കാഞ്ഞാണി: ജീവിതത്തിലെ പ്രതിസന്ധികളെ ആത്മബലം കൊണ്ട് തരണം ചെയ്ത് കായിക മേഖലയില്‍ സജീവമാവുകയാണ് എറവ് സ്വദേശിനി ഷൈനി. മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയായ ഷൈനി ഷോട്ട് പുട്ടിലും ജാവലിന്‍ ത്രോയിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്വര്‍ണവും വെള്ളിയും നേടി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് 47 കാരിയായ ഷൈനി.
ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ ഷൈനി എറവ് കപ്പല്‍പള്ളിക്കു സമീപത്തുള്ള കാഞ്ഞിരത്തിങ്കല്‍ ബെനഡിക്ടിനെ വിവാഹം കഴിച്ചതോടെയാണ് തൃശൂരിലെത്തുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. 17 വര്‍ഷം മുന്‍പ് ബെനഡിക്ട് മരിച്ചതോടെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഷൈനിയും മക്കളും ഏറെ ബുദ്ധിമുട്ടി. പലരുടെയും സഹായം കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നതിനിടെ ആശ്വാസമായി മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി കിട്ടി. സെക്യൂരിറ്റി ജീവനക്കാരിയായി ദിവസവേതന അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്.
ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ അടുത്തുള്ള കാറ്ററിങ് സംഘത്തോടൊപ്പം പാചക തൊഴിലാളിയായും ഷൈനി ഉണ്ടാകും. വീട്ടില്‍ ബാക്കി സമയം ചമ്മന്തി പൊടിയും, മീന്‍ അച്ചാറും ഉണ്ടാക്കി വില്‍പ്പനയും തുടങ്ങി. പോത്തുകളെ വളര്‍ത്തിയിരുന്നെങ്കിലും കൊറോണ വന്നതോടെ അത് നിര്‍ത്തി. ജോലി ചെയ്ത് വരുമാനമുണ്ടാക്കി ആറ് സെന്റ് സ്ഥലവും വീടും ഷൈനി സ്വന്തമാക്കി.
ഇതിനിടക്കാണ് ഷൈനിക്ക് കായിക താരമാകണമെന്ന മോഹം വീണ്ടും ഉദിച്ചത്. ചെറുപ്പത്തില്‍ നടക്കാതെ പോയ മോഹം ഷൈനി തന്റെ കൈവലയത്തിലാക്കി. ലോങ്ങ് ജംപിലും, ഷോട്ട് പുട്ടിലും പരിശീലനം നേടി. തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ രാജന് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ദേശീയ തലത്തിലടക്കം നാല് മത്സരങ്ങളില്‍ ഷൈനി ഇതുവരെ പങ്കെടുത്തു. നാഷണല്‍ വെറ്ററന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട് പുട്ടില്‍ അണ്ടര്‍ ഫിഫ്റ്റി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനവും, ലോങ്ങ് ജമ്പില്‍ മൂന്നാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: