ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
ആന്ധ്രാപ്രദേശ്
175 സീറ്റുകളുള്ള ആന്ധ്ര നിയസസഭയുടെ കാലാവധി ജൂണ്‍ 11ന് കഴിയും. മെയ് 13നാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ്. വൈ.എസ്. ജഗ്മോഹന് റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ എസ്ആര്‍ കോണ്‍ഗ്രസാണ് ആന്ധ്ര ഭരിക്കുന്നത്. 151 സീറ്റുകളാണ് (49.5 ശതമാനം വോട്ടും)അവര്‍ക്കുള്ളത്. പ്രതിപക്ഷത്ത് ടിഡിപി. 23 സീറ്റ്(39.5 ശതമാനം വോട്ട്). എന്‍ഡിഎ ഘടകക്ഷിയായ പവന് കല്യാണിന്റെ ജനസേവാ പാര്‍ട്ടിക്ക് ഒരു സീറ്റാണുള്ളത്.
ആന്ധ്രയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് രാഷ്ട്രീയ അന്തരീക്ഷം ഇക്കുറി വ്യത്യസ്തമാണ്. കഴിഞ്ഞ തവണ ടിഡിപിയും ജനസേവാ പാര്‍ട്ടിയും സഖ്യത്തിലായിരുന്നു. ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇക്കുറി ബിജെപിയും ടിഡിപിയും ജനസേവാ പാര്‍ട്ടിയും ചേര്‍ന്ന് എന്‍ഡിഎ ആയാണ് മത്സരിക്കുന്നത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ട്. ആകെയുള്ള 25 ലോക്സഭാ സീറ്റുകളില്‍ 18 എണ്ണം എന്‍ഡിഎയും ഏഴെണ്ണം വൈഎസ്ആര്‍ കോണ്‍ഗ്രസും നേടുമെന്നാണ് ന്യൂസ് 18 സര്‍വേയില്‍ പറയുന്നത്. ടിഡിപി 13 സീറ്റും ബിജെപി നാലു സീറ്റും ജനസേവ ഒന്നും. ഇന്‍ഡി മുന്നണിക്ക് ഒന്നും ലഭിക്കില്ലെന്നും സര്‍വേയില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവും പൂര്‍ത്തിയാക്കി. 144 സീറ്റുകളില്‍ ടിഡിപിയും പത്തു സീറ്റില്‍ ബിജെപിയും ജനസേവ 21 സീറ്റുകളിലും. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 175 മണ്ഡലങ്ങളിലും മത്സരിക്കുന്നു. ഒരിക്കല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിച്ചിരുന്ന സംസ്ഥാനത്ത് ഇന്ന് അവരുടെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 1.17 ശതമാനം വോട്ടുമാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ആകെ പോള്‍ ചെയ്ത 3.13 കോടി വോട്ടില്‍ അവര്‍ക്ക് ലഭിച്ചത് വെറും 3,68878 വോട്ട്. നോട്ടയ്ക്ക് 1.28 ശതമാനം വോട്ടുണ്ടായിരുന്നു. 2014ല്‍ അവര്‍ക്ക് 2.77 ശതമാനം വോട്ട് ലഭിച്ചിരുന്നു.
ഒഡീഷ
നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍( ബിജെഡി) ആണ് വര്‍ഷങ്ങളായി ഒഡീഷ ഭരിക്കുന്നത്. മുഖ്യപ്രതിപക്ഷമായി ഇവിടെ ബിജെപി വളര്‍ന്നു കഴിഞ്ഞു. 147 അംഗ നിയമസഭയില്‍ ബിജെഡിക്ക് 113 സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് 23 സീറ്റുകളും. കോണ്‍ഗ്രസിന് 9. സിപിഎമ്മിന് ഒന്ന്. ഒരു സ്വതന്ത്രന്. ദീര്‍ഘകാലം കോണ്‍ഗ്രസ് ഭരിച്ച ഒഡീഷയില്‍ 2000 ലാണ് ബിജെഡി അധികാരത്തില്‍ വന്നത്. പിന്നെ ഇതുവരെ മറ്റാര്‍ക്കും അവര്‍ അധികാരം വിട്ടു നല്‍കിയിട്ടില്ല. ഒരിക്കല്‍ 118 സീറ്റ് നേടി ഭരിച്ചിരുന്ന കോണ്‍ഗ്രസ് തളര്‍ന്ന് ഒന്‍പതു സീറ്റിലേക്ക് എത്തി. ഇക്കുറിയും ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ബിജെഡി. എന്‍ഡിഎയില്‍ ഇല്ലെങ്കിലും എന്നും കേന്ദ്രത്തിലെ ബിജെപി
സര്‍ക്കാരിനൊപ്പമായിരുന്നു ബിജെഡി. വിവാദ വിഷയങ്ങളില്‍ രാജ്യതാല്പര്യം മുന്‍നിറുത്തിയുള്ള നിലപാടുകളാണ് അവര്‍ കേന്ദ്രത്തില്‍ കൈക്കൊണ്ടിരുന്നത്.
ഇക്കുറി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പകള്‍ ഒരുമിച്ചാണ്. ബിജെഡിയും ബിജെപിയും ഇന്‍ഡി മുന്നണിയുമുണ്ട് ചിത്രത്തില്‍. 21 ലോക്സഭാ സീറ്റുകളില്‍ ബിജെപി
12 എണ്ണവും ബിജെഡി 9 എണ്ണവും നേടുമെന്നാണ് ന്യൂസ് 18 സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡി മുന്നണിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു. 2019ല്‍ ബിജെഡിക്ക് 12 സീറ്റും ബിജെപിക്ക് എട്ടും കോണ്‍ഗ്രസിന് ഒന്നുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെഡിക്ക് സീറ്റുകള്‍ കുറയുമെങ്കിലും അധികാരം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരുണാചല്‍ പ്രദേശ്
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാനമായ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. ബിജെപിയാണ് നിലവില്‍ അരുണാചല്‍ പ്രദേശ് ഭരിക്കുന്നത്. പേമ ഖണ്ഡുവാണ് മുഖ്യമന്ത്രി. 60 അംഗ നിയമസഭയില്‍ 41 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ജെഡിയു ഏഴ്, എന്‍പിപി അഞ്ച്, കോണ്‍ഗ്രസ് നാല്, പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 60 പേരുടെ പട്ടിക ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡു മുക്തോ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുക്തോയിലെ നിലവിലെ എംഎല്‍എകൂടിയാണ് പേമ ഖണ്ഡു. സംസ്ഥാന അധ്യക്ഷന്‍ ബിയൂറാം വാഗേ പാക്കെ കെസാങ് മണ്ഡലത്തില്‍നിന്ന് ജനവധി തേടും.
രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേര് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ എംപിമാരായ കിരണ്‍ റിജിജുവും തപീര്‍ ഗവോയും ഇത്തവണയും അരുണാചല്‍ വെസ്റ്റില്‍ നിന്നും അരുണാചല്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: