കാസര്‍കോട്: വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധമാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു.
സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഭാവിയുടെ ഏജന്റുമാരാണ് ബിരുദം നേടിയിറങ്ങുന്ന ഓരോരുത്തരുമെന്നും സ്ത്രീകളുടെ വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അക്കാദമിക് രംഗത്തെ സര്‍വകലാശാലയുടെ മുന്നേറ്റവും വികസന പ്രവര്‍ത്തനങ്ങളും സ്വാഗത പ്രസംഗത്തില്‍ വിസി ഇന്‍ ചാര്‍ജ്ജ് പ്രൊഫ.കെ.സി. ബൈജു വിവരിച്ചു. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് നന്ദി പറഞ്ഞു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സംബന്ധിച്ചു. കാമ്പസില്‍ വിവേകാനന്ദ സര്‍ക്കിളിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. 2023 ല്‍ പഠനം പൂര്‍ത്തിയാക്കിയ 957 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം നടത്തി. 40 പേര്‍ക്ക് ബിരുദവും 843 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 16 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്‍കി. പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തത്.
സര്‍വകലാശാലയ്‌ക്ക് അവാര്‍ഡുകള്‍: സര്‍പ്രൈസുമായി ഗവര്‍ണര്‍ ബിരുദദാന ചടങ്ങില്‍ സര്‍വകലാശാലയ്‌ക്ക് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് അപ്രതീക്ഷിത സമ്മാനമായി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സര്‍വകലാശാലയുടെ പ്രഥമ വിസി പ്രൊഫ. ജാന്‍സി ജെയിംസിനും മികച്ച വിദ്യാര്‍ത്ഥി, മികച്ച അദ്ധ്യാപകര്‍, മികച്ച ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലായി ബംഗാള്‍ രാജ്ഭവന്റെ നാല് അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ആദ്യ വിസിക്കുള്ള അവാര്‍ഡ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ്. മറ്റുള്ളതിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും. അവര്‍ഡിന് അര്‍ഹരെ പിന്നീട് ജൂറി തീരുമാനിക്കും.
ഗോള്‍ഡ് മെഡല്‍
കേന്ദ്രസര്‍വകലാശാലയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ ഗവര്‍ണര്‍ സമ്മാനിച്ചു. അഖില.കെ.വി (കൊമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്), അമൃത.എ.എസ്. (മാനേജ്‌മെന്റ് സ്റ്റഡീസ്) അനുഷ. കെ (മാത്തമാറ്റിക്സ്) എന്നിവര്‍ക്കാണ് മെഡല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: