സച്ചിദാനന്ദ സ്വാമി
പ്രസിഡന്റ്, ശിവഗിരി മഠം
ശ്രീനാരായണഗുരുദേവന്‍ ജനസമൂഹത്തിനു നല്കിയ സന്ദേശങ്ങളില്‍ പ്രചുരപ്രചാരം നേടിയ ഒന്നാണ് ‘സമൂഹത്തില്‍ നിന്നും ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് പഠിപ്പിച്ച് അതില്‍ വാസനയും യോഗ്യതയും ഉള്ളവര്‍ക്ക് സന്യാസം നല്കി പരോപകാരാര്‍ത്ഥം പ്രവര്‍ത്തിക്കുവാന്‍ വിട്ടയക്കുക’ എന്നത്. ഗുരുദേവന്റെ ഈ ദിവ്യോപദേശ പ്രകാരമാണ് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘമെന്ന സംന്യാസി ശിഷ്യപരമ്പര നിലനില്‍ക്കുന്നത് . ആ ശിഷ്യപരമ്പരയിലെ ഒരു അനര്‍ഘ കണ്ണിയാണ് മഹേശ്വരാനന്ദ സ്വാമിയുടെ കഴിഞ്ഞ ദിവസ സമാധിയിലൂടെ അറ്റുപോയത്. ബ്രഹ്മലീനനായ മഹേശ്വരാനന്ദ സ്വാമികള്‍ ശ്രീനാരായണ പ്രസ്ഥാനത്തിനും ശിവഗിരി മഠത്തിനും മഹത്തായ സേവനങ്ങള്‍ ചെയ്തു അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിച്ച മഹത്വ്യക്തിയാണ്.
സ്വാമികള്‍ നന്നേ ചെറുപ്പത്തില്‍ 16-ാം വയസ്സില്‍ ശിവഗിരി മഠത്തില്‍ അന്തേവാസിയായി ചേര്‍ന്നു. അരുവിപ്പുറത്തിനടുത്ത് നെയ്യാറ്റിന്‍കര അരുമാനൂരാണ് മൂലകുടുംബം. അവിടെ പുളിനിന്നതില്‍ വീട്ടില്‍ ഭാനുവൈദ്യന്റേയും ചെല്ലമ്മയുടെയും മകനായി 1941ലായിരുന്നു ജനനം. ഇവര്‍ക്കുണ്ടായിരുന്ന ആറു മക്കളില്‍ നാലാമത്തെ മകനായിരുന്നു സാംബശിവന്. ഗുരുദേവന്റേയും ശിഷ്യന്മാരുടെയും ദിവ്യസാന്നിധ്യം പലകുറി നേടുവാന്‍ ഭാഗ്യംസിദ്ധിച്ചതായിരുന്നു ആ കുടുംബം. അച്ഛന് ഭാനുവൈദ്യര്ക്കും അച്ഛന്റെ അച്ഛനും ഗുരുദേവന് ആയുര്‍വേദ സംബന്ധമായ ഉപദേശങ്ങള്‍ നല്കി അനുഗ്രഹിച്ചിരുന്നു. ബാലനായ സാംബശിവന് സംസ്കൃതവും ആയുര്‍വേദ ശാസ്ത്രവും പഠിപ്പിക്കാനായിരുന്നു ഭാനുവൈദ്യന് തീരുമാനിച്ചിരുന്നതെങ്കിലും സാംബശിവനെ ശിവഗിരിയിലെത്താനാ യിരുന്നു മോഹം. ഈ ചിന്ത ആ ബാലനെ 16-ാം വയസ്സില്‍ ശിവഗിരിയിലെത്തിച്ചു. അന്ന് ശിവഗിരി മഠാധിപതിയായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമി കളും ശ്രീനാരായണ തീര്‍ത്ഥസ്വാമികളും നിജാനന്ദ സ്വാമികളും സത്യജിജ്ഞാസുവായ ആ ബാലനെ മഠത്തിലെ അന്തേവാസിയായി സ്വീകരിച്ചു. വളരെ പെട്ടെന്ന് തന്നെ നിത്യാനുഷ്ഠാന വിധിയും പൂജാപദ്ധതിയും സാംബശിവന് വശത്താക്കി. കൗമാരകാലത്ത് വാഴമുട്ടം ശിവ ക്ഷേത്രത്തില്‍ അര്‍ച്ചകനായി സേവനം ചെയ്തിരുന്നതിനാല്‍ വൈദിക പാഠങ്ങള്‍ വളരെ വേഗം പഠിക്കുവാന്‍ സാംബശിവന് സാധിച്ചു. ഉത്സാഹിയായ ആ ബാലന് ഗുരുദേവന് പ്രതിഷ്ഠ നടത്തിയ ശാരദാമഠത്തിലും ഗുരുദേവ മഹാസമാധിപീഠത്തിലും അതുപോലെ ശിവഗിരിയിലെ ആരാധനാ കേന്ദ്രങ്ങളിലും വിശ്രമലേശമില്ലാതെ സേവനങ്ങള്‍ ചെയ്തു.
മനുഷ്യനായി ജനിക്കുക, മുമുക്ഷുവായിത്തീരുക മഹാപുരുഷന്മാരോടൊപ്പം ജീവിക്കുക ഈ മൂന്നു കാര്യങ്ങള്‍ കിട്ടാന്‍ വളരെ പ്രയാസമാണെന്ന് അദ്ധ്യാത്മശാസ്ത്രം ഘോഷിക്കുന്നു. സാംബശിവന് വളരെ ബാല്യത്തില്‍ തന്നെ ഗുരുദേവന്റെ നേര്ശിഷ്യന്മാരായ ശങ്കരാനന്ദ സ്വാമികള്‍, ശ്രീനാരായണ തീര്‍ത്ഥ സ്വാമികള്‍, ആനന്ദതീര്‍ത്ഥ സ്വാമികള്‍, ആത്മാനന്ദ സ്വാമികള്‍ തുടങ്ങിയ മഹാപുരുഷന്മാരോടൊപ്പം ജീവിക്കാന്‍ പരമ ഭാഗ്യം ലഭിച്ചു. ശിവഗിരിയില്‍ നിന്നും ആ ബാലന് ഭാരതീയ പാരമ്പര്യമനുസരിച്ച് ഭാരതത്തിലെ നിരവധി പുണ്യസ്ഥല ങ്ങളില്‍ സഞ്ചരിച്ച് മഹാപുരുഷ സംശ്രയത്വവും ആത്മജ്ഞാനവും കരസ്ഥമാക്കി. അവസാനം സാംബശിവന് എത്തിച്ചേര്‍ന്നത് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥാപിതമായ ശ്രീനാരായണ സേവാശ്രമത്തിലാണ.് അന്ന് കാഞ്ചീപുരം ആശ്രമത്തിന്റെ മഠാധിപതി മഹാത്മാവായ ആത്മാനന്ദ സ്വാമികളാണ്. ഗുരുദേവന് പോലും വലിയ ഗുരുക്കള്‍ എന്ന് വിളിച്ചിരുന്ന ആത്മാനന്ദ സ്വാമികളുടെ അന്തേവാസിത്വം സാംബശിവനെ അനുഗ്രഹീതനാക്കി. ആയൂര്വേദശാസ്ത്രത്തിലും വേദവേദാന്താദി ശാസ്ത്രങ്ങളിലും പരിനിഷ്ഠിതമായ പാണ്ഡിത്യമുണ്ടായിരുന്ന ആത്മാനന്ദ സ്വാമികളോടൊപ്പമുള്ള ജീവിതമാണ് സാംബശിവനെ അനശ്വരനാക്കിമാറ്റിയത്. പരമമായ സംന്യാസി ജീവിതമാണ് മനുഷ്യനെ കൃതകൃത്യനാക്കുന്നതെന്ന് മനസ്സിലാക്കിയ ആ സത്യജിജ്ഞാസു അചിരേണ 1980 ല്‍ ശിവഗിരിയില്‍ മഠാധിപതിയാ യിരുന്ന ബ്രഹ്മശ്രീ ഗീതാനന്ദ സ്വാമികളില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് മഹേശ്വരാനന്ദ സ്വാമികളായി മാറി. താമസിയാതെ തന്നെ ഗുരുവിന്റെ ശിഷ്യസംഘമായ ശ്രീനാരായണ ധര്‍മ്മ സംഘത്തില്‍ അംഗത്വവും സ്വീകരിച്ചു.
ശിവഗിരി മഠത്തിന്റെ ശാഖ സ്ഥാപനങ്ങളായ തൃത്താല ധര്‍മ്മഗിരി ആശ്രമം ആലുവ അദ്വൈതാശ്രമം, അരുവിപ്പുറം ക്ഷേത്രം & മഠം തുടങ്ങിയ ആശ്രമങ്ങളില്‍ മഹേശ്വരാനന്ദ സ്വാമികള്‍ ദീര്‍ഘകാലം സേവനം ചെയ്തു. ഇവിടെയെല്ലാം ആശ്രമ വികസനത്തിലും ഗുരുദേവ സന്ദേശ പ്രചരണത്തിലും അദ്ദേഹം ദത്തശ്രദ്ധേയനായിരുന്നു. അരുവിപ്പുറത്ത് ഇന്ന് കാണുന്ന ആശ്രമ കവാടം നിര്‍മ്മിച്ചത് സ്വാമികള്‍ അവിടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്.
മഹേശ്വരാനന്ദ സ്വാമികളുടെ ഇളയച്ഛനാണ് (അച്ഛന്റെ അനുജന്) വടക്കേ ഇന്ത്യയിലെങ്ങും പുകഴ്പെറ്റ സന്യാസിയും പണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ വിമലാനന്ദ സ്വാമികള്‍. ഗുരുദേവന്റെ പ്രമുഖ രചനകളായ ആത്മോപദേശ ശതകം, അദ്വൈതദ്വീപിക, ദര്‍ശനമാല എന്നീ കൃതികള്‍ക്ക് വിമലാനന്ദ സ്വാമികള്‍ എഴുതിയ പണ്ഡിതലോകം സഹര്‍ഷം സ്വീകരിച്ചിട്ടുള്ളവയാണ്.
ഇതില്‍ ആത്മോപദേശ ശതകത്തിനുള്ള ശ്രീശാരദാവ്യാഖ്യാനം മഹേശ്വരാനന്ദ സ്വാമികള്‍ സ്വന്തമായ നിലയില്‍ പ്രസാധനം ചെയ്ത് പ്രചരിപ്പിച്ചിരുന്നു. അതുപോലെ ഗുരുദേവ സന്ദേശം പ്രചരണാര്‍ത്ഥം ഡല്‍ഹിയില്‍നടന്ന ലോകമത പാര്‍ലമെന്റ്, ശ്രീലങ്കയില്‍ നടന്ന വിശ്വസാഹോദര്യ സമ്മേളനം, ബോംബെ, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ മഹത്തായ ശ്രീനാരായണ സന്ദേശ പ്രചരണ യജ്ഞങ്ങളില്‍ സ്വാമികള്‍ ഭാഗഭാക്കായി. മഹേശ്വരാനന്ദ സ്വാമികള്‍ എഴുത്തുകാരനോ പ്രഭാഷകനോ ആയിരുന്നില്ല എന്നാല്‍ സ്വന്തം ജീവിതനിഷ്ഠയിലും സംഘത്തോടുള്ള അനിര്‍വാച്യമായ ആത്മാര്‍ത്ഥതകൊണ്ടും അര്‍പ്പണബോധത്തോടെയുള്ള കര്മ്മയോഗപരതകൊണ്ടും ജീവിതത്തെ അനശ്വരമാക്കി ഗുരുദേവ ദര്‍ശനവും അതിന്റെ അന്തസത്തയായ ആത്മബോധവുമാണ് ജീവിതത്തെ ധന്യമാക്കുന്നത് എന്ന തിരിച്ചറിവോടെയുള്ള ജീവിതവും ആത്മസാധനയും മഹേശ്വരാനന്ദ സ്വാമികളുടെ ജീവിതത്തെ ധന്യാധന്യമാക്കി. സ്വാമികളുടെ ആത്മചൈതന്യം ശ്രീനാരായണ ചൈതന്യത്തില്‍ ലീനമായി തദേകനിഷ്ഠമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: