Categories: Samskriti

ലളിതാസഹസ്രനാമ രഹസ്യം: ആത്മാവ് ദേവിയുമായി ഐക്യപ്പെടുമ്പോള്‍…

Published by

നുഷ്യ ശരീരത്തിലെ 96 തത്വങ്ങളിലാണ് ആറ് ആധാരങ്ങളെക്കുറിച്ച് പറയുന്നത്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം അനാഹതം, വിശുദ്ധി, ആജ്ഞാചക്രം ഇതാണ് ആറ് ആധാരങ്ങള്‍. കുണ്ഡലിനി യോഗവിദ്യ ഗുരുവില്‍ നിന്നുവേണം അഭ്യസിക്കുവാന്‍ അപ്പോഴാണ് അഷ്ട സിദ്ധികള്‍ കൈവരുന്നത്. അണിമ, ഗിരിമ, ലഘുമ, മഹിമ, ഈശത്വം, വശിത്വം, പ്രാപ്യം, പ്രകാശം എന്നിവയാണ് അഷ്ടസിദ്ധികള്‍. സാധാരണക്കാര്‍ക്ക് ഈ വിദ്യ അസാധ്യമാണ്. ആറ് പടികളായിട്ടാണ് പറഞ്ഞിട്ടുള്ളത്. ഈ പടികള്‍ക്ക് മുകളിലാണ് സഹസ്രദള പത്മം. ശിവപഞ്ചാക്ഷര കീര്‍ത്തനത്തിലെ വരികളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
നരനായിങ്ങനെ ജനിച്ചൂഭൂമിയില്‍…
…………………………………………………….
യളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍
ഇടയ്‌ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍
ശിവനെക്കാണാകും ശിവശംഭോ! –
(നമഃ ശിവായ മന്ത്രത്തിലെ വരികള്‍)

മൂലാധാരത്തില്‍ മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ ധ്യാനം കൊണ്ട് ഉണര്‍ത്തി ഷഡ്ചക്രങ്ങളേയും ഭേദിപ്പിച്ച് സഹസ്രാരത്തില്‍ എത്തിച്ച് ശിവശക്തി ഐക്യത്തില്‍ ഉത്ഭവിക്കുന്ന അമൃതധാര അനുഭവിച്ചുകൊണ്ട് ദേവീധ്യാനത്തില്‍ നിര്‍വൃതി നേടി ഇരിക്കുന്ന അവസ്ഥയാണ് അന്തര്‍യാഗം. പൂജാസാമഗ്രികളെ യഥാസ്ഥാനം വച്ച് ശാന്തിസ്തവം വരെയുള്ള പൂജാക്രമത്തെയാണ് ബഹിര്‍യാഗം എന്ന് പറയുന്നത്. ബഹിര്‍യാഗം തന്നെ വിസ്താരമായി നടത്തുന്നത് നവാരണ പൂജ. ബഹിര്‍യാഗം എട്ട് അഷ്ടകങ്ങളോടെ നിര്‍വ്വഹിച്ചാല്‍ മഹായാഗമായി. അവയില്‍ ആദ്യത്തെ 5 എണ്ണം ജാഗ്രതാവസ്ഥ, സ്വപ്‌നാവസ്ഥ, സുഷുപ്താവസ്ഥ, തുരീയാവസ്ഥ, തുരീയാതീത എന്നിവയാണ്. ആത്മാവും ദേവിയുമായി ഐക്യമാവുന്നു എന്നാണ് യോഗികളുടെ അനുഭവം.

രാമായണത്തില്‍ ശ്രീരാമന്‍ ലക്ഷ്മണനോട് പൂജാവിധികളെപ്പറ്റി പറയുന്നത് കൂടി ശ്രദ്ധിക്കാം. എന്റെ പൂജാവിധികള്‍ അവസാനമില്ലാത്തതാണ്. എങ്കിലും നിന്നോടുള്ള വാത്സല്യംനിമിത്തം ഒട്ടു ചുരുക്കി പറയാം. അവരവരുടെ ഗൃഹ്യസൂത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ശാസ്ത്ര വിധിയനുസരിച്ച് ഭൂമിയില്‍ ദ്വിജത്വമുണ്ടായാല്‍ ആചാര്യനില്‍ നിന്നു മന്ത്രോപദേശം സ്വീകരിച്ച് ആചാരമനുസരിച്ച് എന്നെ ആരാധിക്കുക. ഹൃദയകമലത്തിലോ, അഗ്നിഭഗവാനിലോ, പ്രതിമകളിലോ ആദിത്യനിലോ, ജലത്തിലോ, ചതുരാകൃതിയില്‍ നിരപ്പുവരുത്തി ശുദ്ധമാക്കിയ തറയിലോ എന്നെ പൂജിക്കാം. നല്ല സാളഗ്രാമമുണ്ടെങ്കില്‍ വളരെ ഉത്തമം. വേദങ്ങളിലും തന്ത്രശാസ്ത്രങ്ങളിലും വിധിച്ചിട്ടുള്ള പ്രകാരം ദേഹശുദ്ധിക്കു വേണ്ടി കളിമണ്ണും മറ്റും പൂശി കുളിക്കണം. മൂലമന്ത്രം ജപിച്ചു സന്ധ്യാവന്ദനം തുടങ്ങിയുള്ള നിത്യകര്‍മ്മങ്ങള്‍ ചെയ്യണം. പിന്നീട് കര്‍മ്മശുദ്ധിക്കുവേണ്ടി ആദിയേ സങ്കല്പം ചെയ്യണം. (ആചാര്യനെ മഹാവിഷ്ണു ആണെന്നു സങ്കല്പിച്ച് പൂജിക്കണം.) ശിലയോപ്രതിമയോ ഏതായാലും കുളിപ്പിക്കണം. (അഭിഷേകം ചെയ്യണം) പിന്നീട് തുടച്ചു വൃത്തിയാക്കി സുഗന്ധ പുഷ്പങ്ങള്‍ ചാര്‍ത്തി പൂജിക്കുന്നതവന് അഭീഷ്ടങ്ങളെല്ലാം സാധിക്കും.

പ്രധാന പ്രതിമകളില്‍ അലങ്കാരം ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. ഹവിസ്സുകൊണ്ട് അഗ്നിയില്‍ പൂജ ചെയ്യാം. ചതുരാകൃതിയില്‍ ഉള്ള തറയില്‍ ആദിത്യനെ ആരാധിക്കാം. പൂജാ ദ്രവ്യങ്ങളൊക്കെ നേരത്തെ ഒരുക്കി വച്ചിട്ടുവേണം പൂജ തുടങ്ങാന്‍ ശ്രദ്ധയോടു കൂടി വെറും വെള്ളമായാലും ഭക്തന്‍തരുന്നത് എനിക്ക് അതീവ പ്രിയങ്കരമാണ്. സുഗന്ധപുഷ്പം അക്ഷതം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഭക്തന്‍ ശ്രദ്ധയോടെ നല്‍കിയാല്‍ എനിക്ക് ഇഷ്ടമാകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വസ്ത്രം, തോല്‍, ദര്‍ഭ മുതലായവ വിരിച്ച് ശ്രേഷ്ഠമായ ഇരിപ്പിടണം തയാറാക്കണം. ദേവന്റെ മുന്നില്‍ ശാന്തനായി ഇരുന്ന് ലിപിന്യാസം നടത്തണം. പിന്നീട് തത്ത്വന്യാസവും വിഗ്രഹത്തില്‍ കേശവന്‍ തുടങ്ങിയുള്ള ദേവതാന്യാസവും മന്ത്രന്യാസവും ചെയ്യണം. വലതുഭാഗത്ത് പൂക്കളും മറ്റും വച്ച് ഇടതു ഭാഗത്ത് കലശം സ്ഥാപിക്കണം. അര്‍ഘ്യം, പാദ്യം, മധുപര്‍ക്കം, ആചമനീയം ഇവയ്‌ക്കായി നാലു പാത്രങ്ങള്‍ വയ്‌ക്കണം. മിന്നല്‍ പോലെ ഉജ്ജ്വലമായഎന്റെ ജീവകലയെ ഹൃദയകമലത്തില്‍ ഉറപ്പോടെ ധ്യാനിക്കണം, പിന്നീട് ആ കല ശരീരമാസകലം വ്യാപിച്ചിരിക്കുന്നതായി അചഞ്ചലമായി സങ്കലിപിക്കണം. പ്രതിമകളിലും മറ്റും എന്റെ കലയെ ആവാഹിപ്പിച്ചു ദേവസ്വരൂപമായി ധ്യാനിക്കണം. പാദ്യം, അര്‍ഘ്യം, മധുപര്‍ക്കം എന്നിവയും സ്‌നാനം (അഭിഷേകം) വസ്ത്രം, ആഭരണം തുടങ്ങിയവയും സമര്‍പ്പിക്കണം. ഇത്തരം ഉപചാരങ്ങള്‍ എത്രയായും എനിക്ക് ഇഷ്ടമാണ്. ദേവ വിദിപ്രകാരം നീരാജനം, ധൂപം, ദീപം, നൈവേദ്യം തുടങ്ങിയവ ഭക്തിയോടെ വിപുലമായരീതിയില്‍ നിത്യവും സമര്‍പ്പിച്ചാല്‍ ഞാനും ശ്രദ്ധയോടെ ഭുജിക്കുന്നതാണ്. അഗസ്ത്യന്‍ ഉപദേശിച്ച രീതിയിലുള്ള അഗ്നികുണ്ഡത്തില്‍ മൂലമന്ത്രം ജപിച്ചു ഹോമം നടത്താം. ഭക്തിപൂര്‍വ്വം പുരുഷസൂക്തം കൊണ്ടും ഹോമിക്കാം.

ഔപാസനാഗ്നിയില്‍ ചരു കൊണ്ടോ സോപാധികമായി ഹവിസ്സു കൊണ്ടോ ഹോമമാകാം. ചുട്ടുപഴുപ്പിച്ച സ്വര്‍ണ്ണം പോലെ ഉജ്ജ്വപ്രഭയുള്ളവനും ശോഭയേറിയ ആഭരണങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടവനുമായ എന്നെത്തന്നെ അഗ്നി മദ്യത്തില്‍ സ്ഥിതിചെയ്യുന്നവനായി ഹോമവേളയില്‍ പണ്ഡിതനായ ഭക്തന്‍ ധ്യാനിക്കണം. ഉപദേവതകള്‍ക്കു ബലിയര്‍പ്പിച്ച് മന്ത്രമറിയാവുന്നവര്‍ ഹോമം സമാപിപ്പിക്കണം. മൗനമായിരുന്ന് എന്നെ ധ്യാനിച്ച് മന്ത്രം ജപിച്ച് വായ്‌ക്കു സുഗന്ധമുണ്ടാക്കുന്ന വെറ്റിലയും മര്‌റും സമര്‍പ്പിച്ചിട്ട് എന്റെ മുന്നില്‍ വലിയ പ്രീതിയോടുകൂടി നൃത്തം, ഗീതം സ്‌തോത്രപാഠം മുതലായവയും നടത്തി കാല്ക്കല്‍ നമസ്‌കരിക്കുക.

എന്നെ മനസ്സില്‍ ഉറപ്പിച്ചു വിനയപൂര്‍വ്വം എന്റെ പ്രസാദത്തെ ശിരസ്സില്‍ ധരിച്ച് ആനന്ദത്തോടുകൂടി ഘോരസംസാരത്തില്‍ നിന്ന് എന്നെ രക്ഷിച്ചാലും എന്ന് വീണ്ടും വീണ്ടും പറഞ്ഞ് നമസ്‌കരിച്ചിട്ട് ജീവാത്മാവില്‍ ഉദ്വസിപ്പിക്കണം. സഖേ, ഈ വിധം നിത്യവും പൂജ ചെയ്തു കൊള്ളുക. ഭക്തനായ മനുഷ്യന്‍ പതിവായി ഈ ക്രിയായോഗം അനുഷ്ഠിച്ചാല്‍ ജീവിതാന്ത്യത്തില്‍ എന്നോട് സാരൂപ്യം പ്രാപിക്കും. ഐഹിക സുഖങ്ങള്‍ അനുഭവിക്കാറാകുമെന്ന് പിന്നെ പറയേണ്ടതില്ലല്ലോ.
(തുടരും)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by