Categories: India

500 രൂപയുടെ കള്ളനോട്ടുകള്‍ പെരുകുന്നു;ദല്‍ഹിയിലെ 16 ബാങ്കുകളില്‍ കഴിഞ്ഞ ആറ് മാസത്തില്‍ എത്തിയത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍

ഇന്ത്യയുടെ തലസ്ഥാനനഗരിയായ ദല്‍ഹിയില്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം കൂടുന്നു. ദല്‍ഹിയിലെ 16 ബാങ്കുകള്‍ ശേഖരിച്ചത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തിയിലെ പഴുതുകള്‍ മുതലെടുത്താണ് കള്ളനോട്ടുകള്‍ കള്ളക്കടത്തുകാര്‍ ഇന്ത്യയില്‍ എത്തിക്കുന്നതെന്ന് പറയുന്നു.

Published by

ന്യൂദല്‍ഹി: ഇന്ത്യയുടെ തലസ്ഥാനനഗരിയായ ദല്‍ഹിയില്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം കൂടുന്നു. ദല്‍ഹിയിലെ റിസര്‍വ്വ് ബാങ്ക് ശാഖയില്‍ ഉള്‍പ്പെടെ ദല്‍ഹിയിലെ 16 ബാങ്കുകളില്‍ കഴിഞ്ഞ ആറ് മാസങ്ങളില്‍ എത്തിയത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തിയിലെ പഴുതുകള്‍ മുതലെടുത്താണ് കള്ളനോട്ടുകള്‍ കള്ളക്കടത്തുകാര്‍ ഇന്ത്യയില്‍ എത്തിക്കുന്നതെന്ന് പറയുന്നു.

500 രൂപയുടെ കള്ളനോട്ടുകളാണ് അധികവും. പിന്നെ 50, 20,10 രൂപ കള്ളനോട്ടുകളുമുണ്ട്. അതേ സമയം 2000 രൂപയുടെ കള്ളനോട്ടുകളില്‍ നല്ല കുറവ് വന്നിട്ടുണ്ട്. ബാങ്കില്‍ വലിയ സംഖ്യയുടെ പണമടയ്‌ക്കേണ്ടി വരുമ്പോള്‍ കള്ളനോട്ടുകള്‍ ഇടയില്‍ തിരുകുന്നതാണെന്ന് കരുതുന്നു. റിസര്‍വ്വ് ബാങ്കും മറ്റ് 15 ബാങ്കുകളും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ഒരു സ്വകാര്യ ബാങ്കില്‍ നിന്നും 16.3 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെത്തിയിരുന്നു. മറ്റൊരു സ്വകാര്യബാങ്കില്‍ നിന്നും കണ്ടെത്തിയത് 15.7 ലക്ഷത്തിന്റെ കള്ളനോട്ടാണ്. ഇവയെല്ലാം 500 രൂപയുടെ നോട്ടുകളാണ്. നിയമാനുസൃതമായ ബില്ലുകളിന്മേലുള്ള തുക ഡെപ്പോസിറ്റ് ചെയ്യാനെത്തുമ്പോള്‍ ആ നോട്ടുകള്‍ക്കിടയില്‍ കള്ളനോട്ടുകള്‍ തിരുകുകയാണെന്ന് കരുതുന്നു. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാവകുപ്പ് നിയമത്തിലെ 489 സി സെക്ഷന്‍ പ്രകാരം കള്ളനോട്ട് കൈവശം വെച്ചു എന്ന കുറ്റത്തിന്റെ പേരില്‍ ഒരു കേസ് ചുമത്തിയിട്ടുണ്ട്.

രാജ്യാതിര്‍ത്തിക്കപ്പുറമുള്ള രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തികടന്നാണ് കള്ളനോട്ടുകള്‍ എത്തുന്നത്. പ്ലാസ്റ്റിക് കെട്ടുകള്‍ ദേഹത്ത് വെച്ച് കെട്ടിയാണ് കള്ളനോട്ടുകള്‍ കടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ദല്‍ഹി പൊലീസ് ഒരു ബള്‍ഗേറിയന്‍ പൗരനില്‍ നിന്നും 8.9 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. 500 രൂപയുടെ കള്ളനോട്ടുകളായിരുന്നു ഇവയെല്ലാം. ബള്‍ഗേറിയയിലെ സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഇയാള്‍. ഇന്ത്യന്‍ കള്ളനോട്ടുകള്‍ അടിച്ച് വിതരണം ചെയ്യുന്ന അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഇയാള്‍.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by