കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകള്‍ നഷ്ടമായതിന് പിന്നാലെ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് രേഖകള്‍ നഷ്ടപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യുഎപിഎ കേസിന്റെ രേഖകളാണ് നഷ്ടമായത്. കേസില്‍ തമിഴ്നാട് സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ നഷ്ടമായ വിവരം പുറത്തുവന്നത്.
നേരത്തെ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊലക്കേസിലെ രേഖകളും കാണാതായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്.
കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയില്‍ നിന്ന് നഷ്ടമായത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയായിരുന്നു രേഖകള്‍ കാണാതായത്. രേഖകള്‍ കാണാതായത് സംബന്ധിച്ച് സെഷന്‍സ് കോടതി ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. 26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ഉള്ളത്. സഹല്‍ ഹംസയാണ് അഭിമന്യുവിനെ കുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: