പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ടയിലെത്തുന്ന പ്രധാനസേവകനെ സ്വീകരിക്കാനൊരുങ്ങി ബിജെപി പ്രവർത്തകരും നാടും. സന്ദർശനത്തിനോടനുബന്ധിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഇന്ന് രാവിലെ 10.30-ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. വാദ്യഘോഷങ്ങളും കാവടി ഉൾപ്പെടെയുള്ള തനത് കലാരൂപങ്ങളും വരവേൽപ്പിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
11 മണിയോടെ റോഡ് മാർഗം പൊതുസമ്മേളനം നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിലേക്ക് പ്രധാനമന്ത്രി എത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ് എന്നിവരാകും പ്രധാനമന്ത്രിയെ സ്വീകരിക്കുക.
വൻ സുരക്ഷാ സംവിധാനമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയായി. ഡ്രോണുകൾ, വിദൂര നിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, ഏറോമോഡലുകൾ, പാരാഗ്ളൈഡറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട് എയർ ബലൂണുകൾ, പട്ടങ്ങൾ എന്നിവ പറത്തുന്നതിൽ പോലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: