തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നു. എന്നാല്‍ സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് മാറി നില്ക്കാന് സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്.
രാജ്യത്തിനൊട്ടാകെ ആവശ്യമായത് എന്ന തരത്തിലാണ് കേന്ദ്രം നിയമം നിര്‍മിക്കുന്നതെന്നിരിക്കെ നടപ്പാക്കാനുള്ള നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള അധികാരവും കേന്ദ്രസര്‍ക്കാരിന് ഭരണഘടനയുടെ 256 (1)ാം അനുച്ഛേദം നല്കുന്നു. പാലിച്ചില്ലെങ്കില്‍ കേന്ദ്രത്തിന് സ്വന്തം നിര്‍വഹണാധികാരം ഉപയോഗിച്ച് ഇടപെടാം.
ഭരണഘടനയുടെ പ്രധാന ഘടകങ്ങളാണ് യൂണിയന് സ്റ്റേറ്റ് ലിസ്റ്റുകള്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് നിര്‍ദ്ദേശിക്കുന്നു. യൂണിയന് ലിസ്റ്റില്‍ പ്രതിരോധം, വിദേശകാര്യങ്ങള്‍, സെന്‍സസ്, പൗരത്വം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. സൂചിപ്പിച്ച വിഷയങ്ങളില്‍ നിയമനിര്‍മ്മാണത്തിനുള്ള അവകാശം പാര്‍ലമെന്റിന് മാത്രമേ ഉള്ളൂ. പോലീസ്, ആരോഗ്യം, വനം, റോഡ് എന്നിവ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് മാത്രമേ അവകാശമുള്ളൂ.
ഭരണഘടനാപരമായി, ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൗരന്മാര് യൂണിയന് ലിസ്റ്റിന്റെ പരിധിയില്‍ വരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് പ്രത്യേക അവകാശമുണ്ട്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങളെ സംസ്ഥാനങ്ങള്‍ക്ക് അസാധുവാക്കാന്‍ കഴിയില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും ഇടയിലുള്ള നിയമനിര്‍മ്മാണ അധികാരങ്ങളെ പ്രതിപാദിക്കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246. യൂണിയന് ലിസ്റ്റില്‍ ഉള്‍പ്പെട്ട പൗരത്വം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റിന്റെ അധികാരപരിധിയില്‍ മാത്രമുള്ളതാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ അംഗീകിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്, പൗരത്വ നിയമം നടപ്പാക്കുന്നത് നിരസിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനാ വിരുദ്ധവും നിയമപരമായി അംഗീകരിക്കാന്‍ കഴിയാത്തതുമാണ്
പൗരത്വനിയമ ഭേദഗതി നടത്തിപ്പിനായി രൂപവത്കരിച്ച രണ്ടുസമിതികളുടെയും ഘടന പൂര്‍ണമായും കേന്ദ്രനിയന്ത്രണം ഉറപ്പാക്കുന്ന വിധത്തിലാണ്. പൗരത്വത്തിനായുള്ള അപേക്ഷ പരിശോധിക്കേണ്ട ചുമതലയാണ് സമിതികള്‍ക്കുള്ളത്. കേന്ദ്ര പോസ്റ്റല്‍ വകുപ്പ് സൂപ്രണ്ട് (ചെയര്മാന്), ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിലെ ജില്ലാതല ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, മറ്റൊരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. തഹസില്‍ദാര്‍ അല്ലെങ്കില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുന്ന തഹസില്‍ദാരുടെ പദവിയില്‍ കുറയാത്ത പ്രതിനിധി സമിതിയിലെ ക്ഷണിതാവുമാത്രമാണ്.
ജില്ലാതലസമിതി സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി കൈമാറേണ്ട ഉന്നതാധികാരസമിതിയുടെ ചെയര്മാന് സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറാണ്. കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്, ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനുകീഴിലെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സംസ്ഥാനത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന് എന്നിവരാണ് സ്ഥിരാംഗങ്ങള്‍. ഇവര്‍ക്കുമേല്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണം ഒന്നുമില്ല.
ഇതുമനസ്സിലാക്കിയാണ് മമത ബാനര്‍ജി ജനങ്ങളോട് ആരും അപേക്ഷ നല്കുതെന്ന അഭ്യര്‍ത്ഥന വെച്ചത്. അതൊരുതരം ഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: