കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തോല്‍വി. കരുത്തരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനോട് 4-3നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സീസണില്‍ മഞ്ഞപ്പടയുടെ ഏഴാം തോല്‍വിയാണിത്. ഇതോടെ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ് അല്‍പ്പം കൂടി കാത്തിരിക്കേണ്ടിവരും.
അടിയും തിരിച്ചടിയുമായി ത്രില്ലര്‍ പോരാട്ടമായാണ് ഇന്നലത്തെ ബ്ലാസ്റ്റേഴ്സ്-മോഹന്‍ ബഗാന് മത്സരം പര്യവസാനിച്ചത്. കളിയുടെ തുടക്കത്തിലേ തന്നെ അര്‍മാന്‍ഡോ സാദിക്കുവിലൂടെ നാലാം മിനിറ്റില്‍ മോഹന്‍ ബഗാന് മുന്നിലെത്തി. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഈ ഒരു ഗോളില്‍ അവര്‍ ലീഡ് ചെയ്തു. രണ്ടാം പകുതി പകരം ഗോള്‍ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ആണ് തുടങ്ങിയത്.
54-ാം മിനിറ്റില്‍ വിബിന് മോഹനന് ഗോള്‍ നേടി. 60-ാം മിനിറ്റില്‍ ബഗാന് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്സ് ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ഗോള്‍ മടക്കി വീണ്ടും സമനില പിടിച്ചു. അഞ്ച് മിനിറ്റേ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ദീപക് ടാംഗ്രിയിലൂടെ മോഹന്‍ ബഗാന് വീണ്ടും മുന്നിലെത്തി(3-2). പിന്നീട് പോര് മുറുകിയത് 12 മിനിറ്റോളം നീണ്ട ഇന്‍ജുറി ടൈമിലാണ്.90+7ാം മിനിറ്റില്‍ ജേസന്‍ കമ്മിങ്സ് മോഹന്‍ ബഗാന് ലീഡ് വര്‍ദ്ധിപ്പിച്ചു. രണ്ട് മിനിറ്റിനകം ബ്ലാസ്റ്റേഴ്സ് ഡയമന്റക്കോസിലൂടെ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും സമനില പോടിക്കാന്‍ പോലും സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: