Categories: Samskriti

ലളിതാസഹസ്രനാമ രഹസ്യം

Published by

ര്‍വാഭീഷ്ട ഗുണദായക നാമജപമാണ് ലളിതാസഹസ്രനാമം. പതിനെട്ട് പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡ പുരാണം ഉത്തരഖണ്ഡത്തില്‍ ഹയഗ്രീവാഗസ്ത്യ സംവാദ രൂപത്തിലാണ് ലളിതാസഹസ്രനാമത്തെ വിശദീകരിക്കുന്നത്. മൂന്ന് അധ്യായങ്ങളിലായി (ഉപക്രമം, മന്ത്രോപദേശം, ഫലശ്രുതി). അഗസ്ത്യമുനിയുടെ ചോദ്യത്തിന് ഉത്തരം പറയുന്ന മട്ടിലാണ് ലോകോപദേശമായി ലളിതാസഹസ്രനാമം വായനക്കാര്‍ക്ക് ലഭിക്കുന്നത്. ഹയഗ്രീവന്‍ എന്നത് വിഷ്ണുഭഗവാന്‍ തന്നെ. കുതിരത്തല വിഷ്ണുഭഗവാന് ലഭിച്ചതിനാലാണ് ഹയഗ്രീവന്‍ എന്ന പേരു വരുന്നത്. ദേവീഭാഗവതത്തിലും ഹയഗ്രീവ കഥ പറയുന്നുണ്ട്. ഹയഗ്രീവന്‍ എന്ന ഒരു അസുരന്‍ മഹാഉപദ്രവകാരിയായിരുന്നു. തന്നെപ്പോലെയല്ലാത്ത ഒരാള്‍ കൊല്ലരുതെന്ന് വരവും വാങ്ങി അഹങ്കാരിയായി സകലരേയും ഉപദ്രവിച്ച് കഴിയുകയായിരുന്നു. ദേവി തന്നെയാണ് വിഷ്ണുഭഗവാനെ ഹയഗ്രീവനാക്കാന്‍ അവസരമുണ്ടാക്കിയതും ഹയഗ്രീവനെന്ന അസുരനെ വിഷ്ണുവിനെക്കൊണ്ട് വധിപ്പിക്കുന്നതും ശക്തിസ്വരൂപിണിയും ജഗത്മാതാവുമായ ദേവിയെ വിഷ്ണു ഭഗവാന്‍ സ്തുതിക്കുന്നുണ്ട്. ലളിതാസഹസ്രനാമം ജപിക്കുമ്പോള്‍ മാത്രമേ ദേവികഥയ്‌ക്ക് പൂര്‍ണതയുള്ളൂ. ലളിതാസഹസ്രനാമം കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അഗസ്ത്യമുനിയുടെ അപേക്ഷ ഗുരുവായ ഹയഗ്രീവദേവന്‍ ഉള്‍ക്കൊണ്ട് വിസ്തരിച്ച് വിശദീകരിക്കുന്നതാണ് ശ്രീലളിതാസഹസ്രനാമം.

ദേവീപ്രീതിക്ക് ഏറ്റവും പ്രയോജനപ്പെട്ടതാണ് ലളിതാസഹസ്രനാമം. ദേവിയായ ലളിതാംബിക ഒരിക്കല്‍ വശിന്യാദിവാഗ്‌ദേവിമാരെ വിളിച്ച് ഇങ്ങനെ അറിയിച്ചു. നിങ്ങള്‍ക്ക് വാഗ്‌വൈഭവം നല്‍കി അനുഗ്രഹിച്ചത് ഞാനാണല്ലോ. ആ വാഗ്‌വൈഭവം എന്റെ ലളിതാസഹസ്രനാമത്തിനായി നിങ്ങളുപയോഗിക്കുക. ദേവീകല്പനയെ വശിന്യാദി ദേവതകള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് സിംഹാസനസ്ഥയായിരിക്കുന്ന ദേവിയെ സ്തുതിച്ച് ഭക്തിയോടെ ദേവസദസ്സില്‍ സഹസ്രനാമം ജപിച്ചു. കോടികോടി ബ്രഹ്മാക്കളും ബ്രഹ്മാണികളും ഗൗരീമാരും രുദ്രന്മാരും ദേവിയെ സേവിക്കാന്‍ എത്തിയവരുടെ സദസ്സിലെ ലളിതാസഹസ്രനാമത്തില്‍ ദേവി കൂടുതല്‍ സം
പ്രീതയായി. ‘എന്റെ പ്രീതി ലഭിക്കണമെന്നുള്ളവര്‍ ഇത് നിത്യം ജപിച്ച് അനുഗ്രഹം നേടുവിന്‍ ‘എന്നരുള്‍ ചെയ്തു. നിത്യവും ലളിതാസഹസ്രനാമം ജപിക്കുന്നവര്‍ക്ക് ദേവി ചോദിക്കുന്നതെന്തും നല്‍കുമെന്നതാണ് ഈ നാമജപത്തിന്റെ ഗുണം.

വിഷ്ണു ഹയഗ്രീവനായത്: യാഗരക്ഷയ്‌ക്കായി വളരെക്കാലം ഉണര്‍ന്നിരുന്ന ഭഗവാന്‍ ക്ഷീണിതനായി ശാര്‍ങ്ഗം എന്ന ധനുസ്സ് കുത്തിപ്പിടിച്ച് ഒരു അഗ്രത്തില്‍ തലയും താഴ്‌ത്തി നിദ്രയിലാണ്ട സമയത്ത് ബ്രഹ്മരുദ്രാദികള്‍ വിഷ്ണുഭഗവാനുമായി അത്യാവശ്യകാര്യം ചര്‍ച്ച ചെയ്യാനെത്തിയപ്പോള്‍ സദസ്സില്‍ തലചായ്ച് ഉറങ്ങുന്ന വിഷ്ണുവിനെയാണ് കണ്ടത്. ഭഗവാനെ ഉണര്‍ത്തുവാന്‍ കഴിയാതെ അവര്‍ ചിതല്‍, ഉറുമ്പുകളെ അഭയം പ്രാപിച്ചു. ഉറുമ്പുകള്‍ ദേവ നിര്‍ദ്ദേശമനുസരിച്ച് ഞാണ്‍ കടിച്ചുമുറിച്ചു. പെട്ടെന്ന് നിവര്‍ന്ന വില്ല് ഭഗവാന്റെ ശിരസ്സിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തി ദൂരെ തെറിപ്പിച്ചുകളഞ്ഞു. ദേവന്മാര്‍ എത്ര തിരഞ്ഞിട്ടും ശിരസ്സ് ലഭിച്ചില്ല. ഒടുവില്‍ ദേവന്മാര്‍ മഹാത്രിപുര സുന്ദരി ദേവിയെ സ്‌തോത്രങ്ങളാല്‍ പ്രകീര്‍ത്തിച്ച് പ്രത്യക്ഷപ്പെടുത്തി കാര്യമുണര്‍ത്തിച്ചു. മഹാദേവി തന്നെ അശ്വത്തിന്റെ ശിരസ്സ് കൊണ്ടുവന്ന് വിഷ്ണുവില്‍ ഘടിപ്പിക്കാന്‍ ഉപദേശിച്ചു. അങ്ങനെ ദേവിയുടെ പ്രത്യേക അനുഗ്രഹത്തിന് പാത്രമായ ഹയഗ്രീവന് ജഗത് മാതാവ് സകല ഗൂഢവിദ്യകളും ഉപദേശിച്ച് അനുഗ്രഹിച്ചു. അസുരനായ ഹയഗ്രീവനെ വിഷ്ണുഭഗവാനായ ഹയഗ്രീവന്‍തന്നെ വധിക്കുകയും ചെയ്തു. ദേവി സകലലോകങ്ങളേയും അതിക്രമിച്ച് വിഹരിക്കുന്നതിനാല്‍ ലളിതയെന്നും അറിയപ്പെടുന്നു. ലളിതയായതിനാല്‍ ജപിക്കുന്ന സ്തുതി ലളിതാസഹസ്രനാമമായി കീര്‍ത്തിക്കപ്പെടുന്നു.
(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by