മാരക രോഗങ്ങളിൽ നിന്നും പ്രതിരോധം നേടുന്നതിനായി ഇന്ന് വാക്സിനുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. മുമ്പ് പോളിയോ, വസൂരി എന്നീ രോഗങ്ങളിൽ നിന്നുൾപ്പെടെ രാജ്യത്തെ ജനതയെ രക്ഷിക്കുന്നതിൽ വാക്സിനുകൾ പ്രധാന പങ്കുവഹിച്ചിരുന്നു. കൊറോണ മഹാമാരിയെ ഉൾപ്പെടെ തുരത്താൻ വാക്സിനുകൾക്ക് സാധിച്ചുവെന്നത് അടുത്തിടെ നാം നേരിൽ കണ്ടതാണ്. ആരോഗ്യമുള്ള തലമുറയെ നിലനിർത്തുന്നതിനും വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
വാക്സിനേഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുക്കുന്നതിനാണ് എല്ലാ വർഷവും മാർച്ച് 16 ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിയ്‌ക്കുന്നതിലും നല്ലത് വരാതെ തടയുകയാണെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനത്തിലൂടെ പങ്കുവയ്‌ക്കുന്നത്. 1995-ൽ പോളിയോമെലിറ്റസ് വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുന്ന സമയമായിരുന്നു. പ്രതിവർഷം അരലക്ഷത്തോളം കുട്ടികളെ ബാധിച്ച പോളിയോയ്‌ക്കെതിരെ 1995 മാർച്ച് 16-നാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്.
പിന്നീട് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനായി എല്ലാ വർഷവും ആ ദിവസം ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കാൻ തുടങ്ങി. പകർച്ച വ്യാധികൾക്കും മാരക രോഗങ്ങൾക്കും എതിരെ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സർക്കാരും മറ്റ് സംഘടനകളും വാക്സിനേഷൻ ഡ്രൈവുകൾ നടത്തുന്നുണ്ട്. കുട്ടികളിലും മുതിർന്നവരിലും വാക്സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: