മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭാരതം 20 ഇരട്ടി വളര്‍ച്ച കൈവരിച്ച് ലോകരാജ്യങ്ങളുടെ നിരയില്‍ രണ്ടാമത് എത്തിയിരിക്കുന്നുവെന്നത് വികസനത്തിന്റെ ഒരു വിജയഗാഥയാണ്. പത്ത് വര്‍ഷം മുന്‍പ് രാജ്യത്ത് വിറ്റിരുന്ന മൊബൈല്‍ ഫോണുകളില്‍ 78 ശതമാനവും ഇറക്കുമതി ചെയ്തവയായിരുന്നു. രാജ്യത്ത് നിര്‍മിക്കുന്ന 97 ശതമാനം മൊബൈല്‍ ഫോണുകളും ഇവിടെത്തന്നെ നിര്‍മിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലം വികസനത്തിന്റെ പൂക്കാലമാണെന്നതിന്റെ തെളിവാണിത്. മൊബൈല്‍ നിര്‍മാണത്തിന്റെ 30 ശതമാനവും കയറ്റുമതി ചെയ്യുന്നുവെന്നതും, വ്യക്തിഗത ചരക്കു കയറ്റുമതിയിലെ അഞ്ചാമത്തെ വലിയ ഉല്‍പ്പന്നമായി മൊബൈല്‍ ഫോണുകള്‍ മാറിയെന്നതും മോദി ഭരണകാലത്തെ വികസനവേഗത്തെയാണ് കാണിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടാണ് ഭാരതം ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. നമ്മള് ഉപയോഗിക്കുന്ന സാങ്കേതിക മേന്മയുള്ള മൊബൈല്‍ ഫോണുകളെല്ലാം വിദേശരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നവയാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ലോകത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങ്, ആപ്പിള്‍ മുതലായ കമ്പനികളും ഭാരതത്തില്‍ വന്‍തോതില്‍ ഉല്‍പ്പാദനം നടത്തുന്നു. കയറ്റുമതിയില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
സ്ഥിതിവിവര കണക്കുകള്‍ക്കപ്പുറം വികസനത്തിന്റെ സുവര്‍ണപാതയിലൂടെ ഭാരതം സഞ്ചരിക്കുന്നതിന്റെയും, ജനങ്ങള്‍ക്ക് അത് അനുഭവിക്കാനാവുന്നതിന്റെയും പ്രത്യക്ഷമായ തെളിവുകള്‍ വിവിധ മേഖലകളില്‍ ദൃശ്യമാണ്. ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ അതിവേഗമാണ് പ്രവര്‍ത്തിച്ചത്. ഇതുവഴി ഭാരതത്തിലെ ജനങ്ങള്‍ ഒരു അഭിലാഷ സമൂഹമായി മാറിയിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇത് തങ്ങളുടെ ഉത്തരവാദിത്വമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ എന്ന തത്ത്വത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നഗരമായാലും ഗ്രാമമായാലും ആധുനിക സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഒരുലക്ഷം കോടി രൂപയുടെ 112 ദേശീയ പാതാ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍വഹിച്ചിരിക്കുന്നത് അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുക. എന്‍എച്ച് 66 ല്‍ മുക്കോല മുതല്‍ തമിഴ്നാട് അതിര്‍ത്തിവരെയുള്ള നാലുവരി പാതയും, തലശ്ശേരി മുതല്‍ മാഹി വരെയുള്ള ആറുവരി ബൈപ്പാസും പ്രധാനമന്ത്രി ഉദ്ഘാടനം നിര്വഹിച്ചവയില്പ്പെടുന്നു. നാഷണല്‍ ഹൈവെ അതോറിറ്റി തിരുവനന്തപുരം കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയുണ്ടായി.
കേരളത്തില്‍ ദേശീയപാത 66 ന്റെ വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു എന്ന കുപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് യാത്ര ചെയ്യുന്ന ഏതൊരു മലയാളിക്കും നേരില്‍ കാണാവുന്ന ഈ വികസനം. ദേശീയ പാതാ വികസനത്തിന്റെ മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം കേരളം വഹിക്കുമെന്നായിരുന്നു നേരത്തെ ധാരണയായിരുന്നത്. എന്നാല്‍ ഇത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയപാത വികസനം തങ്ങളുടെ നേട്ടമായി സംസ്ഥാന പൊതുമരാമത്തു മന്ത്രിയായ റിയാസിന്റെയും മറ്റും അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്താവുന്നത്. 18 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള തലശ്ശേരി-മാഹി ആറുവരി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചതോടെ 47 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ത്യം കുറിച്ചത്. 1977 ല്‍ ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചെങ്കിലും പിന്നീട് നാല് പതിറ്റാണ്ടിലേറെക്കാലം യാതൊന്നും സംഭവിച്ചില്ല. രാജ്യം ഭരിച്ച പാര്‍ട്ടികളും മുന്നണികളും അവഗണിച്ച പദ്ധതിക്ക് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ജീവന് വച്ചത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുന്‍കയ്യെടുത്ത് 2018 ല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയും, ദ്രുതഗതിയില്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു. പതിറ്റാണ്ടുകള്‍ മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പാസും ഇതുപോലെ മോദി സര്‍ക്കാരാണ് യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്തിന്റെ വികസനത്തില്‍ കേരളവും അണിചേരുന്നതിന്റെ ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: