കോഴിക്കോട്: രാമജന്മഭൂമിയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഭാരതത്തില്‍ മൊത്തം പ്രകടമായ ഉണര്‍വ് കേരളത്തിലും കാണുന്നുണ്ടെന്നും ഈ മാറ്റത്തെ പ്രയോജനപ്പെടുത്താല്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തിനും കഴിയണമെന്നും സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ സ്വത്വത്തെ വളര്ത്തിയെടുക്കുന്നവര്ക്കേ നിലനില്‍പ്പുള്ളൂ എന്നുപറയുന്ന സമൂഹം വളര്‍ന്നു വരണം. അതിനു പറ്റുന്ന രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഉയരേണ്ടതുണ്ടതെന്ന് ‘ക്ഷേത്രശക്തി’ മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി.
അധിനിവേശശക്തികള്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍ ഇല്ലാതാക്കാനുള്ള യജ്ഞമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ വഴി നടന്നത്. അതിന്റെ ഉജ്വലശക്തി ഭാവത്തില്‍ അഖണ്ഡമായ ഭാരതത്തിന്റെ സൃഷ്ടിയിലേക്കുള്ള കാല്വയ്പാകണം. അതിനു വിപരീതമായ വാദങ്ങളും അസത്യപ്രചാരണങ്ങളും ദേശീയ ശക്തിയുടെ പ്രചണ്ഡപ്രവാഹത്തില് ഇല്ലാതാകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രാത്രി റോഡ് മാര്‍ഗം ലഖ്നൗ യാത്രയ്ക്കിടയില്‍ തനിക്ക് അത്ഭുതകരമായ കാഴ്ച കാണാനായെന്നും വഴിയോരത്തെ കൊച്ചു ഗ്രാമങ്ങളില്‍ പോലും ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ച് ആനന്ദനൃത്തം വയ്ക്കുന്നത് കാണാനായി എന്നും സ്വാമി പറഞ്ഞു.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അവര്‍ മധുര പലഹാരം വിതരണം ചെയ്തു. നമ്മുടെ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത കണ്ടില്ല, കാണില്ല. അയോദ്ധ്യയിലെ ജനങ്ങള്‍ മതഭേദമില്ലാത്ത ഭാവത്തിലാണ്. തങ്ങളുടെ പ്രദേശം സാംസ്കാരികമായും സാമ്പത്തികമായും ഉയരുന്നത് അവര്‍ അനുഭവിക്കുന്നു. ഇതിനെതിരായ പ്രചാരണം നടത്തുന്നവര്‍ അധിനിവേശ ചിന്തയും വികലമായ രാഷ്രീയബോധവും തമ്മില്‍ തിരിച്ചറിയാത്തവരാണ്. അന്ധമായ മതബോധം കാത്തു സൂക്ഷിക്കുന്നവരാണ്. കാലം മാറുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ ശക്തമാകുകയും മതരാഷ്ട്രീയ ശക്തികളുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് സമൂഹമനസ് നീങ്ങുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ആചാരലംഘനത്തിന് സര്‍ക്കാര്‍ തയാറായതിലുള്ള ജനവിരോധമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായത്. ഇന്ന് അത്തരം സാഹചര്യമില്ല. എന്നാല്‍ ഇത്തവണയും അയ്യപ്പഭക്തര്‍ കടുത്ത അത്യാചാരത്തിന് ഇരയായി. പലരും കരഞ്ഞു കൊണ്ടാണ് ഇത്തരം അനുഭവം പങ്കുവച്ചതെന്നും സ്വാമിജി പറഞ്ഞു. ദേവസ്വംമന്ത്രി ഭക്തരെ കപടഭക്തര്‍ എന്നാക്ഷേപിച്ചു. സര്‍ക്കാറിന്റെ പക്ഷപാതപരമായ നടപടിയാണ് ഇതിനു കാരണം. ഹിന്ദുക്കള്‍ ശക്തമായി പ്രതികരിക്കുക എന്നതാണ് പരിഹാര മാര്‍ഗം. അതിനൊപ്പം ദേശീയ തലത്തിലുള്ള ഉണര്‍വിനും രാജ്യത്തിന്റെ വികസന കുതിപ്പിനും ഒപ്പം നില്‍ക്കണം. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: