തൃശൂര്‍: ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ അടക്കമുള്ള വ്യവസായ സൗഹൃദ സംസ്കാരം രൂപപ്പെടുത്തിയെടുത്താല്‍ മാത്രമേ കേരളത്തിന് കാലത്തിനൊപ്പം സഞ്ചരിക്കാനാവൂവെന്ന് സുരേഷ് ഗോപി. വികസന വഴിയില്‍ കേരളം ഇപ്പോള്‍ ഏറെ പുറകോട്ടു പോകാന്‍ കാരണം വേറെ ചികയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒല്ലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും, ചെറുകിട- വന്‍കിട വ്യവസായങ്ങളും സന്ദര്‍ശിക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച റോഡുകളും വൈദ്യുതിയും സര്‍ക്കാര്‍ നയങ്ങളും വ്യവസായങ്ങളുടെ വികസനത്തില്‍ പ്രധാനമാണ്. മലയാണ്മയുടെ മനുഷ്യവിഭവ ശേഷി പണ്ടേ മാറ്റ് തെളിയിച്ചതാണ്. എന്നിട്ടും ഇവിടെ വ്യവസായങ്ങള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന സ്ഥിതി വേദനാജനകമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി ഗ്യാരന്റി നല്കുന്ന കേരളത്തില്‍ സ്ഥിതികള്‍ കൂടുതല്‍ മികച്ചതായിരിക്കും. അതിന് ഏവരുടെയും സഹകരണം വേണം. യുവാക്കള്‍ സംരംഭകരാകുന്നതിലൂടെ മാത്രമേ രാജ്യം വളരൂ. അതിനായി ഒരുപാട് പദ്ധതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഒല്ലൂര്‍ ഫൊറോന പള്ളി, വൈദ്യരത്നം, കല്യാണ്‍ സില്‍ക്സ്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങി ഒല്ലൂരിലെ വ്യവസായ കേന്ദ്രങ്ങളും ആശുപത്രികളും സന്ദര്‍ശിച്ചു.
എടക്കുന്നി ക്ഷേത്രത്തിന്റെ പുതുതായി പണികഴിച്ച ഗോപുരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടാളക്കുന്ന് കോളനി, തോട്ടപ്പടി ജാറം, മുരിയാംകുന്ന് കോളനി, തൃശൂര്‍ സ്പോര്‍ട്സ് ക്ലബ്, മുളയം സെമിനാരി എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിനാളുകള്‍ സുരേഷ് ഗോപിയെ വരവേറ്റു. നടത്തറയിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് ഒല്ലൂരില്‍ റോഡ്ഷോയും നടന്നു. ബിജെപി നേതാക്കളായ അഡ്വ. കെ.ആര്. ഹരി, റോഷന്, രഘുനാഥ് .സി. മേനോന്, മണ്ഡലം പ്രസിഡന്റ് ലിനി ബിജു, ജന. സെക്രട്ടറിമാരായ ജെയിന്, സുശാന്ത്, ഡിവിജ്, അശ്വിന് വാര്യര്‍, എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: