ശിവകുമാര്‍
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മനുഷ്യനും, ജഗത്തും, സര്‍വശക്തനായ ഈശ്വരനും ഒന്നു തന്നെ എന്ന് വെളിവാക്കിയ സംസ്‌കൃതിയെ അത് അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊള്ളു വാന്‍ ആധുനിക മനുഷ്യരെന്ന് അഭിമാനിക്കുന്ന നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സത്യത്തില്‍ നിന്ന് വളരെ ദൂരെയായാണ് നമ്മള്‍, ഇന്ന് കൂട് കൂട്ടുന്നത്. മനസ്സ് നിര്‍മ്മിക്കുന്ന ആ മിഥ്യയുടെ ലോകത്തേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരുവാനായി ആയുസ്സ് കളഞ്ഞ് നമ്മള്‍ ശ്രമിക്കുകയാണ്. അതിനെ ജീവിതം എന്ന് വിളിക്കുകയും ആ വഴിയിലേക്ക് വരും തലമുറകളെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന അശ്രാ ന്തപരിശ്രമത്തിലാണ് ഇവിടെ ഓരോ മനുഷ്യനും. ഇതിനിടയില്‍ ആരാണ് മനുഷ്യനെന്നോ, എന്താണ് ജീവിതമെന്നോ സ്വയം ചോദിക്കാന്‍ നമ്മള്‍ മറന്ന് പോയി. മരണം എന്ന മഹാസത്യം ഉള്ളിടത്തോളം കാലം മനുഷ്യജീവിതത്തില്‍ നിന്ന് ആ ചോദ്യങ്ങള്‍ മാറില്ല. നിങ്ങള്‍ എത്ര ആധുനികനായാലും അവയ്‌ക്ക് നേരെ കണ്ണുകള്‍ അടയ്‌ക്കുവാന്‍ കഴിയില്ല.
ജീവിക്കുവാനുള്ള ആര്‍ത്തികൊണ്ട് സത്യത്തെ അകറ്റിനിര്‍ത്തിയും, കള്ളത്തെ വാരി പ്പുണര്‍ന്നും, മിഥ്യയുടെ വഴിയില്‍കൂടി ജീവിച്ച്, അകാലങ്ങളില്‍ വീണ് മരിക്കുന്ന മനുഷ്യജന്മങ്ങള്‍, വളരെ വികലമായ ഒരു ജീവിതവീക്ഷണമാണ്, നമ്മെ ഇന്ന് നയിക്കുന്നത്. മനുഷ്യനും, അവന്റെ ജീവിതവും വളരെ ശ്രേഷ്ഠമാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നും തെളിയിച്ചുതന്ന ഒരു വലിയ സംസ്‌കൃതിയുടെ ഭാഗമാണ് ഓരോ ഭാരതീയനും. നിങ്ങള്‍ ആകാശത്തേക്ക് ശാഖകളും ഉപശാഖകളുമായി പടര്‍ന്ന് നില്‍ക്കുന്ന ഓരോ വടവൃക്ഷങ്ങളാണ്. അത് തിരിച്ചറിയുവാനായി ചെല്ലേണ്ടത് സ്വന്തം വേരുകളിലേക്കാണ്. അപ്പോഴേ പൈതൃകത്തിന്റെ അക്ഷയഖനിയില്‍ നിന്ന് ഉയിര്‍കൊണ്ട ഭാരതീയന്റെ ചിത്രം നിങ്ങള്‍ക്ക് കിട്ടൂ. 4 വേദങ്ങള്‍, 18 പുരാണങ്ങള്‍ 108 ഉപപുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ജ്യോതിശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ഉത്പത്തിശാസ്ത്രം, ജന്തുശാസ്ത്രം, നരവംശശാസ്ത്രം, വൈദ്യശാസ്ത്രം, ആദ്ധ്യാത്മികശാസ്ത്രം, തര്‍ക്കശാസ്ത്രം, ധര്‍മ്മശാസ്ത്രം, അനന്തമായ കാലഗണനകള്‍ തുടങ്ങി, അറിവിന്റെ അനേകം ശാഖകളായി പരന്നു കിടക്കുകയാണ് ആ സമ്പത്ത്. അതെല്ലാം, പ്രകൃതിയിലെ ഊര്‍ജ്ജം നേരിട്ട് വെളിപ്പെടുത്തിയതാണെന്ന്, അടുത്തറിഞ്ഞാലേ നമുക്ക് മനസ്സിലാകൂ.
കാലം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ ലോകക്രമത്തെ ഉണ്ടാക്കുമ്പോള്‍ കാലം തന്നെ ആ സങ്കീര്‍ണതകള്‍ക്ക് ഉത്തരമായി പലതും, സമ്പത്തിനോട് ചേര്‍ത്തുവച്ചിരുന്നു. അങ്ങനെയാണ് തത്ത്വത്തെ ലളിതമായി അവതരിപ്പിച്ച 18 പര്‍വങ്ങള്‍ അടങ്ങിയ മഹാഭാരതവും, അതിലെ 18 അധ്യായങ്ങള്‍ അടങ്ങിയ ഭഗവത്ഗീതയും എല്ലാം നമുക്ക് കിട്ടിയത്. അവിടെയാണ് വെറും 18 ശ്ലോകങ്ങളിലായി, തീര്‍ത്തും ഗഹനങ്ങളായ ശാസ്ത്രസത്യങ്ങളെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഈശാവാസ്യോപനിഷത്ത് ഈ കാലത്തിനുള്ള ഉത്തരമാകുന്നത്.
ഇന്ന്, എങ്ങനെയാണ് ജീവിക്കേണ്ടത്? സത്യത്തെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടത്? ഈശ്വരന്‍ തന്നെ ഉണ്ടോ? ഉണ്ടെങ്കില്‍ ഈ ജീവിതത്തില്‍ അതിന് എന്ത് പ്രസക്തിയാണുള്ളത്? തുടങ്ങിയ ഒരുപാട് ചിന്തകള്‍ക്ക് ഉത്തരമായി, ആധുനിക ജീവിതയാത്ര വിധിക്കപ്പെട്ട മനുഷ്യരെല്ലാം തീര്‍ച്ചയായും കയ്യില്‍ കരുതേണ്ട ജീവദായകമായ ഒരൗഷധമാണ് ഈ ഉപനിഷത്ത്.
ഇതിനെ ശ്രേഷ്ഠമാക്കുന്നത്, ഇതിലുള്ള തനത് പഠനസമ്പ്രദായമാണ്. ഇത് ജ്ഞാനത്തെ വെറുതേ പറഞ്ഞ് പോകുകയല്ല, എന്താണോ പഠിച്ചത് അതിനെ പ്രയോഗത്തില്‍ വരുത്തുന്നതിനായി, കടന്നുപോയ വഴികളില്‍കൂടി പുതിയ കാഴ്ചയുമായി വീണ്ടും നടത്തിച്ചുകൊണ്ട്, പരിശീലിപ്പിക്കുന്ന ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ആയതിനാല്‍ വളരെ സങ്കീര്‍ണമെന്ന് തോന്നിപോകുന്ന ഈ ഉപനിഷത്തിനെ സുഗമമായും, വ്യക്തമായും മനസ്സിലാക്കുന്നതിന്, പുരാണഭാഗമെന്നും, ശാസ്ത്രഭാഗമെന്നുമുള്ള രണ്ട് സാങ്കല്പിക വഴികളിലൂടെ നമുക്ക് സമീപിക്കാം. എന്നാല്‍ ആദ്യഭാഗത്തിന് ശേഷം അവ ഒത്ത് ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് ഈ 18 പടവുകളുള്ള യാത്രയില്‍ രണ്ട് ഭാഗത്ത് പഠിതാക്കളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യപ്പെടുന്നതിനാല്‍ രണ്ട് താവളങ്ങളായാണ് അവിടം വിഭാവന ചെയ്തിരിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക