Categories: Kerala

മാസപ്പടി കേസ്: എസ്എഫ്‌ഐഒ അന്വേഷണം തുടരാം, ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി

Published by

കൊച്ചി: മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു. കെഎസ്‌ഐഡിസിയുടെ ഹർജി അടുത്തമാസം 5ന് പരി​ഗണിക്കാനായി മാറ്റി. മുൻകൂട്ടി അറിയിക്കാതെയാണ് എസ്എഫ്‌ഐഒ സ്ഥാപനത്തിൽ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് രാഷ്‌ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്‌ഐഡിസിയുടെ ആരോപണം.

അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്നും കെഎസ്ഐഡിസി ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്ലിന്റെ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജും അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഏപ്രില്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.

അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ അറിയിച്ചിരുന്നു. സിഎംആർഎലിന്റെ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് കെഎസ്‌ഐഡിസി ജാഗ്രത പുലർത്തിയില്ലെന്ന് കോർപറേറ്റ് മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വാദം കേട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക