ബെംഗളൂരു : ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു. നേരത്തെ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി വാര്‍ത്ത ഉണ്ടായിരുന്നു. കര്‍ണാടകത്തിലെ ബെല്ലാരി ജില്ലയില്‍ നിന്ന് സയ്യദ് ഷബീര്‍ എന്ന ഒരാളെ പിടികൂടിയെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതിയെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും എന്‍ഐഎ സമൂഹമാധ്യമമായ എക്സില്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു സമൂഹമാധ്യമപോസ്റ്റില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ട എന്‍ഐഎ ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് എട്ടിന് എന്‍ഐഎ പുറത്തുവിട്ട പ്രതിയുടെ വീഡിയോ:
NIA seeks citizen cooperation in identifying the suspect linked to the #RameswaramCafeBlastCase.
📞 Call 08029510900, 8904241100 or email to info.blr.nia@gov.in with any information.
Your identity will remain confidential. #BengaluruCafeBlast pic.twitter.com/l0KUPnoBZD— NIA India (@NIA_India) March 8, 2024
രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലുള്ളവര്‍ വിദഗ്ധരായ തീവ്രവാദികള്‍
മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ ഐഇഡി സ്ഫോടനം നടന്നത്. പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് എന്‍ഐഎയ്ക്ക് വിടുകയായിരുന്നു. പ്രതി രാമേശ്വരം കഫേയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കൊണ്ടു വയ്ക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് അന്വേഷണത്തില്‍ ഇയാള്‍ ശിവമൊഗ്ഗയിലെ ഐഎസ്ഐഎസ് രഹസ്യ ഗ്രൂപ്പില്‍ പെട്ട യുവാവാണെന്ന് ബെംഗളൂരു പൊലീസ് ഊഹിച്ചിരുന്നു. പക്ഷെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറാന്‍ എന്‍ഐഎയ്ക്ക് ആയിട്ടില്ല. അത്ര വിദഗ്ധമായാണ് സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതത്രെ.
ബെംഗളൂരു, ബെല്ലാരി, കല്‍ബുറഗി….പ്രതികള്‍ ഇരുളില്‍
രാമേശ്വരം കഫേയില്‍ ഉച്ചയ്ക്ക് 12.58ന് സ്ഫോടനം നടത്തിയ ശേഷം തൊപ്പി വെച്ച ഈ യുവാവ് രാത്രി 8.58ന് ബെല്ലാരിയില്‍ എത്തിയതായി ബസുകളില്‍ നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബെല്ലാരിയിലെ പള്ളികള്‍ക്കുള്ളിലാണ് പ്രതി ഒളിച്ചിരിക്കുന്നതെന്നും ഇവിടെ റെയ്ഡ് നടത്താന്‍ എന്‍ഐഎയെ അനുവദിക്കണമെന്നും കര്‍ണ്ണാടകയിലെ ഒരു നേതാവ് പ്രസ്താവന നടത്തിയത് വന്‍ വിവാദമായിരുന്നു.
ബല്ലാരിയില്‍ വെച്ച് ഈ യുവാവ് മറ്റൊരു ചെറുപ്പക്കാരനുമായി കൂടിക്കാഴ്ച നടത്തിയെന്നും അതിന് ശേഷം കല്‍ബുര്‍ഗിയിലേക്ക് മറ്റൊരു ബസില്‍ കയറിപ്പോയതായും സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു. ബോംബ് സ്ഫോടനം നടത്തിയ യുവാവ് കൂടിക്കാഴ്ച നടത്തിയ യുവാവിനെയാണ് മാര്‍ച്ച് 13 ചൊവ്വാഴ്ച എന്‍ഐഎ പിടികൂടിയതെന്നും വാര്‍ത്ത പരന്നിരുന്നു. ഇത് എന്‍ഐഎ നിഷേധിച്ചിരിക്കുകയാണ്.
വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം നല്കുന്ന പോസ്റ്റ്:
NIA announces cash reward of 10 lakh rupees for information about bomber in Rameshwaram Cafe blast case of Bengaluru. Informants identity will be kept confidential. pic.twitter.com/F4kYophJFt
— NIA India (@NIA_India) March 6, 2024
ബോംബ് സ്ഫോടനം നടത്തിയ യുവാവിനെക്കുറിച്ച് വിവരം ലഭിക്കാന്‍ 2023 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന ബെല്ലാരിയിലെ നാലംഗ ഐഎസ്ഐഎസ് സംഘത്തിലെ ചെറുപ്പക്കാരെ എന്‍ഐഎ മാര്‍ച്ച് 6 മുതല്‍ 9 വരെ ചോദ്യം ചെയ്തിരുന്നു. 2020നും 2023നും ഇടയില്‍ ബെംഗളൂരു പൊലീസും എന്‍ഐഎയും ശിവമൊഗ്ഗയില്‍ ഒരു ഐഎസ്ഐഎസ് രഹസ്യസംഘത്തെ പിടികൂടാന്‍ ശ്രമിച്ചതിനിടയില്‍ രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളായിരിക്കാം രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്. അബ്ദുള്‍ താഹ മതീന്, മുസ്സാവിര്‍ ഹുസ്സൈന്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്ന ഈ ചെറുപ്പക്കാര്‍.
ഐഡി മറച്ചുപിടിച്ചും രഹസ്യമായി ആശയവിനിമയം നടത്തിയും സംഘാംഗങ്ങള്‍
രാമേശ്വരം കഫേയില്‍ കൃത്യം നിര്‍വ്വഹിച്ച ആളെക്കുറിച്ചും അതിന് സഹായികളായി നിന്നവരെക്കുറിച്ചും ഒരു വിവരവും ലഭിക്കാതിരിക്കുന്നതിന് കാരണമുണ്ട്. കുറ്റവാളികള്‍ അത്രയ്ക്ക് വൈദഗ്ധ്യമുള്ളവരാണ്. അവര്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും അടയാളങ്ങളും അങ്ങേയറ്റം രഹസ്യമാക്കിവെക്കുന്നതില്‍ വിജയിച്ചവരാണ്. അതുപോലെ ഈ സംഘാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെയാണ്. ആ ശൃംഖലയ്ക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ എന്‍ഐഎക്കോ ബെംഗളൂരു പൊലീസിനോ ആവുന്നില്ല. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതില്‍ അത്രയ്ക്ക് പരിചയസമ്പന്നരാണ് ഈ യുവാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: