ആര്. രമാദേവി
1872 മെയ് മാസത്തിലെ കറുത്തവാവിന് ശ്രീരാമകൃഷ്ണദേവന് സഹധര്‍മ്മിണിയായ ശ്രീശാരദാദേവിയെ, ദേവിയായി സങ്കല്പിച്ച് ഷോഡശീപൂജ ചെയ്തതോടെ അസാധാരാണമായ അവരുടെ പവിത്രബന്ധം ഒന്നുകൂടി ദിവ്യമായിത്തീര്‍ന്നു. തന്റെ സാധനകളുടെ ഫലവും ശ്രീരാമകൃഷ്ണദേവന് ശാരദാദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു. ശ്രീരാമകൃഷ്ണദേവന്റെ ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യ സഹധര്‍മ്മിണിയായ ശാരദാദേവിയായിരുന്നു. പിന്നീട് അദ്ദേഹം ആഗ്രഹിച്ചതുപോലെ അനേകം ശിഷ്യരുടെ സങ്കേതമായിത്തീര്‍ന്നു ദക്ഷിണേശ്വരത്തിലെ പുണ്യഗൃഹം. അദ്ദേഹം ഒരു കൂട്ടം യുവാക്കളെ ഭാരതത്തിന്റെ ആത്മീയപാരമ്പര്യത്തില്‍ ഊന്നി ലോകസേവനത്തിനായി വാര്‍ത്തെടുത്തു. അതില്‍ അന്തരംഗസംന്യാസി ശിഷ്യരും ഗൃഹസ്ഥശിഷ്യരും ഉണ്ടായിരുന്നു. അന്തരംഗശിഷ്യരില്‍ അഗ്രഗണ്യനായിരുന്നുവല്ലോ ഭാരതത്തിന്റെ ആദ്ധ്യാത്മിക പ്രഭാവം വിദേശങ്ങളില്‍ പ്രചരിപ്പിച്ച വിശ്വമാനവനായിത്തീര്ന്ന സ്വാമി വിവേകാനന്ദന്. ‘എം’ എന്നറിയപ്പെടുന്ന പ്രമുഖ ഗൃഹസ്ഥശിഷ്യനായ മഹേന്ദനാഥ് ഗുപ്തയാണ് ശ്രീരാമകൃഷ്ണദേവന്റെ തിരുമൊഴികള്‍ നിത്യവും അതേപടി ഡയറിക്കുറിപ്പുകളായി എഴുതി, പില്ക്കാലത്ത് ഭക്തജനങ്ങള്‍ക്ക് സമ്മാനിച്ചത്.
കുടുംബക്ലേശത്താല് ആത്മഹത്യയുടെ മുനമ്പത്ത് നിന്ന അവസരത്തിലാണ് ‘മാസ്റ്റര്‍ മഹാശയന്’ എന്നറിയപ്പെടുന്ന പണ്ഡിതനും അദ്ധ്യാപകനും ആയിരുന്ന ‘എം’ ശ്രീരാമകൃഷ്ണ സമക്ഷം എത്തുന്നത്. ശ്രീരാമകൃഷ്ണന്റെ മോഹനമൊഴികള് കേട്ടപ്പോള്‍ സര്‍വതീര്‍ത്ഥങ്ങളും അവിടെ സമാഗമിച്ചതായി മാസ്റ്റര്‍ക്ക് അനുഭവപ്പെട്ടത്രെ. സ്വന്തം അനുസന്ധാനത്തിനായി അന്നന്ന് തീയതിയും കാലവും സ്ഥലവും ഒക്കെ ചേര്‍ത്ത് എഴുതിയ അമൂല്യവാണികള്‍ പുസ്തകമായി ഇറങ്ങിയപ്പോള്‍ ഗൃഹസ്ഥശിഷ്യനായ ഗിരീഷ് ഘോഷ് പറഞ്ഞ ഉചിതമായ അഭിനന്ദനം: ‘മാനവരാശിയുടെ മുഴുവന്‍ കൃതജ്ഞതയ്ക്ക് താങ്കള്‍ ആചന്ദ്രതാരം അര്‍ഹനാകുന്നു.’ സകലവേദാന്തസാരമായ തത്ത്വങ്ങള്‍ ശ്രീരാമകൃഷ്ണന് എത്രയും ലളിതമായി, സരളമായി നര്‍മ്മം കലര്‍ന്ന കഥകളിലൂടെ, ദൈനന്ദിനകര്മ്മങ്ങളുടെ ഉപമാഉദാഹരണങ്ങളിലൂടെ, ശിഷ്യരും മറ്റു ഭക്തരും ആയി സംവദിച്ചത് ‘എം’ ബംഗാളിയില്‍ പകര്‍ത്തിയത് മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് നമുക്ക് ‘ശ്രീരാമകൃഷ്ണവചനാമൃതം’ ആയി ലഭ്യമാക്കിയത് പൂജനീയ സിദ്ധിനാഥാനാന്ദസ്വാമികള് ആണ്. ഇത് നിത്യവും കുറച്ചു വായിക്കുന്നത് സംസാര തരണത്തിനുള്ള ഔഷധസേവ ആണ്.
ശ്രീകൃഷ്ണ ഭഗവാന് തന്നെയാണ് ശ്രീമദ് ഭാഗവതം എന്നു പറയുന്നതുപോലെ ശ്രീരാമകൃഷ്ണവചനാമൃതത്തില്‍ ശ്രീരാമകൃഷ്ണദേവന് നിറഞ്ഞു നില്ക്കുന്നു. ഭാഗവതം, ഭക്തന്, ഭഗവാന് ഇതു മൂന്നും ഒന്നുതന്നെ എന്ന ആശയം ശ്രീരാമകൃഷ്ണദേവന് വചനാമൃതത്തില്‍ പല സ്ഥലത്തും അരുളിയിട്ടുണ്ട് (Vo.l 1122, 221, 318, 332, Vo-l. 2386, 533). ഒരിക്കല്‍ വിഷ്ണുക്ഷേത്രത്തിന്റെ വരാന്തയില്‍ ഇരുന്ന് ഭാഗവതം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ശ്രീകൃഷ്ണഭഗവാന്റെ ജ്യോതിര്മയമൂര്ത്തി ശ്രീരാമകൃഷ്ണന് പ്രത്യക്ഷമായി കാണുകയുണ്ടായി. ആ മൂര്‍ത്തിയുടെ പാദപത്മങ്ങളില്‍ നിന്നു നൂലുപോലെ ഒരു പ്രകാശരശ്മി പുറപ്പെട്ടു. ആദ്യം ഭാഗവതഗ്രന്ഥത്തെയും തുടര്‍ന്ന് തന്റെ ഹൃദയത്തെയും സ്പര്‍ശിച്ചതായി അനുഭവപ്പെട്ടു. കുറച്ചുനേരം ഇവ മൂന്നും തൊട്ടുകൊണ്ടു വിളങ്ങുന്നതായി കണ്ടു. ഈ ദര്‍ശനം ലഭിച്ചതോടെ ഭാഗവതവും ഭക്തനും ഭഗവാനും മൂന്നു വിധത്തില്‍ വേറെ രൂപങ്ങളായി കാണപ്പെട്ടുവെങ്കിലും, അവ ഒരേ സത്തയുടെ വിഭിന്ന രൂപങ്ങള്‍ എന്ന് തന്റെ മനസ്സില്‍ ദൃഢമായ ധാരണ ഉളവായി എന്ന് ശ്രീരാമകൃഷ്ണദേവന് പറഞ്ഞിട്ടുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: