തിരുവല്ല: സ്ഥാനാര്‍ത്ഥികളെ മൂന്നു മുന്നണികളും പ്രഖ്യാപിച്ചതോടെ പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി, യുഡിഎഫിന്റെ ആന്റോ ആന്റണി, എല്‍ഡിഎഫിന്റെ ഡോ. തോമസ് ഐസക്ക് എന്നിവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനൊപ്പം വോട്ടര്‍മാരെയും നേരില്‍ കാണുകയാണ്.
ബിജെപി യുവനേതാവും പാര്‍ട്ടി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ കെ. ആന്റണി ജാതി മത ഭേദമെന്യേ മണ്ഡലത്തിലെ പ്രമുഖരെ നേരില്‍കണ്ടും പ്രമുഖ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചുമാണ് ഒന്നാംഘട്ട പ്രചാരണം കൊഴുപ്പിക്കുന്നത്. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ എന്‍ഡിഎ എതിരാളികളെ ഞെട്ടിക്കുന്ന നീക്കമാണ് നടത്തിയത്. തുടക്കത്തില്‍ ഇടതു, കോണ്‍ഗ്രസ് അനുകൂലികളായ മാധ്യമപ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനെ അനിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അസംതൃപ്തനായി ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതൊക്കെ ജലരേഖ ആകുന്നതാണ് പിന്നീട് കണ്ടത്. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകനെ താമര അടയാളത്തില്‍ മണ്ഡലത്തില്‍ വിജയകിരീടം അണിയിച്ചേ വിശ്രമത്തിനുള്ളൂ എന്ന ദൃഢനിശ്ചയത്തില്‍ ആണ് ഇപ്പോള്‍ പിസിയുടെ പ്രവര്‍ത്തനം.
മുന്‍ ധനമന്ത്രിയായ ഡോ. തോമസ് ഐസക്കിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എല്‍ഡിഎഫ് ആണ് മണ്ഡലത്തില്‍ പ്രചാരണത്തിനു തുടക്കമിട്ടത്. ആദ്യം പ്രചരണം തുടങ്ങിയതിലൂടെ എല്‍ഡിഎഫ് കൈവരിച്ച മുന്‍തൂക്കം ചടുലവും ചിട്ടയാര്‍ന്നതുമായ പ്രവര്‍ത്തനത്തിലൂടെ വളരെപ്പെട്ടന്നു മറികടക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി.
എന്‍ഡിഎ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഒരു മുഴം മുമ്പേ എത്തിയപ്പോഴാണ് സിറ്റിങ് എംപി ആന്റോ ആന്റണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വന്നത്. ആദ്യഘട്ടത്തിലെ മന്ദഗതി മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആന്റോ നടത്തുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ആയിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ല രൂപീകരിച്ചെങ്കിലും മണ്ഡലം ഉണ്ടാകുന്നത് 27 വര്‍ഷത്തിന് ശേഷമാണ്. അതിനു മുമ്പു വരെ പത്തനംതിട്ട, റാന്നി മണ്ഡലങ്ങള്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായും അടൂര്‍, കോന്നി മണ്ഡലങ്ങള്‍ അടൂര്‍ ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായും ആറന്‍മുള, കല്ലൂപ്പാറ, തിരുവല്ല പന്തളം മണ്ഡലങ്ങള്‍ മാവേലിക്കരയുടേയും ഭാഗമായിരുന്നു.
1977ല്‍ ഈ മൂന്നു ലോക്സഭാ മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പം ആയിരുന്നെങ്കില്‍ 1980ല്‍ മൂന്നും എല്‍ഡിഎഫിനെ പിന്തുണച്ചു. 1984ലെ ഇന്ദിരാ തരംഗത്തില്‍ അടൂരും ഇടുക്കിയും യുഡിഎഫിന് ഒപ്പം നിന്നപ്പോള്‍ മാവേലിക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.
പിന്നീടുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മാറിമാറി കരുത്ത് തെളിയിച്ചു. എന്നാല്‍ 2009 ല്‍ മണ്ഡല പുനരേകീകരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ആന്റോ ആന്റണി 111206 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ കെ. അനന്തഗോപനെ പരാജയയപ്പെടുത്തി. പിന്നീടു കണ്ടത് ആന്റോ ആന്റണിയുടെ ഹാട്രിക് വിജയമാണ്. അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ജില്ലയിലും പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ കോട്ടയം ജില്ലയിലും ആണ്.
ഈ തെരഞ്ഞെടുപ്പില്‍ അതിശക്തമായ ത്രികോണ മത്സരമാണ് മണ്ഡലം പ്രതീഷിക്കുന്നത്. സ്ഥാനാര്‍ഥികള്‍ കളം നിറഞ്ഞതോടെ മണ്ഡലം കടുത്ത പോരാട്ടത്തിന് വേദി ആയിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: