കൊച്ചി: പദ്മശ്രീ ജേതാവും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ എസ് അയ്യപ്പനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ആദരിച്ചു. ഇന്ത്യന്‍ മത്സ്യമേഖലയുടെ ഗവേഷണവികസന പുരഗതിക്ക് നല്കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ആദരവ്.
സിഎംഎഫ്ആര്‍ഐയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എംബിഎഐ) ഡോ. അയ്യപ്പന് ഓണററി ഫെല്ലോഷിപ്പ് ചടങ്ങില്‍ സമ്മാനിച്ചു. സിഎംഎഫ്ആര്‍ഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ. എ. ഗോപാലകൃഷ്ണന് പുരസ്കാരം കൈമാറി.
ഇന്ത്യയിലെ അറിയപ്പെടുന്ന ഫിഷറീസ് ശാസ്ത്രജ്ഞനായ ഡോ അയ്യപ്പന് 20102016ല്‍ ഐസിഎആറിന്റെ മേധാവിയായും കേന്ദ്ര കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭക്ഷ്യപോഷകാഹാര സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നതില്‍ ഫിഷറീസ് മേഖല നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ഡോ. അയ്യപ്പന് പറഞ്ഞു.
കാലാവസ്ഥാവ്യതിയാനമുള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന് മുന്‍ഗണന നല്‍കിയുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ വേണം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ഈ ഗവേഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമുദ്രമത്സ്യമേഖലയില്‍ സിഎംഎഫ്ആര്‍ഐയുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
ഗവേഷണ പഠനങ്ങള്‍ക്ക് ചിലവഴിക്കുന്ന പണം പത്തിരട്ടിയിലധികമായി സമൂഹത്തിന് തിരികെ ലഭിക്കുന്നുണ്ട്. മത്സ്യമേഖലയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പുതിയ ആശയങ്ങളഉം സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ഗവേഷകര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ നവീകരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു. ഐസിഎആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ ശുഭദീപ് ഘോഷ്, ഡോ. വി. വി. ആര്. സുരേഷ്, ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ്, ഡോ. രേഖ ജെ. നായര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: