തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നേരത്തെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ എന്ത് തുടർ നടപടി സ്വീകരിക്കുണമെന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.
ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിന് വിരുദ്ധമാണ് കേന്ദ്ര നിലപാടെന്നും പൗരത്വ നിയമ ഭേദഗതി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.
നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും. ഡിവൈഎഫ് ഐയും സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. നിയമം നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം പറഞ്ഞു.
പൗരത്വത്തിന് മതം മാനദണ്ഡം ആക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കും. പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി നിയമം വിദഗ്ധരുടെ സഹായം തേടും. നിയമത്തിനെതിരെ നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. ഇതിനിടെയാണ് തിടുക്കപ്പെട്ട് കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. രാജ്യത്തെ വംശീയ റിപ്പബ്ലിക്ക് ആക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും റഹിം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: