പാല്‍നാഡു: ആകാശ ഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥനെപ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയുടെ മണ്ണിലേക്ക് എത്തിയതെന്ന് ജനസേനാപാര്ട്ടി നേതാവും നടനുമായ പവന് കല്യാണ്‍.
പൂര്‍വികരുടെ മോക്ഷത്തിനാണ് ഭഗീരഥന് ഗംഗയെ ഭൂമിയിലേക്ക് ആവാഹിച്ചത്. രാജ്യത്തിനായി പൊരുതിമരിച്ചവരുടെ ഓര്‍മ്മകള്‍ പുനര്‍ജനിച്ചത് മോദിയുടെ വരവോടെയാണ്. തലമുറകളുടെ പോരാട്ടം സഫലമായത് മോദിയുടെ വരവോടെയാണ്. അഴിമതിയില്‍ തകര്‍ന്നടിഞ്ഞുപോയ ഭാരതജീവിതം തളിര്ത്തതും പുഷ്പിച്ചതും മോദിയുടെ വരവോടെയാണ്. മോദി പുണ്യഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥനാണ്, പവന് കല്യാണ്‍ പറഞ്ഞു. പാല്നാഡുവില് ചേര്‍ന്ന എന്‍ഡിഎ പ്രജാഗളം മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യത്തിന്റെ രക്ഷകനാണ്. അഴിമതിയും അരാജകത്വവും തുടച്ചുനീക്കി ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് മോദി എത്തിയതെന്ന് പവന് പറഞ്ഞു. 2014ല്‍ തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹത്തില്‍ എന്‍ഡിഎ വിജയം നേടി. 2024ല്‍ വിജയവാഡയിലെ കനകദുര്ഗാദേവിയുടെ അനുഗ്രഹത്തില്‍ നമ്മള് ആന്ധ്രാപ്രദേശിലും സര്‍ക്കാര്‍ രൂപീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. മോദി ഡിജിറ്റല്‍ പേയ്മെന്റ് നടപ്പാക്കി. കണക്കില്‍ സുതാര്യതയുണ്ടായി. ജഗന് മോഹന്‍ റെഡ്ഡിക്ക് അത് ഇഷ്ടപ്പെടുന്നില്ല. കണക്കില്‍ അഴിമതി കാണിക്കുന്നതാണ് അവര്‍ക്ക് ശീലം. മണ്ണ് വിറ്റും മദ്യം വിറ്റും അഴിമതികാട്ടുന്നവരാണ് അവര്‍, പവന് ആഞ്ഞടിച്ചു.
ആന്ധ്രപ്രദേശ് കഞ്ചാവിന്റെ തലസ്ഥാനമാക്കിയത് വൈഎസ്ആര്‍ കോണ്‍ഗ്രസാണ്. ലഹരിയുടെ കുത്തൊഴുക്കാണ് അവര്‍ സൃഷ്ടിച്ചത്, പവന് കല്യാണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: