ശശി ശേഖര്‍ വെമ്പതി
പ്രസാര്‍ഭാരതി മുന്‍ സിഇഒ
ഇന്ത്യന്‍ പൊതു പ്രക്ഷേപണരംഗത്തെ പരിഷ്കാരങ്ങളുടെ ദശാബ്ദം, പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷമുണ്ടായ പരിവര്‍ത്തനത്തെക്കുറിച്ച് മാത്രമല്ല, 2047-ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ വികസന യാത്രയില്‍ പൊതുസേവന മാധ്യമങ്ങള്‍ നിര്‍വഹിക്കാനിരിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചും നിര്‍ണായക പരിശോധന അര്‍ഹിക്കുന്നു.
യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചിരുന്ന 2004-നും 2014-നും ഇടയിലെ കാലഘട്ടത്തെ ‘നഷ്ട ദശകം’ എന്ന് വിളിക്കുന്നുണ്ടെങ്കില്‍, അര്‍ത്ഥപൂര്‍ണമായ പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അന്നത്തെ ഗവണ്മെന്റിന്റെ നിരുത്സുക സമീപനം കണക്കിലെടുക്കുമ്പോള്‍ പൊതു പ്രക്ഷേപണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും ഇത് ശരിയാണ്. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ കഴിവില്ലാത്ത 20-ാം നൂറ്റാണ്ടിലെ ചിന്താഗതിയുള്ള സ്ഥാപനങ്ങളായി ദൂരദര്‍ശനും ആകാശവാണിയും മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ 2014 മുതല്‍ പ്രസാര്‍ഭാരതി, പൊതുപ്രക്ഷേപണ പരിഷ്കാരങ്ങളുടെ അഭൂതപൂര്‍വമായ യാത്ര ആരംഭിക്കുകയും അതിന്റെ അനന്തരഫലം കൊവിഡ്19 മഹാമാരി ബാധിച്ചപ്പോള്‍ ഏറ്റവും നന്നായി അനുഭവപ്പെടുകയും ചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തിന് നന്ദി. ഈ പരിവര്‍ത്തനം കേവലം സാങ്കേതിക നവീകരണങ്ങള്‍ മാത്രമല്ല, ഇന്റര്‍നെറ്റ് കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാന്‍ പ്രക്ഷേപണം എങ്ങനെ വികസിക്കണമെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
2014 മുതല്‍ സാക്ഷ്യം വഹിച്ച പരിവര്‍ത്തനം അതിന്റെ വ്യാപ്തിയിലും സങ്കീര്‍ണ്ണതയിലും അമ്പരപ്പിക്കുന്നതാണ്. 45 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സേവനമെത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഡിറ്റിഎച്ച് പ്ലാറ്റ്ഫോമായ ഡിഡി ഫ്രീ-ഡിഷിന്റെ വ്യാപ്തി ഇരട്ടിയായി. കോവിഡ്-19 മഹാമാരി സമയത്ത് ഇന്ത്യയുടെ എല്ലാ കോണിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ജീവനാഡിയായി മാറി. ഡിഡി ഫ്രീ-ഡിഷിലൂടെ ലഭ്യമായ 30-ലധികം വിദ്യാഭ്യാസ ചാനലുകള്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ലഭ്യതയുടെ പരിമിതികള്‍ മറികടക്കാനും വിദൂര ക്ലാസുകള്‍ക്കായി കമ്പ്യൂട്ടറുകളെ ആശ്രയിക്കാതെ പഠനസാമഗ്രികള്‍ കരസ്ഥമാക്കാനും സഹായിച്ചു. പൊതു പ്രക്ഷേപണം ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിലൂടെ ഇന്ത്യ എങ്ങനെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ അധ്യയന വര്‍ഷം ലാഭിച്ചുവെന്ന് നിരീക്ഷിച്ച ആഗോള മാധ്യമങ്ങള്‍ ഫ്രീ-ഡിഷിന്റെ പങ്കിനെ പ്രശംസിച്ചു. കൊവിഡ്19 അടച്ചിടല്‍ കാലത്ത് ഇതിഹാസങ്ങളായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പ്രക്ഷേപണത്തിലൂടെ ഇന്ത്യക്കാരെ അതില്‍ വ്യാപൃതരാക്കിയ ദൂരദര്‍ശന്റെ പങ്ക് വാള്‍സ്ട്രീറ്റ് ജേണല്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. രാമായണം സ്ഥാപിച്ച കാഴ്ചക്കാരുടെ റെക്കോഡ് ഇന്ത്യന്‍ ടെലിവിഷനെ സംബന്ധിച്ചിടത്തോളം സുദീര്ഘഭാവിയിലെ അളവുകോലായിരിക്കും.
കാലഹരണപ്പെട്ട 1200-ലധികം അനലോഗ് ഭൂതല ടെലിവിഷന്‍ ട്രാന്‍സ്മിറ്ററുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പൊതു പ്രക്ഷേപണരംഗംത്തെ സുപ്രധാന പരിഷ്കാരം. ഇന്ത്യയിലുടനീളമുള്ള ടെലിവിഷന്‍ കാഴ്ചക്കാര്‍ കേബിള്‍ ടിവിയിലേക്കും ഉപഗ്രഹാധിഷ്ഠിത സെറ്റുകളിലേക്കും മാറിയിട്ടും ഒരു ദശാബ്ദത്തിലേറെയായി കാലഹരണപ്പെട്ട ഈ ട്രാന്‍സ്മിറ്ററുകള്‍ ഉപേക്ഷിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല എന്നത് വിരോധാഭാസമായിരുന്നു. ഘട്ടം ഘട്ടമായി ഇവ ഉപേക്ഷിക്കുന്നതോടെ പ്രസാര്‍ഭാരതി വൈദ്യുതിച്ചെലവ് ഗണ്യമായി ലാഭിക്കുക മാത്രമല്ല, 5ജി, ഗ്രാമീണ ആശയവിനിമയ സേവനങ്ങള്‍ എന്നിവയ്ക്കായി മൂല്യമേറിയ സ്പെക്ട്രം ലഭ്യമാക്കുകയും ചെയ്തു. ഈ ട്രാന്‍സ്മിറ്റര്‍ പരിസരത്തെ മനുഷ്യശേഷിയെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എഎം റേഡിയോ ശൃംഖല കൈകാര്യം ചെയ്യുന്നതിനായി പുനര്‍വിന്യസിച്ചുകൊണ്ട് ആകാശവാണിയും ദൂരദര്‍ശനും തമ്മിലെ ദീര്‍ഘകാല വിഭജനം ഇല്ലാതാക്കിയതിലൂടെ ടെലിവിഷന്‍, റേഡിയോ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏറെക്കാലമായി അവശേഷിച്ച ഏകോപനം പ്രസാര്‍ ഭാരതി സാധ്യമാക്കി.
2017-ലെ 23 ഉപഗ്രഹ ചാനലുകളില്‍നിന്ന് ഡിഡി കിസാന്‍ പോലുള്ള പ്രത്യേക ചാനലുകള്‍ ഉള്‍പ്പെടെ 2021-ല്‍ 36-ലേക്ക് വിപുലീകരിച്ചത് ഓരോ ഇന്ത്യക്കാരന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉള്ളടക്കത്തോടുള്ള പ്രതിബദ്ധതയെ അടിവരയിടുന്നു. സമാനമായി, ഇന്ത്യയുടെ ശബ്ദം രാജ്യത്തിന്റെ വിദൂര കോണുകളിലേക്കും അതിനപ്പുറത്തേക്കും എത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആകാശവാണിയുടെ സാന്നിധ്യവും ഗണ്യമായി വര്‍ധിച്ചു. ദൂരദര്ശന് (ഡിഡി), ഓള് ഇന്ത്യ റേഡിയോ (എഐആര്‍) എന്നിവയിലുടനീളം വിവരസാങ്കേതിക സംവിധാനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണവും സംയോജനവും പൊതു പ്രക്ഷേപണത്തെ കൂടുതല്‍ പ്രാപ്യമാക്കി മാറ്റി. പ്രധാന സംഭവങ്ങള്‍ക്കായി ആംഗ്യഭാഷാ വ്യാഖ്യാനം അവതരിപ്പിക്കുന്നതും ചരിത്ര പ്രക്ഷേപണരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണവും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിനൊപ്പം എല്ലാവര്ക്കും അത് ലഭ്യമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായി മാറുകയും യൂട്യൂബിന് പുറമെ കൊറിയയില്‍ ‘മൈ കെ’, വടക്കേ അമേരിക്കയില്‍ ‘യുപ്പ് ടിവി’ തുടങ്ങി വിവിധ വേദികളിലൂടെ അതിന്റെ ആഗോള സാന്നിധ്യം 190-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ അന്താരാഷ്ട്രതലത്തില്‍ ഒരു ചാനലെന്ന നിലയില്‍ ഡിഡി ഇന്ത്യയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. ഇന്ത്യയുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളും ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ അന്താരാഷ്ട്ര വ്യാപനം നിര്‍ണായകമാണ്.
2021-2022 ല്‍ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രസാര്‍ ഭാരതി 13% വരുമാന വളര്‍ച്ച കൈവരിച്ചതിനൊപ്പം സാമ്പത്തിക സുസ്ഥിരതയും ശ്രദ്ധാകേന്ദ്രമായിരുന്നു. ഈ സാമ്പത്തിക വിവേകം സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം സ്വയം സുസ്ഥിരമായ പൊതു പ്രക്ഷേപണ വ്യവസ്ഥയിലേക്കുള്ള വഴിയൊരുക്കാന്‍ ശക്തമായ അടിത്തറ നല്കി. പാകിസ്ഥാന്-അധിനിവേശ കശ്മീരിലെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്യുക, ന്യൂസ് ഓണ്‍ എയര്‍ ആപ്ലിക്കേഷന്‍ പോലുള്ള വേദികളിലൂടെ ഡിജിറ്റല്‍ സാന്നിധ്യം വര്‍ധിപ്പിക്കുക തുടങ്ങി തന്ത്രപരമായ ഇടപെടലുകള്‍ ദേശീയ താല്പര്യത്തിനും ആഗോള വ്യാപനത്തിനും വേണ്ടി പൊതുപ്രക്ഷേപണം പ്രയോജനപ്പെടുത്തുന്നതിനുള്ള ധീരവും നൂതനവുമായ സമീപനമായി. റോയിറ്റേഴ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം സ്റ്റഡീസിന്റെ വാര്‍ഷിക സര്‍വേകളില്‍ ദൂരദര്‍ശനെയും ആകാശവാണിയെയും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ വാര്‍ത്താ സ്രോതസ്സുകളായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പൊതു പ്രക്ഷേപണത്തിലെ ഒരു ദശാബ്ദക്കാലത്തെ പരിഷ്കാരങ്ങളുടെ സ്വാധീനം വ്യക്തമായി കാണാം. എന്നിരുന്നാലും, ഈ പരിഷ്കാരങ്ങള്‍ അവസാനമല്ല, മറിച്ച് ഒരു തുടക്കമാണ്.
2047-ഓടെ പ്രധാനമന്ത്രി മോദിയുടെ ‘വികസിത് ഭാരത്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് പൊതു പ്രക്ഷേപണം വികസിച്ചുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസം, നൂതനാശയം, സംവാദം എന്നിവയ്ക്കുള്ള വേദിയായി ഇത് പ്രവര്‍ത്തിക്കുകയും ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുകയും ഓരോ ഇന്ത്യക്കാരനും സാമൂഹിക-സാമ്പത്തികനില പരിഗണിക്കാതെ വിവരവും വിദ്യാഭ്യാസവും വിനോദവും ലഭ്യമാക്കുകയും വേണം. സ്വകാര്യ മാധ്യമങ്ങള്‍ അപൂര്‍ണമായി മാത്രം പ്രയോജനപ്പെടുത്തിയതോ തീരെ പ്രയോജനപ്പെടുത്താത്തതോ ആയ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഭാഷാവൈവിധ്യം പരിഗണിക്കുമ്പോള്‍ ഇത് വ്യക്തമാകും. ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിലേക്ക് സ്ഥിരമായും കൃത്യമായും വികസന സന്ദേശങ്ങള്‍ എത്തിക്കുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് നൂറിലധികം ഭാഷകളിലും ഉപഭാഷകളിലും വ്യാപിച്ചുകിടക്കുന്ന ആകാശവാണിയുടെ സേവനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ മന് കീ ബാത്തിലൂടെ ആകാശവാണി ഇന്ത്യയിലുടനീളം വികസന സന്ദേശങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കുക മാത്രമല്ല, ഭാവി സാങ്കേതികവിദ്യകള്‍ക്ക് സംഭാവന നല്‍കുകയും ചെയ്തു. മന് കീ ബാത് ശബ്ദരേഖകളുടെയും ദൂരദര്ശന്, ആകാശവാണി എന്നിവയുടെ പ്രക്ഷേപണരേഖകളുടെയും ഉള്ളടക്കം പ്രയോജനപ്പെടുത്തി ഈ ഭാഷകള്‍ക്കും ഉപഭാഷകള്ക്കുമായി ഇന്ന് നിര്‍മിതബുദ്ധി മാതൃകകള്‍ വികസിപ്പിച്ചുവരുന്നു.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ മുതല്‍ ‘വികസിത് ഭാരത്’ വരെയുള്ള യാത്ര ദൈര്‍ഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമാണെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം കേള്‍ക്കുന്നുവെന്നും ശതകോടി ശബ്ദങ്ങളിലൂടെ ഇന്ത്യയുടെ വികസനകഥകള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്നും ഉറപ്പാക്കിക്കൊണ്ട്, പൊതുപ്രക്ഷേപണത്തിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തിലൂടെ ഈ കാഴ്ചപ്പാട് കൈവരിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: