ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. പതിവുപോലെ ഈ ലോക്സഭാ തെരഞ്ഞെടുപ്പിനും സവിശേഷതകള്‍ ഏറെയാണ്. 96 കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. 49 കോടിയിലേറെ പുരുഷന്മാരും 48 കോടിയിലേറെ സ്ത്രീകളും. ട്രാന്സ്ജെന്ഡറുകള് തന്നെ 40 ലക്ഷത്തോളം വരും. കന്നി വോട്ടര്‍മാര്‍ മാത്രം രണ്ടുകോടിയോളമുണ്ട്. 100 വയസ്സിനു മുകളില്‍ രണ്ടു കോടിയിലേറെ വോട്ടര്‍മാരുള്ളത് കൗതുകകരമായ കാര്യമാണ്. ഈ തെരഞ്ഞെടുപ്പില്‍ 10 ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകള്‍ രാജ്യമെമ്പാടുമായി സജ്ജീകരിക്കും. 55 ലക്ഷം വോട്ടിങ് യന്ത്രങ്ങളും നാല് ലക്ഷം വാഹനങ്ങളും ഉപയോഗിക്കുന്നത് മറ്റെങ്ങും കാണാന്‍ കഴിയില്ല. 140 കോടി ജനസംഖ്യയുള്ള ഭാരതം യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ ഉത്സവമാണ് ആഘോഷിക്കാന്‍ പോകുന്നത്. അതിന്റെ കൊടി ഉയര്‍ന്നിരിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണല്ലോ ഭാരതം. സാമ്രാജ്യത്വ നുകം വലിച്ചെറിഞ്ഞ് ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ പല രൂപത്തിലുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങള്‍ കൊണ്ടുനടക്കുമ്പോള്‍ ഭാരതത്തില്‍ മാത്രമാണ് ജനാധിപത്യം പുലരുന്നത്. കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും, തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ജനാധിപത്യത്തിന്റെ പാതയില്‍ മുന്നേറുകയാണ് ഭാരതം. ആര് അധികാരത്തില്‍ വരണമെന്നും ആര് പ്രതിപക്ഷത്തിരിക്കണമെന്നും തീരുമാനിക്കാനുള്ള വിവേകം ഭാരതത്തിലെ ജനങ്ങള്‍ നേടിയിട്ടുണ്ട്. രണ്ടു വര്‍ഷക്കാലം അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് ഈ രീതിക്ക് മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ജനങ്ങള്‍ കോണ്‍ഗ്രസിനെയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും അധികാരത്തില്‍ നിന്ന് പുറന്തള്ളി. രാഷ്ട്രീയ അസ്ഥിരതയുടെ മുഖം മുഖമുദ്രയായ ഒരു മുന്നണി സംവിധാനം ഏറെക്കാലം രാജ്യത്ത് നിലനിന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തെ രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ സ്ഥിരതയുള്ള ഒരു ഭരണത്തിനുവേണ്ടിയുള്ള ജനവിധിയാണ് ഉണ്ടായത്. രണ്ട് അവസരത്തിലും ബിജെപിയെയും നരേന്ദ്ര മോദിയെയുമാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഇതിന്റെ നേട്ടം രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടായി. അഭൂതപൂര്‍വ്വമായ വികസനവും ജനക്ഷേമവുമാണ് മോദി സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ യാഥാര്‍ത്ഥ്യമാക്കിയത്. ജനാധിപത്യത്തിന്റെ പാതയില്‍ സഞ്ചരിച്ചുകൊണ്ടുതന്നെ ഭാരതം ലോകത്തെ മുന്‍നിര സാമ്പത്തിക-സൈനിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ സാമ്പത്തികമായി അഞ്ചാം സ്ഥാനത്തുള്ള ഭാരതം മൂന്നാം സ്ഥാനത്ത് എത്താനുള്ള തയ്യാറെടുപ്പിലാണ്.
തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏറെക്കുറെ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം പ്രതിപക്ഷത്തെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. പ്രതിപക്ഷത്ത് പേരിന് ഒരു ‘ഇന്‍ഡി’ സഖ്യമുണ്ടെങ്കിലും അവര്‍ക്ക് ഒരുമിച്ചുനില്ക്കാന് കഴിയുന്നില്ല. ബിജെപിയെയും മോദിയെയും എതിര്‍ക്കുക എന്ന നിഷേധാത്മക നിലപാട് മാത്രമാണ് അവര്‍ക്കുള്ളത്. കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ‘ഇന്‍ഡി’ മുന്നണിയിലാണ്. എന്നിട്ടും അവര്‍ കേരളത്തില്‍ പരസ്പരം എതിര്‍ക്കുകയാണ്! ഒത്തുകളിയാണിതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. കേരളം ഉറ്റുനോക്കുന്നത് ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിലേക്കാണ്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ കരുത്തരാണെന്ന് ഇ.പി. ജയരാജനെപ്പോലുള്ളവരും സമ്മതിക്കുന്നുണ്ടല്ലോ. അഴിമതിക്ക് വേണ്ടിയുള്ള സഖ്യമാണ് ഇന്‍ഡി മുന്നണിയെന്ന് പകല്‍പോലെ വ്യക്തമാണ്. പരാജയഭീതി മറച്ചുപിടിക്കാനുള്ള പ്രഹസനങ്ങളാണ് ഈ പാര്‍ട്ടികള്‍ നടത്തുന്നത്. കോണ്‍ഗ്രസിന്റെ രാഹുലും തൃണമൂലിന്റെ മമതയും എഎപിയുടെ കേജ്രിവാളും ഡിഎംകെയുടെ സ്റ്റാലിനും മറ്റും ഇക്കാര്യത്തില്‍ തുല്യദുഃഖിതരാണ്. കേന്ദ്രഭരണത്തില്‍ മൂന്നാമൂഴത്തിന് ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം പ്രതിപക്ഷത്തെ അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. രണ്ടാം മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ജനവിധിക്കായാണ് ബിജെപി മത്സരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ബിജെപി സഖ്യത്തിന് ലഭിക്കുമെന്ന വ്യക്തമായ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: