സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല കലോത്സവം വൈസ് ചാന്‍സലര്‍ക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നത് കാമ്പസുകളില്‍ നടമാടുന്ന എസ്എഫ്ഐ ഫാസിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. തിരുവാതിരകളിയുടെ തടഞ്ഞുവെച്ച ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറിയതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വൈസ്ചാന്‍സലര്‍ ഇടപെട്ട് കലോത്സവം നിര്‍ത്തിവച്ചത്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസ് ഇടപെട്ടിട്ടും സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മത്സരങ്ങള്‍ തീരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കലോത്സവം നിര്‍ത്തിവയ്ക്കേണ്ടി വന്നത്. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ മത്സരങ്ങളുടെ വിധിനിര്‍ണയത്തില്‍ അപാകതകള്‍ ആരോപിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് മാര്‍ഗംകളിയുടെ വിധിനിര്‍ണയത്തെ ചൊല്ലിയായി തര്‍ക്കവും പ്രതിഷേധവും. വിധികര്‍ത്താക്കളും ഇടനിലക്കാരും പരിശീലകരും ചേര്‍ന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. മുന്‍കൂട്ടി ഫലം നിര്‍ണയിച്ച ശേഷമാണ് മത്സരം തുടങ്ങിയതെന്ന് പരാതി ഉയര്‍ന്നു. വിധികര്‍ത്താക്കളുടെയും മറ്റും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. സര്‍വകലാശാലയ്ക്കു കീഴിലെ മറ്റൊരു കോളജിന് മാര്‍ഗംകളിക്ക് ഒന്നാംസ്ഥാനം കിട്ടാതിരിക്കാന്‍ ബോധപൂര്‍വം ഇങ്ങനെയൊരു പ്രശ്നം കുത്തിപ്പൊക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതൊക്കെ സംഘര്‍ഷത്തിന് ആക്കംകൂട്ടി. തുടര്‍ന്നാണ് എല്ലാ മത്സരങ്ങളും നിര്‍ത്തിവയ്ക്കേണ്ടിവന്നത്.
ആരോഗ്യപരമായ മത്സരങ്ങള്‍ക്ക് വേദിയാകേണ്ട കലോത്സവം കയ്യടക്കുക എന്ന രീതിയാണ് എസ്എഫ്ഐ അനുവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്വന്തം കഴിവുകള്‍ മാറ്റുരച്ച് വിജയം നേടുന്നതിലൊന്നും ഈ സംഘടനയ്ക്ക് വിശ്വാസമില്ല. അക്രമം അഴിച്ചുവിട്ട് തങ്ങളുടെ സംഘത്തില്‍പ്പെട്ടവര്‍ക്ക് മാത്രം മത്സരിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നത്. ഇഷ്ടക്കാര്‍ക്ക് സമ്മാനം ലഭിക്കാതെ വന്നാല്‍ വിധികര്‍ത്താക്കളെ പോലും കൈകാര്യം ചെയ്യുക എന്നതാണ് എസ്എഫ്ഐയുടെ രീതി. ഇത് ചോദ്യം ചെയ്യാന്‍ മുതിരുന്നവര്‍ അക്രമത്തിനിരയാവും. എസ്എഫ്ഐയുടെ ഈ ഏകാധിപത്യ ശൈലിക്ക് ഇടതു സംഘടനയില്‍പ്പെടുന്ന രാഷ്ട്രീയ താല്‍പ്പര്യമുള്ള അധ്യാപകരും കൂട്ടുനില്‍ക്കുന്നു. അക്രമകാരികളായ വിദ്യാര്‍ത്ഥികളെ സ്വന്തം പിള്ളേരായാണ് ഇവര്‍ കാണുന്നത്. ഇവര്‍ക്ക് അലമ്പുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. കോളജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ അരുംകൊല ചെയ്യാന്‍ പോലും എസ്എഫ്ഐക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ അന്ധത ബാധിച്ച അധ്യാപകരില്‍നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. ഈ രണ്ടുകൂട്ടരേയും ഒരുപോലെ നേരിടേണ്ട സാഹചര്യമാണ് കേരള സര്‍വകലാശാലയുടെ വിസിക്കുള്ളത്. സര്‍വകലാശാലയുടെ സെനറ്റ് യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അതിക്രമിച്ചു കയറിയതിനെതിരെ വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ നടപടിക്ക് ഒരുങ്ങുകയാണല്ലോ. ഇതിനിടെയാണ് സര്‍വകലാശാല കലോത്സവവും അലങ്കോലപ്പെടുത്തിയിരിക്കുന്നത്.
കേരള സര്‍വകലാശാല കലോത്സവത്തിന്റെ തുടക്കം തന്നെ വിവാദത്തോടെയായിരുന്നു. എസ്എഫ്ഐ ഭരിക്കുന്ന യൂണിയന് കലോത്സവത്തിന് ‘ഇന്തി ഫാദ’ എന്നു പേരിട്ടത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാലസ്തീന് ഭീകര സംഘടനയായ ഹമാസും മറ്റും മതപരമായ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്. മുന്നേറ്റം എന്നര്‍ത്ഥമുള്ള ഈ വാക്ക് ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ കടുത്ത വിഭാഗീയത സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് എസ്എഫ്ഐക്കുള്ളത്. ഇതിനെതിരെ സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കുറച്ചു വര്‍ഷം മുന്‍പ് അല്‍ഖൊയ്ദ ഭീകരനായ അല്‍ റുബായിഷിന്റെ കവിത കോഴിക്കോട് സര്‍വകലാശാലയില്‍ പാഠ്യവിഷയമാക്കിയപ്പോള്‍ എസ്എഫ്ഐ പിന്തുണച്ചിരുന്നു. ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തില്‍ ഇടുക്കി സ്വദേശിനി നേഴ്സും, അടുത്തിടെ കൊല്ലത്തെ ഒരു യുവാവും കൊല്ലപ്പെട്ടപ്പോള്‍ അതിനെ അപലപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മോ തയ്യാറായില്ല. ഇതിന്റെ തുടര്‍ച്ചയാണ് എസ്എഫ്ഐ ആഗോള ഇസ്ലാമിക ഭീകരവാദ മുദ്രാവാക്യം ഉയര്‍ത്തിയത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഭാരതത്തെ തുണ്ടംതുണ്ടമാക്കുമെന്ന് ജെഎന്‍യു സര്‍വകലാശാലയില്‍ ഉയര്‍ന്ന മുദ്രാവാക്യത്തിന്റെ പ്രതിധ്വനിയാണ് എസ്എഫ്ഐ കേരള സര്‍വകലാശാല കാമ്പസില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. വിസി ശക്തമായി ഇടപെട്ടതോടെ ഇന്‍തിഫാദ എന്ന പേര് മാറ്റേണ്ടി വന്നു. എന്നാല്‍ ഇത് ഒരു നിസ്സാരസംഭവമായി കാണാനാവില്ല. ഭീകരവാദ സ്വഭാവമുള്ള പേര് സ്വീകരിച്ചതും, കലോത്സവത്തിന്റെ ലോഗോയില്‍ പാലസ്തീന് പതാകയുടെ നിറം നല്കിയതുമൊക്കെ അന്വേഷണവിധേയമാക്കണം. കേരളത്തിലെ കാമ്പസുകളെ ഇടത്-ജിഹാദി ശക്തികള്‍ അക്രമവല്‍ക്കരിക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യുന്നത് ചെറുത്തേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: