Categories: Kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു; തകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങും: ഭക്ഷ്യമന്ത്രി

Published by

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു. ശനിയാഴ്ച മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാൽ എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇ-പോസ് സെര്‍വര്‍ തകരാറിലാകുകയായിരുന്നു. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വറിലെ തകരാറുകള്‍ കാരണം മടങ്ങിപ്പോവുകയായിരുന്നു.

നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയത്. പ്രായമായവരും വൃദ്ധരും ഉൾപ്പെടെ നിരവധി പേരാണ് രാവിലെ മുതൽ റേഷൻ കടകളിൽ കാത്തു കെട്ടി നിൽക്കുന്നത്. ഒരേ സമയം സംസ്ഥാനം മുഴുവൻ മസ്റ്റെറിങ് നടത്താൻ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും ഇ-പോസ് മെഷീന്റെ ഇപ്പോഴത്തെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.

അതിനിടെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്‌ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണ്. ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക