അടൂര്‍: ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയ്യന്റെ മണ്ണിലേക്ക് എത്തുമ്പോള്‍ ഇടതു വലതു മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറുന്നു. ബിജെപി
ദേശീയ സെക്രട്ടറിയും വക്താവുമായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിശ്വാസഭൂമിയിലേക്ക് എത്തുന്നത്. മോദിയുടെ വികസന ഗാരന്റിയില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചിത്രം ആകെ മാറുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.
മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തിയിട്ടും മലയോരമണ്ണിന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്യാത്ത സിറ്റിങ് എംപി ആന്റോ ആന്റണിയേയും കേരളം ഇന്ന് അനുഭവിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് യഥാര്‍ത്ഥ ഉത്തരവാദിയായ മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും ബഹുദൂരം പിന്നിലാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അനില്‍ കെ. ആന്റണിക്ക് തുണയാകും.
മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ പോന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമെന്ന തരത്തിലേക്ക് വോട്ടര്‍മാരുടെ ചിന്ത പരിവര്‍ത്തിപ്പിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മോദിയുടെ വരവോടെ അനിലിനു വ്യക്തമായ മേല്‍ക്കൈ ലഭിക്കും എന്ന ആശങ്ക ഇടതു വലതു മുന്നണികളെ ഒരുപോലെ അലട്ടി തുടങ്ങിയിട്ടുണ്ട്. നാളെയാണ് ജില്ലാ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മോദി പതിനായിരങ്ങളെ അഭിസംബോധന ചെയ്യുന്നത്.
മണ്ഡലത്തിലേക്കുള്ള മോദിയുടെ വരവും പ്രസംഗവും സമീപ മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നേറ്റത്തിന്റെ അലയൊലികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ‘മോദിയുടെ ഗ്യാരന്റി’ എന്നാല്‍ പത്തനംതിട്ടയുടെ സമഗ്ര വികസനത്തില്‍ കുറഞ്ഞൊന്നുമല്ല. അനില്‍ കെ. ആന്റണിയുടെ വിജയത്തോടെയേ അതു സാധ്യമാവൂ. അതിനാല്‍ അനില്‍ കെ. ആന്റണിയുടെ വിജയം ഉറപ്പിക്കാന്‍ അരയും തലയും മുറുക്കി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കഴിഞ്ഞു.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനുഗ്രഹത്തോടെയാണ് അനില്‍ കെ. ആന്റണി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുംമുമ്പേ അനിലിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി മണ്ഡലത്തിലേക്ക് എത്തുന്നതില്‍ നിന്നുതന്നെ കേവലം അനിലിന്റെ വിജയം മാത്രമല്ല വന്‍ഭൂരിപക്ഷം കൂടിയാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത് എന്നു വ്യക്തം.
നിലവില്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമാണ് അനില്‍ ആന്റണി. മുന്‍കാലങ്ങളില്‍ ഈ ചുമതല വഹിച്ച നിര്‍മല സീതാരാമനും രാജീവ് ചന്ദ്രശേഖറുമൊക്കെ ഇന്ന് കേന്ദ്രമന്ത്രിമാരാണെന്നത് ഇതിനൊപ്പം കൂട്ടിവായിക്കണം. മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി അനില്‍ എത്തിയതിനര്‍ത്ഥം ഇതാണ്.
മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള യുവ നേതാവാണ് അനില്‍. 2003-2007ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ (സിഇറ്റി) നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും 2007-2009 ല്‍ മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ (എംഎസ്) ബിരുദാനന്തര ബിരുദവും നേടിയ അനില്‍ പ്രവര്‍ത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.
സിസ്കോ, ടോര്‍ഖ്, കാസ്പര്‍ ലാബ്സ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ലോക്സഭ സാമാജികരെ ഉള്‍പ്പെടുത്തി ആരോഗ്യസംരക്ഷണ മേഖലയിലെ സേവനപ്രവര്‍ത്തനത്തിനു രൂപീകരിച്ച പിഐ ഇന്ത്യയുടെ സഹസ്ഥാപകന്‍, ഭാരതത്തിലെ പ്രശസ്ത മാധ്യമങ്ങളിലെ കോളമിസ്റ്റ്… എന്നിങ്ങനെ പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ് അനില്‍ ആന്റണി. രാഷ്ടീയത്തില്‍ വരുന്നതിന് മുന്നേ ഭാരതത്തെ പ്രതിനിധികരിച്ച് ലോകവേദികളില്‍ പങ്കെടുക്കുകയും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: