തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഡോക്ടര്‍ റുവൈസിന് പഠനം തുടരാമെന്ന് ഹൈക്കോടതി. പി ജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്‌ക്കകം പുനഃപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഷഹനയുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനം കഴിഞ്ഞ് വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന മരണത്തിന് മുന്‍പ് ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന വിവരം അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പിന്നീട് തിങ്കളാഴ്ച പതിനൊന്നരയോടെ ഡോ. ഷഹനയെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: