കോട്ടയം: കേരളത്തിന്റെ തീരപരിപാലന പ്ലാനിന്റെ കരട് നാഷനല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മാനേജ്മെന്റിലെ (എന്‍.സി.എസ്.സി.എം) സാങ്കേതിക സമിതിക്കു മുന്പില് അനുമതിക്കായി സമര്‍പ്പിച്ചു. ഇവര്‍ നിര്‍ദേശിക്കുന്ന ഭേദഗതി കൂടി കരടു പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നാഷനല്‍ സെന്ററിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതിക്ക് സമര്‍പ്പിക്കണം. ഈ പ്ലാന്‍ അനുസരിച്ചു വേണം ഭാവിയില്‍ സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലെ 245 പഞ്ചായത്തുകള്‍, 36 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പറേഷനുകള്‍ എന്നിവയിലെ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍. 2019 ജനുവരിയില്‍ കേന്ദ്രം ഇറക്കിയ തീരനിയന്ത്രണ മേഖല വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷം എടുത്താണ് പ്ലാന്‍ തയാറാക്കിയത്.
2019ലെ വിജ്ഞാപനത്തില്‍ തീരനിയന്ത്രണ മേഖല 1എ, 1 ബി, 2, 3 എ, 3 ബി എന്നിങ്ങനെയാണു തരം തിരിച്ചിരിക്കുന്നത്. നഗരസഭകള്‍ തീരനിയന്ത്രണ മേഖല 2ലും പഞ്ചായത്തുകള്‍ 3 എ, 3 ബി എന്നിവയിലും ഉള്‍പ്പെടുന്നു. നഗരസ്വഭാവമുള്ള 66 ഗ്രാമപ്പഞ്ചായത്തുകളെ കൂടുതല്‍ ഇളവുകളുള്ള തീരനിയന്ത്രണ മേഖല രണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: