പട്ടിണിപ്പാവങ്ങള്‍ക്കാശ്വാസമേകുന്ന
പച്ചപുതച്ചോരു പുണ്യദേശം!
കാടും, മലകളും തോടും, പുഴകളും
കാഴ്ചയ്‌ക്കു കൗതുകമെന്റെ ദേശം!
അമ്പലപൂരവും പള്ളിപ്പെരുന്നാളും
ആളുകള്‍ കൂടിടുമുത്സവങ്ങള്‍!
ആനയും തെയ്യവും, താളമേളങ്ങളും
ആര്‍പ്പുവിളികളുമുള്ള ദേശം!
അന്തിയ്‌ക്കതാദിത്യ ശോഭനുകരുവാന്‍
ആഴിതന്‍ തീരവും വേണ്ടുവോളം!
ആഴിപ്പരപ്പും ആ ആകാശ കാഴ്ചയും
ആരിലും വിസ്മയം തീര്‍ത്തിടുന്നു!
തെച്ചിയും, പിച്ചിയും, മുല്ലയും മുറ്റത്തു
തത്തിക്കളിക്കുന്നു വീടുകളില്‍!
മാങ്ങയും, ചക്കയും, പേരയും കായ്‌ക്കുന്ന
മായാവിളനിലമെന്റെ ദേശം!
കാളനും, ഓലനും, കിച്ചടി, പച്ചടി
കേരളസ്സദ്യയ്‌ക്ക് മാറ്റ് കൂട്ടും!
തൂശനിലതന്നില്‍ തുമ്പപ്പൂച്ചോറിടും
പപ്പടം, പായസം സദ്യ കേമം!
കഥകളി,കൂത്തുമാതുള്ളലുമെല്ലാമേ
കേരള മക്കള്‍തന്‍ വൈഭവങ്ങള്‍
കായിക രംഗത്തും, വിജ്ഞാന രംഗത്തും
കേരളം പിന്നിലല്ലോര്‍ക്ക വേണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: