ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയ്ക്ക് ലോക് സഭാസീറ്റ് നല്‍കി ബിജെപി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും ഇദ്ദേഹം മത്സരിക്കും. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിതിന്‍ ഗാഡ്കരിയുടെ പേരില്ലാത്തത് വിവാദമാക്കിയ ഉദ്ധവ് താക്കറെയ്ക്ക് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് ബിജെപി.
2014ലും 2019ലും ഇദ്ദേഹം നാഗ്പൂരില്‍ നിന്നാണ് മത്സരിച്ച് ലോക് സഭയില്‍ എത്തിയത്. 2019ല്‍ കോണ്‍ഗ്രസിന്റെ നാനാ പടോളെയെയാണ് ഗാഡ് കരി കെട്ടുകെട്ടിച്ചത്. 2014ല്‍ കോണ്‍ഗ്രസിന്റെ വിലാസ് മുത്തെംവാറിനെ 284848 വോട്ടുകള്‍ക്കാണ് നിതിന്‍ ഗാഡ്കരി പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 54 ശതമാനത്തോളം ഗാഡ്കരി നേടി. 2019ല്‍ കോണ്‍ഗ്രസിന്റെ നാനാ പടോളെയെ 2,16009 വോട്ടുകള്‍ക്ക് തോല്പിച്ചു. ഇക്കുറി നിതിന്‍ ഗാഡ്കരിയുടെ വോട്ട് 1.5 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തു. ആകെ 55.67 ശതമാനം വോട്ടുകളാണ് നിതിന്‍ ഗാഡ്കരി 2019ല്‍ നേടിയത്.
ഇക്കുറി ബിജെപി പുറത്തുവിട്ട 195 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ നിതിന്‍ ഗാഡ്കരിയുടെ പേരില്ലാത്തത് ഉദ്ധവ് താക്കറെ വലിയ വിവാദമാക്കിയിരുന്നു. താങ്കള്‍ ബിജെപിയാല്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ലോക് സഭാ സീറ്റ് നല്‍കി വിജയിപ്പിക്കാമെന്നും കേന്ദ്രമന്ത്രിയാക്കാമെന്നും ഉദ്ധവ് താക്കറെ പരസ്യമായി പ്രസ്താവിച്ചിരുന്നു.
എന്നാല്‍ ഉദ്ധവ് താക്കറെയുടെ പ്രസ്താവന അസംബന്ധവും ബാലിശവും ആണെന്നായിരുന്നു നിതിന്‍ ഗാഡ്കരിയുടെ മറുപടി. മാത്രമല്ല, ബിജെപി നേതാക്കളുടെ കാര്യം താങ്കള്‍ നോക്കേണ്ടെന്നും നിതിന്‍ ഗാഡ്കരി ചുട്ടമറുപടി നല്‍കിയിരുന്നു. തെരുവില്‍ അധികാരമില്ലാതെ നില്‍ക്കുന്നയാള്‍ കേന്ദ്രമന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്യുന്നത് അസംബന്ധമാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രസ്താവിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ ലോക് സഭാ മണ്ഡലത്തില്‍ നിതിന്‍ ഗാഡ് കരിയെ സ്ഥാനാര്‍ത്ഥിയാക്കുക വഴി ഉദ്ധവ് താക്കറെയ്‌ക്ക് ബിജെപി ചുട്ടമറുപടി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: