കോട്ടയം: അടുത്ത വര്‍ഷം ഏപ്രിലിനുശേഷം വാങ്ങുന്ന വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍ട്ട് ഇടേണ്ടി വരും. നിയമപരമായി അത് നിര്‍ബന്ധമാക്കിയില്ലെങ്കിലും നിങ്ങളുടെ വാഹനം അലാറം മുഴക്കി സ്വസ്ഥത കെടുത്തും. കാരണം 2025 ഏപ്രില്‍ മുതല്‍ വിപണിയിലിറങ്ങുന്ന വാഹനങ്ങളില്‍ പിന്‍ സീറ്റ് ബെല്‍ട്ട് അലാറം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. മുന്‍പ് ഇറക്കിയ കരടു വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് തിയതി വച്ച് പുതുക്കി ഇറക്കിയത്.
നിലവില്‍ മുന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ് ബെല്‍ട്ടിട്ടില്ലെങ്കിലേ വാഹനത്തിലെ അലാറം മുഴങ്ങൂ. 25 ഏപ്രില്‍ 1 ന് ശേഷം ഇറങ്ങുന്ന വാഹനങ്ങളില്‍ അലാറം സെറ്റു ചെയ്യേണ്ടത് വാഹന നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്വമാണ്. അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ വാഹനങ്ങളില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍ട്ടിട്ടില്ലെങ്കില്‍ മാത്രമായിരുന്നു അലാറം മുഴങ്ങിയിക്കുന്നത്. പിന്നീട് ഇറങ്ങിയവയില്‍ മുന്നിലെ രണ്ടു പേരും ബെല്‍ട്ട് ഇട്ടില്ലെങ്കിലും അലാറം അടിക്കും. ഇതാണ് ഇപ്പോള്‍ പിന്‍ സീറ്റിലും നിര്‍ബന്ധമാക്കുന്നത്.
സീറ്റ് ബെല്‍ട്ട് സംബന്ധിച്ച് പല ഉത്തരവുകളും നിലവിലുണ്ട്. മുന്നിലും പിന്നിലും ഇരിക്കുന്ന എല്ലാ യാത്രക്കാരും സുരക്ഷയെക്കരുതി സീറ്റ് ബെല്‍ട്ട് ഇടണമെന്നാണ് ചട്ടം . എന്നാല്‍ പല കാരണങ്ങളാല്‍ അതില്‍ പലപ്പൊഴും ഇളവുനല്‍കിയിട്ടുണ്ട്. നിലവില്‍ നിരത്തുകളില്‍ എ.ഐ കാമറകള്‍ വന്നതോടെ മുന്‍സീറ്റിലുള്ള രണ്ടു പേരും സീറ്റ് ബെല്‍ട്ട് ഇട്ടില്ലെങ്കില്‍ പിഴയടക്കേണ്ടിവരും. പല വാഹനങ്ങള്‍ക്കും മുന്‍സീറ്റുകളില്‍ മാത്രമേ എയര്‍ ബാഗ് സംവിധാനമുള്ളൂ. ഇത് സീറ്റ് ബെല്‍ട്ടുമായി ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം മുന്നില്‍ പോലും സീറ്റ് ബെല്‍ട്ട് ഇല്ലാത്ത വാഹനങ്ങളും നിരത്തില്‍ ഓടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: