Categories: Samskriti

അലോക സാമാന്യനായ ആത്മീയാചാര്യന്‍

Published by

”ഒരാള്‍ക്ക് ശക്തിമത്തായ ബുദ്ധിയുണ്ട്; മറ്റൊരാള്‍ക്ക് വിശാലമായ ഹൃദയവും. ശ്രീശങ്കരന്റെ സമുജ്വലമായ പ്രതിഭയും ശ്രീചൈതന്യന്റെ അത്ഭുതകരമാംവണ്ണം വികസ്വരവും അനശ്വരവുമായ ഹൃദയവും ഒരേ ശരീരത്തില്‍ ഉദ്വഹിക്കുന്ന ഒരുവന്‍ ജനിക്കുവാന്‍ പറ്റിയ സമയം വന്നു. ഒരേ ഈശ്വരന്‍, ഒരേ ചൈതന്യം എല്ലാ മതവിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്ന കാഴ്ചയുള്ള ഒരുവന്‍; ഓരോ പ്രാണിയിലും ഈശ്വരനെ ദര്‍ശിക്കുന്നവന്‍; പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും ജാതി ഹീനര്‍ക്കും അധഃകൃതര്‍ക്കും ഭാരതത്തിലും വെളിയിലുമുള്ള എല്ലാപേര്‍ക്കും വേണ്ടി അലിയുന്ന കരളുള്ള ഒരുവന്‍; ഒപ്പം ഭാരതത്തിനുള്ളില്‍ മാത്രമല്ല വെളിയിലുമുള്ള വിരുദ്ധമത വിഭാഗങ്ങളെ തമ്മില്‍ ഇണക്കുന്ന ഉത്കൃഷ്ട ചിന്തകളെ ഉദ്ഭാവനം ചെയ്യുന്ന ഉജ്വല ബുദ്ധിയുള്ളവന്‍ ജനനമെടുക്കാനുള്ള കാലം പരിപക്വമായി. അത്തരം ഒരു മനുഷ്യന്‍ ജനിച്ചു. പല സംവത്സരങ്ങളായി അദ്ദേഹത്തിന്റെ ചേവടികള്‍ പണിയുവാനുള്ള ഭാഗധേയം എനിക്കുണ്ടായി. സ്വന്തം പേരെഴുതാന്‍പോലും പഠിക്കാത്ത ഒരു മഹാപ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഞങ്ങളുടെ വിശ്വവിദ്യാലയത്തിലുണ്ടായിരുന്ന അതിബുദ്ധിമാന്മാരായ ബിരുദധാരികള്‍ അദ്ദേഹത്തെ അമാനുഷ പ്രതിഭയുള്ളവനായി കരുതി. ഈ ശ്രീരാമകൃഷ്ണ പരമഹംസന്‍ അലോക സാമാന്യനായ ഒരു മനുഷ്യനായിരുന്നു”. സ്വാമി വിവേകാനന്ദന്‍ തന്റെ ഗുരുനാഥനായ ശ്രീരാമകൃഷ്ണ പരമഹംസരെ പരിചയപ്പെടുത്തി പറഞ്ഞതാണ് ഹൃദയസ്പര്‍ശിയായ ഈ വചനങ്ങള്‍. സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിനും സമുദ്ധാരണത്തിനുമായിരുന്നു സ്വാമി വിവേകാനന്ദന്‍ പരിചയപ്പെടുത്തിയ ഈ പുണ്യാത്മാവ് ഭൂജാതനായത്.

ബംഗാളിലെ കമാര്‍പുക്കൂര്‍ ഗ്രാമത്തില്‍ ക്ഷുദിരാമന്റെയും ചന്ദ്രമണിദേവിയുടേയും മകനായി 1836-ല്‍ ആയിരുന്നു ശ്രീരാമകൃഷ്ണന്റെ ജനനം. ഗദാധരന്‍ എന്നായിരുന്നു ആദ്യനാമം. ശൈശവം മുതല്‍ക്കുതന്നെ അസാധാരണമായ സവിശേഷതകള്‍ ഈ ബാലനുണ്ടായിരുന്നു. ജനിച്ച നാള്‍ മുതല്‍ തന്നെ പൂര്‍വ്വജന്മ സ്മരണയുണ്ടായിരുന്ന ഗദാധരന് താന്‍ എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക് വന്നതെന്ന കാര്യത്തിലും നല്ല നിശ്ചയമുണ്ടായിരുന്നു. ഔപചാരിക പഠനത്തിന് സ്‌കൂളില്‍ ചേര്‍ന്നെങ്കിലും അവിടെ തുടരാന്‍ ഗദാധരന് കഴിഞ്ഞില്ല. ഭൗതികമായ നേട്ടങ്ങള്‍ക്ക് മാത്രമുള്ളതാണ് ലൗകിക വിദ്യാഭ്യാസമെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നും ഈ ബാലന്‍ തിരിച്ചറിഞ്ഞു. തന്റെ ഹൃദയത്തിന് വെളിച്ചവും ശക്തിയും നല്‍കുന്ന ആത്മാന്വേഷണത്തിന്റെ വഴിതന്നെ ഗദാധരന്‍ തെരഞ്ഞെടുത്തു.

ദക്ഷിണേശ്വരത്ത് റാണി രാസമണി എന്ന ഭക്ത പണികഴിപ്പിച്ച കാളിക്ഷേത്രത്തില്‍ പൂജാരിയായി ജ്യേഷ്ഠന്‍ രാമകുമാരന്‍ ആയിടയ്‌ക്ക് ചുമതലയേറ്റു. ജ്യേഷ്ഠന്റെ സഹായിയായി അനുജന്‍ ഗദാധരനും അവിടെ എത്തി. ദക്ഷിണേശ്വരത്തെ പവിത്രമായ അന്തരീക്ഷം ഗദാധരന്റെ മനസ്സിനെ കൂടുതല്‍ ഈശ്വരാഭിമുഖമാക്കി.

കാളിമാതാവിന്റെ ദര്‍ശനത്തിനുവേണ്ടിയുള്ള വ്യാകുലത ഈ ബാലനില്‍ അനുദിനം വളര്‍ന്നുവന്നു. ദേവിയുടെ ദര്‍ശനസൗഭാഗ്യം സാധ്യമാകാതിരിരുന്ന ആദ്യനാളുകളില്‍ ഗംഗദക്ഷിണേശ്വരത്ത് എത്തിയ തോതാപുരി എന്ന ശ്രേഷ്ഠനായ സംന്യാസിയില്‍ നിന്ന് അദൈ്വതസാധന ശാസ്ത്രീയമായി അഭ്യസിച്ച് നിര്‍വികല്പ സമാധിയില്‍ ആമഗ്നനാകാന്‍ ഗദാധരന് കഴിഞ്ഞു. ഒരിടത്തും മൂന്നുനാളില്‍ കൂടുതല്‍ തങ്ങാത്ത പരിവ്രാജകനായ ഈ സംന്യാസി തന്റെ അതുല്യനായ ശിഷ്യനെ വേദാന്തതത്ത്വങ്ങള്‍ പഠിപ്പിച്ചും അവയില്‍ പരിശീലനം നല്കിയും പതിനൊന്നുമാസം അവിടെ പാര്‍ത്തു. തോതാപുരിയാണ് വിശ്വവിഖ്യാതമായ ശ്രീരാമകൃഷ്ണന്‍ എന്ന നാമം ഗദാധരന് നല്കിയത്.

‘സര്‍വ്വധര്‍മ്മസമഭാവന’ എന്നത് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാന പ്രമാണമാണ്. ആര് എപ്രകാരം എന്നെ സമീപിക്കുന്നുവോ അവരെ അപ്രകാരം തന്നെ ഞാന്‍ അനുഗ്രഹിക്കുന്നു എന്നാണ് ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ അരുളിചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് ഏതുമാര്‍ഗവും തെരഞ്ഞെടുക്കാം. ഏതു മാര്‍ഗത്തില്‍ വന്നാലും ഞാന്‍ നിങ്ങളെ സ്വീകരിക്കും. (ഭ.ഗീ. 4.11). നാനാനദികള്‍ ഭിന്നപര്‍വതങ്ങളില്‍ നിന്ന് ഉദ്ഭവിച്ച്, ചിലയിടങ്ങളില്‍ വളഞ്ഞും ചിലപ്പോള്‍ നേരേയും ഒഴുകി അവസാനം ഒരേ കടലില്‍ എത്തുന്നതുപോലെ വ്യത്യസ്ത ആരാധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരും ഒടുവില്‍ അങ്ങയില്‍ തന്നെ വന്നുചേരുന്നു എന്ന് ശിവമഹിമ സ്‌തോത്രത്തിലും പറയുന്നു. ഈ ശാസ്ത്രതത്ത്വങ്ങളെ സ്വയം പരീക്ഷിച്ച് ബോദ്ധ്യപ്പെടാന്‍ ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചു. ഇതിനായി വിവിധ മതങ്ങളുടെ തത്വങ്ങള്‍ അണുവിട വ്യതിചലിക്കാതെ സ്വജീവിതത്തില്‍ അനുഷ്ഠിച്ച അദ്ദേഹത്തിന് ഒരേ സത്യംതന്നെ അനുഭവവേദ്യമായി. മതങ്ങളുടെ പേരില്‍ നടക്കുന്ന കലഹങ്ങളുടേയും കലാപങ്ങളുടെയും നിരര്‍ത്ഥകത, സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍, അദ്ദേഹം ലോകത്തെ അറിയിച്ചു.

തങ്ങളുടെ മതംമാത്രമാണ് ശരിയെന്നും മോക്ഷമാര്‍ഗ്ഗം അതൊന്നുമാത്രമെന്നുമാണല്ലോ സെമിറ്റിക് മതങ്ങളുടെ നിലപാട്. ഈ നിലപാടിന്റെ അര്‍ത്ഥശൂന്യതയാണ് ശ്രീരാമകൃഷ്ണന്‍ സ്വാനുഭവത്തിലൂടെ തെളിയിച്ചത്. മതപരിവര്‍ത്തനത്തെ ശ്രീരാമകൃഷ്ണന്‍ അംഗീകരിച്ചില്ല. ബംഗാളിലെ പ്രശസ്തനായ വക്കീലും കവിയുമായിരുന്ന മധുസൂദനദത്തന്‍ ഒരുനാള്‍ സ്വധര്‍മ്മം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച് മൈക്കിള്‍ മധുസൂദനദത്തന്‍ ആയി. മതപരിവര്‍ത്തനത്തിനുശേഷം അദ്ദേഹം ശ്രീരാമകൃഷ്ണദേവനെ സന്ദര്‍ശിക്കാനെത്തി. സ്വധര്‍മ്മത്തെ നിന്ദിച്ച് പരധര്‍മ്മം സ്വീകരിച്ച മൈക്കിള്‍മധുസൂദനദത്തനോട് സംസാരിക്കാന്‍പോലും ശ്രീരാമകൃഷ്ണന്‍ തയ്യാറായില്ല. സനാതനധര്‍മ്മം ഉപേക്ഷിച്ച ഒരാളോടുള്ള ശ്രീരാമകൃഷ്ണന്റെ അതൃപ്തിയാണ് ഇവിടെ കാണുന്നത്.

എന്താണ് ആത്മീയ ജീവിതവും ശരിയായ മതവുമെന്ന് സംശയാതീതമായിത്തന്നെ ശ്രീരാകൃഷ്ണന്‍ നമ്മെ ബോധ്യപ്പെടുത്തി. മതത്തിന്റെ അന്തസ്സത്ത ആത്മീയ വികാസവും ആത്മസാക്ഷാത്കാരവുമാണ്. സര്‍വജീവജാലങ്ങളോടുമുള്ള കാരുണ്യമാണ് ആത്മീയ വികാസത്തിന്റെ ലക്ഷണം. ബാഹ്യമായ മതനിഷ്ഠകളും ചടങ്ങുകളും നമുക്ക് അനായാസം നടത്താം. എന്നാല്‍ അനിവാര്യമായി നാം നേടേണ്ടത് ആത്മസാക്ഷാത്കാരമാണ്. മതബോധത്തിന്റെ അടിസ്ഥാനം സ്വഭാവശുദ്ധിയാണ്. പ്രകടനാത്മകവും ശബ്ദായമാനമായതുമൊന്നും മതമല്ലെന്ന് ശ്രീരാമകൃഷ്ണന്‍ നമുക്ക് മുന്നറിയിപ്പ് നല്കുന്നു.
ശ്രീരാമകൃഷ്ണന് ജീവിതം തന്നെയായിരുന്നു മതവും. മതത്തിന്റെ അനുശീലനം സാധ്യമായതിന്റെ മാതൃകയായിരുന്നു അവിടുത്തെ ജീവിതം. സനാതന സംസ്‌കാരത്തെ പൂര്‍വമഹിമയോടെ പുനരുജ്ജീവിപ്പിക്കാനും രാഷ്‌ട്രത്തിന്റെ സ്വത്ത്വം വീണ്ടെടുക്കുന്നതിനും ശ്രീരാമകൃഷ്ണന് കഴിഞ്ഞു. ശ്രീരാമകൃഷ്ണ ദേവനും സ്വാമി വിവേകാനന്ദനുമാണ് ഭാരതീയ നവോത്ഥാനത്തിന് തുടക്കമിട്ടത്.

സ്വാമി വിവേകാനന്ദനില്‍ കൂടിയാണ് ശ്രീരാമകൃഷ്ണനെ ലോകം അറിഞ്ഞത്. ശ്രീരാമകൃഷ്ണ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ ഇന്ന് മുഖ്യപങ്ക് വഹിക്കുന്നത് ശ്രീരാമകൃഷ്ണ പ്രസ്ഥാനങ്ങളാണ്. സ്വന്തം മോക്ഷത്തോടൊപ്പം ലോകത്തിന്റെ നന്മയും ലക്ഷ്യമിട്ടാണ് ശ്രീരാമകൃഷ്ണ മഠത്തിലെ സംന്യാസിമാര്‍ പ്രവര്‍ത്തിക്കുന്നത്.

മാനവരാശി നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും അശാന്തിയ്‌ക്കുമെല്ലാമുള്ള ഉത്തരം ശ്രീരാമകൃഷ്ണന്റെ ഉപദേശങ്ങളിലും സന്ദേശങ്ങളിലുമുണ്ട്. അവയെല്ലാം ആഴത്തില്‍ പഠിച്ച് പ്രാവര്‍ത്തികമാക്കുക എന്നതാണ് നമ്മുടെ കരണീയമായ കര്‍ത്തവ്യം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക