അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍ രംഗത്ത്. സിപിഎം നേതൃത്വത്തിന് എതിരെ മനോജിന്റെ കുടുംബം ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സഹ വില്ലേജ് ഓഫീസര്‍മാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. 12 പേരാണ് കളക്ടര്‍ക്കുള്ള പരാതിയില്‍ ഒപ്പുവച്ചത്.
ആത്മഹത്യയില്‍ ബാഹ്യഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാന്‍ കഴിയാത്തവിധം എല്ലാ വില്ലേജുകളിലും ബാഹ്യ ഇടപെടലുകള്‍ കൂടിവരുന്നതായും വില്ലേജ് ഓഫീസര്‍മാര്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
ഈ മാസം 12നാണ് മനോജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനോജ് മരിക്കുന്നതിനു തൊട്ടു മുന്‍പ് ഒരു ഫോണ്‍ വന്നിരുന്നു. ഈ കോള്‍ വന്ന ഫോണ്‍ ഇപ്പോള്‍ വീട്ടില്‍ കാണുന്നില്ല. മനോജിന്റെ മരണത്തിന് പിന്നാലെ ഈ ഫോണ്‍ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ ഫോണ്‍ കോള്‍ ആരുടേതെന്നു പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നിരിക്കെ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായും ആരോപണമുണ്ട്.
പ്രദേശത്തെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതില്‍ മനോജ് കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നതായും ബന്ധുക്കള്‍ അന്നേ പരാതിപ്പെട്ടിരുന്നു. ബന്ധുക്കളുടെ പരാതിക്ക് സമാനമാണ് ഇപ്പോള്‍ മറ്റു വില്ലേജ് ഓഫീസര്‍മാര്‍ നല്കിയിരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: