ന്യൂദല്‍ഹി : മുന്‍ ബ്യൂറോക്രാറ്റുകളായ സുഖ്ബീര്‍ സന്ധു, ഗ്യാനേഷ് കുമാര്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സമിതി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തതായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. എന്നാല്‍ ഇവരെ നിയമിക്കുന്നതില്‍ താന്‍ വിയോജനക്കുറിപ്പ് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
പാനലിലെ പ്രതിപക്ഷ അംഗമായ അധീര്‍ രഞ്ജന്‍ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യുകയും ചെയ്തു. ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ തനിക്ക് മുന്‍കൂട്ടി ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുകള്‍ പാനലിന് മുമ്പാകെ വന്നു. ഇതില്‍ ബല്‍ബീര്‍ സന്ധുവിന്റെയും ഗ്യാനേഷ് കുമാറിന്റെയും പേരുകള്‍ ഭൂരിഭാഗം പേരും പിന്തുണച്ചതിനാല്‍ അംഗീകരിക്കപ്പെട്ടെന്ന് യോഗം അവസാനിച്ചയുടന്‍ തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ് സമിതിയുടെ ഭാഗമാകേണ്ടതായിരുന്നുവെന്നും നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ വന്നതായി പറയപ്പെടുന്ന 200-ലധികംപേരുകളില് നിന്ന് ആറ് പേരുകള്‍ എങ്ങനെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നതില്‍ വ്യക്തതയില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. നേരത്തെ, അവര്‍ എനിക്ക് 212 പേരുകള്‍ നല്‍കിയിരുന്നു, എന്നാല്‍ നിയമനത്തിന് 10 മിനിറ്റ് മുമ്പ് അവര്‍ വീണ്ടും ആറ് പേരുകള്‍ മാത്രം നല്കി. ചീഫ് ജസ്റ്റിസ് സമിതിയില്‍ ഇല്ല. സര്‍ക്കാരിന് ഇഷ്ടമുളളവരെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഏകപക്ഷീയമാണെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ പിന്തുടരുന്ന നടപടിക്രമങ്ങളില്‍ ചില പാളിച്ചകളുണ്ട്-സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തില്‍ ഉദ്യോഗത്തിലിരുന്ന കാലത്ത്, ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുന്നതിന് മേല്‍നോട്ടം വഹിച്ചത് ഗ്യാനേഷ് കുമാറാണ്.ഫെബ്രുവരി 14 ന് അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും അരുണ്‍ ഗോയല്‍ പെട്ടെന്ന് രാജിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഒഴിവുകള്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: