സംസ്ഥാനത്ത് ഏറ്റവും കൂടുതല് ചൂടനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ഒപ്പം വാളയാര് ചുരത്തില്നിന്നുള്ള കാറ്റും. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ചൂടുകൂടി ആയതോടെ പാലക്കാട് ലോക്സഭാ മണ്ഡലം ആവേശത്തിലായിക്കഴിഞ്ഞു. മൂന്ന് മുന്നണികളും പ്രചരണത്തിന്റെ രണ്ടാംഘട്ടത്തിലാണ്. ഏറ്റവും ആദ്യം പ്രചരണം ആരംഭിച്ചത് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കൂടിയായ എന്ഡിഎ സ്ഥാനാര്ത്ഥി സി. കൃഷ്ണകുമാര് തന്നെ. ഏഴ് നിയോജക മണ്ഡലങ്ങളിലായി മിക്കവാറും പഞ്ചായത്തുകളില് എത്തിക്കഴിഞ്ഞു. സിറ്റിങ് എംപി വി.കെ. ശ്രീകണ്ഠന് തന്നെയാണ് യുഡിഎഫ് സ്ഥാനാര്ഥി. 1999ല് പാലക്കാട് നിന്നും വിജയിക്കുകയും പിന്നീട് പരാജയപ്പെടുകയും ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഇടതുമുന്നണി സ്ഥാനാര്ത്ഥി. മൂന്നുമുന്നണികളും കരുത്തരെത്തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
കഴിഞ്ഞ തവണ ശ്രീകണ്ഠന് സ്വപ്നംപോലും കാണാത്ത വിജയമാണുണ്ടായത്. ഇടതുമുന്നണിയുടെ എം.ബി. രാജേഷ് വിജയം ഉറപ്പിച്ചതായിരുന്നു പാലക്കാട്ട്. വോട്ടെണ്ണല്വരെയും തികഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്, പട്ടാമ്പിക്കാരും മണ്ണാര്ക്കാട്ടുകാരും ശ്രീകണ്ഠനെ വിജയിപ്പിച്ചെന്നുതന്നെ പറയാം. പട്ടാമ്പിയില് 17,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നല്കിയതെങ്കില് മണ്ണാര്ക്കാട്ട് അത് 30,000 ആയി. അതിന്റെ കാരണം എന്തെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കുമറിയാം.
2014ല് ശോഭാ സുരേന്ദ്രന് 1,36,687 വോട്ട് നേടിയെങ്കില് 2019ല് സി. കൃഷ്ണകുമാര് 2,18,556 ആയി വര്ധിപ്പിച്ചു. മാത്രമല്ല, പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളില് രണ്ടാംസ്ഥാനത്തും എത്തി. ഇ.കെ. നായനാര്, എ.കെ. ഗോപാലന് എന്നിവരെ വിജയിപ്പിച്ച മണ്ഡലമാണ് പാലക്കാട്. ഒരു പാര്ട്ടിയോടും മുന്നണിയോടും പ്രത്യേക മമതയൊന്നുമില്ല. 1957ല് പാലക്കാട് പാര്ലമെന്റ് മണ്ഡലം നിലവില് വന്നശേഷം കോണ്ഗ്രസ് ആറുതവണയും ഇടതുമുന്നണി എട്ടുതവണയും വിജയികളായി. 1957ല് ദ്വയാംഗ മണ്ഡലമായിരുന്നപ്പോള് കോണ്ഗ്രസ് സ്ഥാനാര്ത്ഥി വെള്ള ഈച്ചരനും കമ്മ്യൂണിസ്റ്റ് പാര്ട്ടി സ്ഥാനാര്ഥി പി. കുഞ്ഞനും വിജയിച്ചിരുന്നു. 1999ല് എ. വിജയരാഘവന്, യുഡിഎഫിലെ വി.എസ്. വിജയരാഘവനെ കേവലം 1286 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാല് 1991ലെ തെരഞ്ഞെടുപ്പില് 15,761 വോട്ടിന് വിഎസ്, എ. വിജയരാഘവനെ തോല്പ്പിച്ചു. പിന്നീട് ആറുതവണ ഇടതുമുന്നണിയോടൊപ്പമായിരുന്നു പാലക്കാട്.
കേന്ദ്രസര്ക്കാര് പാലക്കാടിന് നല്കിയ വികസനത്തിന്റെ എണ്ണം പറഞ്ഞാണ് വോട്ടുചോദിക്കുന്നത്. റെയില്വെ സ്റ്റേഷനുകളുടെ നവീകരണവും ഐഐടി കൊണ്ടുവന്നതും ദേശീയപാത വികസനവും ഫുഡ്പാര്ക്കും ഫിലിം പാര്ക്കും അട്ടപ്പാടിക്കുള്ള 2400 കോടി രൂപയുടെ പാക്കേജുമെല്ലാം നിരത്തിയാണ് വോട്ടഭ്യര്ത്ഥന. പാലക്കാട്, മലമ്പുഴ, ഷൊര്ണൂര് മണ്ഡലങ്ങളില് ബിജെപി നിര്ണായക ശക്തിയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് പാലക്കാടും മലമ്പുഴയിലും രണ്ടാം സ്ഥാനത്തെത്തിയപ്പോള് ഷൊര്ണൂരില് 750 വോട്ടിന്റെ വ്യത്യാസമാണ് യുഡിഎഫും ബിജെപിയും തമ്മിലുള്ളത്. 52 അംഗ പാലക്കാട് നഗരസഭയില് ബിജെപിയാണ് ഭരിക്കുന്നത്. മണ്ഡലത്തില് ഉള്പ്പെടുന്ന ഷൊര്ണൂര് നഗരസഭയില് ഒമ്പതും ഒറ്റപ്പാലത്ത് ഒരു സ്വതന്ത്രനുള്പ്പെടെ ഒമ്പതുമാണുള്ളത്. പട്ടാമ്പി, ചെര്പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും പാര്ട്ടിക്ക് പ്രാതിനിധ്യമുണ്ട്. വിവിധ പഞ്ചായത്തുകളിലും ബിജെപി നിര്ണായക ശക്തിയാണ്. പാലക്കാട്ട് 50,220ഉം മലമ്പുഴയില് 50,200ഉം ഷൊര്ണൂരില് 36,973ഉം വോട്ടാണ് ബിജെപി നേടിയത്. പട്ടാമ്പി, ഷൊര്ണൂര്, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ഇതില് ഉള്പ്പെടുന്നത്. ഇവയില് മണ്ണാര്ക്കാടും പാലക്കാടും യുഡിഎഫിനാണെങ്കില് ബാക്കി അഞ്ചും എല്ഡിഎഫിനോടൊപ്പമാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷവും കൃഷ്ണകുമാര് മണ്ഡലത്തില് സജീവമായിരുന്നു. ഏതുപ്രശ്നങ്ങളില് ഇടപെടുന്നതിനും സമരങ്ങള് നയിക്കുന്നതിനും മുന്പന്തിയില്തന്നെ. ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കൃഷ്ണകുമാറിന്റേത്. അടുക്കും ചിട്ടയോടുംകൂടിയുള്ള പ്രവര്ത്തനത്തിനാണ് ബിജെപി രൂപം നല്കിയിട്ടുള്ളത്. തുടര്ച്ചയായി നാലുതവണ നഗരസഭാ കൗണ്സിലറും വൈസ് ചെയര്മാനുമായിരുന്ന കൃഷ്ണകുമാറാണ് പാലക്കാട് നഗരത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചത്. അമൃത് പദ്ധതിയില് ഉള്പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് നഗരത്തില് കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: