ശ്രീരാമകൃഷ്ണന്റെ സര്‍വധര്‍മ്മസമന്വയം, അഹൈതുകീഭക്തി, ശിഷ്യരോടുള്ള അപാര കാരുണ്യം, കരുതല്‍, വാത്സല്യം, ശിക്ഷണം എല്ലാം വചനാമൃതത്തിലെ തിരുമുഖ വാണികളിലൂടെ പ്രത്യക്ഷമാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട അനേകം വിജ്ഞാന മൊഴിമുത്തുകളില്‍ കുറച്ചുമാത്രം ചേര്‍ക്കുന്നു:
പാലില്‍ വെണ്ണ ഉണ്ട് എന്ന് വെറുതെ പറഞ്ഞതു കൊണ്ടായില്ല പാല് ഉറ ഒഴിച്ച് തൈരാക്കി കടഞ്ഞ് വെണ്ണ എടുക്കണം. ഏകാന്തത്തില്‍ സാധന ചെയ്ത് ആദ്യം ജ്ഞാനഭക്തിരൂപമായ വെണ്ണ സമ്പാദിക്കണം. ആ വെണ്ണ സംസാരജലത്തിലിട്ടാലും കിടന്നാലും കൂടിക്കലരുകയില്ല. പൊങ്ങിക്കിടക്കും.
നടക്കാവുകളിലെ മരങ്ങള്‍ കണ്ടിട്ടില്ലേ, തൈയായിരിക്കുമ്പോള് ചുറ്റിനും വേലി കെട്ടണം. അല്ലാത്തപക്ഷം ആടുമാടുകള്‍ തിന്നു കളയും. തടി വളര്‍ന്നാല്‍ പിന്നെ വേലി വേണ്ടതില്ല, അപ്പോള്‍ ആനയെ തളച്ചാലും മരം ഒടിയുകയില്ല. സാധനയുടെ തുടക്കത്തില്‍ ഏകാന്തത്തില്‍ താമസിക്കുന്നത് വളരെ ആവശ്യമാണ്.
കൈയില്‍ എണ്ണ പുരട്ടിയിട്ട് ചക്ക മുറിക്കണം. എന്നാല്‍ മുളഞ്ഞു കൈയില്‍ ഒട്ടുകയില്ല. ആദ്യം ഈശ്വരഭക്തിയാകുന്ന എണ്ണ കൈയില്‍ പുരട്ടിയിട്ടു വേണം ലോകകാര്യങ്ങളില്‍ ഏര്‍പ്പെടാന്‍.
ഉത്സാഹത്തോടെ വലിയ ആളുകളുടെ വീട്ടില്‍ വേലക്കാരി എല്ലാ പണികളും ചെയ്യുന്നു. എന്നാല്‍ മനസ്സങ്ങ് നാട്ടിന്പുറത്തായിരിക്കും. അതുപോലെ ലോകത്തിലെ കാര്യങ്ങളൊക്കെ ചെയ്യണം. എന്നാല്‍ മനസ്സ് ഈശ്വരനില്‍ നിര്‍ത്തണം.
ഉപ്പുപാവ കടലിന്റെ ആഴം അളക്കാന്‍ പോയിട്ട് കടലുമായി ഒന്നായിത്തീര്‍ന്നു. ബ്രഹ്മാനുഭവം ലഭിച്ച ആള് ബ്രഹ്മവുമായി ചേര്‍ന്നു കഴിയുമ്പോള്‍ പിന്നെ ആ അനുഭവം പറയാന്‍ തിരിച്ചു വരില്ല.
മനസ്സ് മണ്ണുപുരണ്ട ഇരുമ്പു സൂചി പോലെയാണ്. ഈശ്വരന് കാന്തവും. മണ്ണ് പോയില്ലെങ്കില്‍ കാന്തവുമായി ചേരില്ല. മണ്ണ് കഴുകി കളഞ്ഞാല്‍ കാന്തം സൂചിയെ ആകര്‍ഷിക്കുന്നു. അതായത് ഈശ്വരദര്‍ശനം ഉണ്ടാകുന്നു. ചിത്തശുദ്ധി വന്നാല്‍ അദ്ദേഹത്തെ കാണാം.
ധര്‍മ്മത്തിന്റെ ഗതി സൂക്ഷ്മമാണ്. അല്പമെങ്കിലും കാമന ബാക്കിയുണ്ടെങ്കില്‍ ഭഗവാനെ പ്രാപിക്കാനാവില്ല. ഒരു നേരിയ നാര് എഴുന്നു നിന്നാല്‍ നൂല് സൂചിക്കുഴിയില്‍ കൂടി കടക്കുകയില്ല.
ദാര്‍ഢ്യം ഉണ്ടായാല്‍ സാകാരവാദികളും നിരാകാരവാദികളും ഈശ്വരനെ പ്രാപിക്കും. ശര്‍ക്കര ചേര്‍ത്ത അട കുറുകെ കടിച്ചാലും നെടുകെ കടിച്ചാലും മധുരിക്കും.
മൂന്ന് ആകര്ഷണങ്ങള് ഒരുമിച്ചു ചേര്‍ന്നാല്‍ ഈശ്വരനെ കാണാന്‍ കഴിയും; വിഷയിക്ക് വിഷയങ്ങളോടുള്ള ആസക്തി; സതിക്ക് പതിയോടുള്ള പ്രേമം; മാതാവിന് സന്താനങ്ങളോടുള്ള വാത്സല്യം, ഈ മൂന്നു സ്നേഹവായ്പുകളും ഒന്നിച്ചു ചേര്‍ത്ത് ഭഗവാന്റെ നേരെ തിരിക്കാമെങ്കില്‍ തല്‍ക്ഷണം സാക്ഷാത്ക്കാരമുണ്ടാകും.
ഇതെല്ലാം ജ്ഞാനപ്രദവും അതേസമയം രസകരവും ആയ കഥകളിലും സംഭാഷണങ്ങളിലും കിട്ടുന്ന അനേകം മുത്തുകളില്‍ ചുരുക്കം മാത്രം. ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം ഒന്നാം അദ്ധ്യായത്തിലെ 19-ാം ശ്ലോകത്തില്‍ പറയുന്നതുപോലെ- ‘സ്വാദു സ്വാദു പദേ പദേ’- വീണ്ടും വീണ്ടും വായിക്കുന്തോറും അറിവും ആനന്ദവും വര്‍ദ്ധിക്കുന്നു. ഈ പുണ്യഗ്രന്ഥത്തില്‍ ശ്രീരാമകൃഷ്ണദേവനും ശിഷ്യരും പാടിയ ധാരാളം മനോഹരങ്ങളായ ഗാനങ്ങളും കവിതകളും ഉണ്ട് എന്നതും ഒരു സവിശേഷതയാണ്. കലിയുഗവരദനായ അവതാരവരിഷ്ഠന്റെ പാദപത്മങ്ങളില്‍ നമസ്ക്കരിക്കുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: