ന്യൂദൽഹി : 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തിൽ നുണകളുടെ രാഷ്‌ട്രീയത്തിൽ ഏർപ്പെട്ട പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ വാർത്ത ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ സിഎഎ നിയമവും അതിനെ തുടർന്നുള്ള പ്രതിപക്ഷത്തിന്റെ ജൽപനങ്ങൾക്കും മറുപടി നൽകിയത്.
ഇപ്പോൾ സിഎഎ നിയമങ്ങൾ നടപ്പാക്കുന്നത് കേന്ദ്രം അറിയിക്കുന്നതിന് സമയ പ്രശ്നമില്ലെന്ന് പറഞ്ഞു. 2019ലെ പ്രകടനപത്രികയിൽ സിഎഎ കൊണ്ടുവരുമെന്നും അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും ബിജെപി നേരത്തെ പറഞ്ഞിരുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ഭൂരിപക്ഷത്തോടെയാണ് പാർട്ടി അധികാരത്തിലെത്തിയത്. 2019-ൽ ഇത് പാർലമെൻ്റ് പാസാക്കിയെങ്കിലും കൊവിഡ് കാരണം വൈകിപ്പോയി. പ്രതിപക്ഷം പ്രീണന രാഷ്‌ട്രീയം നടത്താനും വോട്ട് ബാങ്ക് ഏകീകരിക്കാനുമാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് ഷാ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
എൻആർസിയിലും പൗരത്വത്തിലും സിഎഎ എങ്ങനെ ?
ദേശീയ പൗരത്വ രജിസ്റ്ററിന് (എൻആർസി) സിഎഎയുമായി ഒരു ബന്ധവുമില്ലെന്ന് ഷാ പറഞ്ഞു. ആരുടേയും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ലാത്തതിനാൽ ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും പാർസി അഭയാർഥികൾക്കും അവകാശങ്ങളും പൗരത്വവും നൽകാൻ മാത്രമാണ് സിഎഎ യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎഎ അസമിൽ
നിയമങ്ങളുടെ വിജ്ഞാപനം വന്നപ്പോൾ തന്നെ അസമിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രതിപക്ഷം. 1971 മാർച്ച് 24 ന് മുമ്പ് സംസ്ഥാനത്തേക്ക് വന്ന വിദേശികൾ മാത്രം 1985 ലെ അസം കരാറിന്റെ ഭാഗമായി പൗരന്മാരായി ഉൾപ്പെടുത്തും. അസമിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സിഎഎ നടപ്പാക്കുമെന്ന് ഷാ അഭിമുഖത്തിൽ പറഞ്ഞു. രണ്ട് തരത്തിലുള്ള പ്രത്യേക അവകാശങ്ങൾ അനുവദിച്ചിട്ടുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമേ സിഎഎ നടപ്പാക്കൂ. ഇന്നർ ലൈൻ പെർമിറ്റിന് വ്യവസ്ഥയുള്ള പ്രദേശങ്ങളും ഭരണഘടനയുടെ 6-ാം ഷെഡ്യൂളിന് കീഴിൽ പ്രത്യേക പദവി അനുവദിച്ചിരിക്കുന്ന പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സിഎഎ നടപ്പാക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ച്
ഇത്തരത്തിലുള്ള പ്രസ്താവനയ്‌ക്ക് അവർക്ക് അവകാശമില്ലെന്ന് അവർക്കും അറിയാം. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 11 ഇന്ത്യൻ പാർലമെൻ്റിന് പൗരത്വം സംബന്ധിച്ച് നിയമങ്ങൾ ഉണ്ടാക്കാനുള്ള എല്ലാ അധികാരങ്ങളും നൽകുന്നു. ഇത് ഒരു കേന്ദ്രത്തിന്റെ വിഷയമാണ്, സംസ്ഥാനത്തിന്റെ വിഷയമല്ല, ഇത് സംയോജിത വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം സിഎഎ നടപ്പാക്കില്ലെന്നാണ് പറയുന്നത് എന്നതിന് മറുപടിയായി ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
അതേ സമയം തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്ന് കരുതുന്നു. പ്രീണന രാഷ്‌ട്രീയത്തിനായി അവർ തെറ്റായ വിവരങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു.
‘മുസ്ലിം വിരുദ്ധ’ ആരോപണങ്ങൾ
സിഎഎ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നില്ല. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതപരമായ പീഡനങ്ങൾ നേരിടുന്നവർക്കുള്ള നിയമമാണിത്. അത് ഭരണഘടനാപരമായി സാധുതയുള്ളതാണ്. സുപ്രീം കോടതിയിൽ ഈ നിയമത്തിന് സ്റ്റേ ഇല്ല, ”-ഷാ പറഞ്ഞു.
നിയമം മുസ്ലീം വിരുദ്ധമാണെന്ന എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ മതപരമായി പീഡിപ്പിക്കപ്പെടുന്നവർക്കുള്ളതാണ് മാനദണ്ഡമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇസ്ലാമിക രാഷ്‌ട്രമായ പാക്കിസ്ഥാനിൽ ആരാണ് മുസ്ലീങ്ങളെ പീഡിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവർക്കും അവർ അപേക്ഷിച്ചാൽ ഞങ്ങൾ പൗരത്വം നൽകും. അവർക്ക് നുഴഞ്ഞുകയറാൻ കഴിയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
ഇൻഡി മുന്നണിയുടെ പ്രതിഷേധം
ഇൻഡി സഖ്യം അധികാരത്തിൽ വരില്ലെന്ന് അവർക്ക് അറിയാം. സിഎഎ കൊണ്ടുവന്നത് ബിജെപി സർക്കാരായ നരേന്ദ്ര മോദി സർക്കാരാണ്. അത് പിൻവലിക്കുക അസാധ്യമാണെന്നും ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: