നാലുവര്‍ഷം മുന്‍പ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതാണ് പൗരത്വനിയമ ഭേദഗതി. അതിനുള്ള വ്യവസ്ഥകളുമായി. അത് അംഗീകരിക്കില്ല. കേരളത്തില്‍ നടപ്പാക്കില്ല എന്ന ധിക്കാരം വിളമ്പാന്‍ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നല്‍കിയത്? പാര്‍ലമെന്റ് ഇരുസഭകളും പാസാക്കിയ നിയമം ഒരു സംസ്ഥാനത്ത് ബാധകമല്ലെ? ഇതെന്ത് ഏര്‍പ്പാടാണ്. നിയമം മുസ്ലീങ്ങള്‍ക്കെതിരാണെന്ന് പറയുന്നു. ആരാണ് പച്ചനുണ തട്ടിവിട്ടത്. മുസ്ലീങ്ങളെ കേന്ദ്രവിരുദ്ധമായി തിരിച്ച് വോട്ടുതട്ടാനുള്ള തരംതാണ പരിപാടിയല്ലെ ഇത്. ഏതെങ്കിലും ഒരു മുസല്മാന് എതിരാണ് ഈ നിയമമെന്ന് തെളിയിക്കാനാകുമോ? കേരള നിയമസഭ പ്രമേയം പാസാക്കി എന്നുപറയുന്നു. നിയമസഭയ്ക്ക് ഇതുതന്നെയാണല്ലൊപണി. ഇതിനു മുന്‍പും പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അയോധ്യാ വിഷയത്തില്‍ ഒറ്റക്കെട്ടായല്ലെ പ്രമേയം പാസാക്കിയത്? അതെന്തായി.
1993 ഫെബ്രുവരി 3 നായിരുന്നല്ലൊ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിനെതിരെ ഗോഗ്വാവിളിയും അട്ടഹാസവുമൊക്കെയായി പ്രമേയം ചര്‍ച്ചയാക്കിയത്. വി.എസ്.അച്യുതാനന്ദന് സബ്മിഷനായി ഉന്നയിച്ച വിഷയം പള്ളിപൊളിച്ചേ എന്നലറിക്കൊണ്ടായിരുന്നല്ലൊ. ബിജപിയെ തെറിപറയാന്‍ പള്ളി എന്നുപറഞ്ഞാലല്ലെ പറ്റൂ. എല്ലാകക്ഷികളിലെ അംഗങ്ങളും ചര്‍ച്ച ചെയ്ത് ഒടുക്കം പള്ളി പുതുക്കിപ്പണിയണമെന്നാണാവശ്യപ്പെട്ടത്. മുപ്പത് വര്‍ഷം കഴിഞ്ഞല്ലൊ. പ്രമേയവും പ്രസംഗവും അലമാരയില്‍ ഉറങ്ങി. അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്രമുയര്‍ന്നു. ഭക്തജനത്തിരക്കും തുടങ്ങി. ഇതിനാകട്ടെ സുപ്രീം കോടതിയുടെ നിരീക്ഷണവും നിര്‍ദ്ദേശവും കര്‍ശനമായിട്ടുണ്ടായിരുന്നു.
അയോധ്യ പ്രശ്നം തീര്‍പ്പാക്കിയ സുപ്രീം കോടതി, പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലവും അനുവദിച്ചു. പള്ളിപണിയെന്തായി? ഒരു കല്ലെങ്കിലും കേരളത്തില്‍ നിന്നെത്തിച്ചോ? പള്ളി പണിയാന്‍ ഒരു രൂപയെങ്കിലും അയയ്ക്കാന്‍ പ്രമേയം പാസാക്കാന്‍ കൈയും തലയും ഇട്ടടിച്ചവര്‍ തയ്യാറായോ? ഇല്ലേ ഇല്ല. പിന്നെന്തിനാണീ തലയില്‍ കൈവച്ചുള്ള അലമുറയിടല്‍? സംഗതി വ്യക്തമല്ലെ? മുസ്ലീങ്ങളില്‍ തെറ്റിദ്ധാരണ പരത്തി, മുസ്ലീങ്ങളെ പേടിപ്പിച്ച് കൂടെ നിര്‍ത്താന്‍. ‘കരളെടുത്ത് തളികയില്‍ വച്ചാലും അയ്യേ ഇതെന്താ ചെമ്പരത്തിപ്പൂവാണോ വച്ചതെ’ന്ന് ചോദിക്കുന്ന കൂട്ടരല്ലെ. സുപ്രീംകോടതി പറഞ്ഞാല്‍ ചെയ്യാതൊക്കുമോ എന്നു ചോദിക്കുന്നവരല്ലെ? ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ ഭാഗികവിധി വന്നപ്പോള്‍ അതും എടുത്തെഴുന്നള്ളിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവരല്ലെ? എന്നിട്ടെന്തായി. ആയിരക്കണക്കിനാളുകളെ ദുഃഖത്തിലും ദുരന്തത്തിലുമാക്കി.
പൗരത്വ ഭേദഗതി ബില്ലിലും സുപ്രീം കോടതിവിധിയുണ്ട്. കേരള നിയമസഭയുടെ പ്രമേയങ്ങള്‍ക്ക് നിയമത്തിന്റെ സ്വഭാവമില്ലെന്നും അത് സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം മാത്രമാണെന്നുമാണ് കോടതി നിരീക്ഷണം. 1955 ലാണ് പൗരത്വനിയമമുണ്ടായത്. അതിന്റെ ചട്ടങ്ങളാണ് പുറത്തുവന്നത്. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള 6 മതാനുയായികള്‍ക്കാണ് സംരക്ഷണം. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മുസ്ലീങ്ങള്‍ക്ക് പീഡനമില്ല. അവിടെ പീഡനംമൂലം ഒരു മുസ്ലീമും ഭാരതത്തിലേക്ക് വരുന്നില്ല. അവിടെ ഇല്ലാത്ത പീഡനക്കാര്‍ക്ക് ഇവിടെ സംരക്ഷണം എന്ന് പറയേണ്ടകാര്യമില്ല. മതംമാനദണ്ഡമാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദവും ബാലിശമാണ്.
നിയമം അറബിക്കടലില്‍ വലിച്ചെറിയണമെന്ന് ആവേശത്തോടെ പറയുന്നവരുണ്ട്. ജനങ്ങളെ ഭിന്നിച്ച് അധികാരം ഉറപ്പിക്കാനെന്ന വാദവും പറയുന്നു. ഇപ്പറയുന്നതൊന്നും നേരല്ല, നുണ നിരന്തരം വിളമ്പി രക്ഷപ്പെടാന്‍ നോക്കണ്ട. പ്രധാനമന്ത്രി എപ്പോഴും പറയുന്നത് 140 കോടി ജനങ്ങളുടെ കാര്യമാണ്. അതില്‍ 19 കോടി മുസ്ലീങ്ങളും പെടും. മുസ്ലീങ്ങളെ മാറ്റിനിര്‍ത്തി ഒരു പദ്ധതിയും നടപ്പാക്കുന്നില്ല. ഭാരതത്തിലെ മുസ്ലീങ്ങളെ ഏകോദരസഹോദരരായേ കാണാന്‍ കഴിയൂ. സൗദിയില്‍ ഹജ്ജിന് പോകുന്നവരില്ലെ. പാസ്പോര്‍ട്ടും വിസയുമില്ലാതെയാണോ പോകുന്നത്. ഏതെങ്കിലും രാജ്യത്ത് വിസയോ പാസ്പോര്‍ട്ടോ ഇല്ലാതെ മതത്തിന്റെ പേരില്‍ ആനുകൂല്യമുണ്ടോ! കേരളമെന്തേ പ്രത്യേക രാഷ്ട്രമാണോ! വെളിച്ചപ്പാടും വാളും തറയും വേറേ വേറെയാണോ?
കേരളത്തില്‍ ഇതൊന്നും ബാധകമല്ലെന്ന് പറയുന്ന മുഖ്യമന്ത്രി മുസ്ലീം സമൂഹത്തോട് കടുത്ത വഞ്ചനയും നീതികേടുമാണ് കാണിക്കുന്നത്. 2019 ഡിസംബര്‍ 31 ന് പ്രത്യേക സമ്മേളനമാണ് നിയമസഭ നടത്തിയത്. അന്ന് മുഖ്യമന്ത്രിതന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്നപോലെ പ്രതിപക്ഷവും ജയ്ജയ് വിളിച്ചു. വെള്ളരിപ്രാവിനെ കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. അന്ന് നിയമസഭയില്‍ ബിജെപിയുടെ ഒ.രാജഗോപാല്‍ മാത്രമേ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചുള്ളൂ. പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ല. തടങ്കല്‍ പാളയങ്ങള്‍ക്കുള്ള ഒരു നടപടിയും കേരള സര്‍ക്കാര്‍ സ്വീകരിക്കില്ല. ഈ പ്രമേയം ചരിത്രത്തില്‍ ഇടംനേടും. മുഖ്യമന്ത്രി അവകാശപ്പെട്ടു. രാഷ്ട്രീയവും രാഷ്ട്രവും രണ്ടല്ലെന്നും രാഷ്ട്രമെന്ന കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നുമാണ് രാജഗോപാല്‍ പറഞ്ഞത്. അന്നത്തെ മുദ്രാവാക്യം ആവര്‍ത്തിച്ച് ഇരുമുന്നണികളും രംഗത്തുവന്നിരിക്കുന്നു.
സിഎഎ പ്രതിഷേധത്തില്‍ ആര് മുന്നിലെത്തുമെന്ന കാര്യത്തിലാണ് ഇരു മുന്നണികളും തമ്മില്‍ മത്സരം. കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ നിയമവകുപ്പ് ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. സിഎഎ വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 835 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിഎഎ വിഷയത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നതിനാല്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ നിയമലംഘനങ്ങള്‍ക്കെതിരെ എടുത്ത കേസുകളില്‍ 59 എണ്ണമാണ് ഇതുവരെ പിന്‍വലിച്ചതെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം. എണ്ണായിരത്തോളംപേര്‍ കേസുകളില്‍ പ്രതികളായി. കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍ 2019 മുതല്‍ ആവശ്യപ്പെടുന്നതാണ്. അന്യായമായി കൂട്ടം ചേരല്‍, കലാപ ആഹ്വാനം, പൊതുവഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ സമരം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കൂടുതല്‍ കേസുകളും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗുരുതരമായ കേസുകള്‍ ഒഴികെയുള്ളവ എത്രയും വേഗം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസുകള്‍ പിന്‍വലിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ള കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ട കോടതികളില്‍ അപേക്ഷ നല്‍കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സിപിഎമ്മും പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുന്നു.
‘വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുതാന്‍ തയാറാകണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ധനമന്ത്രിയുമായ കെ.എന്‍.ബാലഗോപാല്‍ വിചിത്രവാദം.
കോണ്‍ഗ്രസ് നേതൃയോഗം സിഎഎ വിഷയം ചര്‍ച്ച ചെയ്യും. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മുസ്ലിം സമുദായത്തില്‍ ആശങ്കയുളവാക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ സമരത്തിനാണ് കോണ്‍ഗ്രസ് തയാറാടെടുക്കുന്നത്. ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജ്ഞാപനമിറക്കിയത് ദുരുദ്ദേശ്യപരമാണെന്നും സ്റ്റേയ്ക്കായി കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നുമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: