Categories: Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍-സിറ്റി സമാസമം

Published by

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടമാണ് 1-1ന് സമനിലയില്‍ കലാശിച്ചത്. സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമത്തൊനുള്ള അവസരമാണ് ലിവര്‍പൂള്‍ നഷ്ടമാക്കിയത്. നിലവില്‍ 28 കളികളില്‍ നിന്ന് 64 പോയിന്റുമായി ആഴ്‌സണലും ലിവര്‍പൂളുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 63 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതാണ്.

കളിയില്‍ മുന്‍തൂക്കം ലിവര്‍പൂളിനായിരുന്നു. കളിയുടെ 53 ശതമാനം പന്ത് കൈവശംവച്ച അവര്‍ ആകെ 19 ഷോട്ടുകള്‍ പായിച്ചു. ഇതില്‍ ആറെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. അതേസമയം സിറ്റി തൊടുത്ത 10 ഷോട്ടുകളില്‍ ആറെണ്ണം പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നു. എന്നാല്‍ രണ്ട് ടീമുകള്‍ക്കും ഓരോ തവണ മാത്രമാണ് വല കുലുക്കാനായത്.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ജോണ്‍ സ്റ്റോണ്‍സിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. ഇതിന് മുന്‍പ് തുടക്കത്തില്‍ രണ്ട് അവസരങ്ങള്‍ അവര്‍ നഷ്ടമാക്കിയിരുന്നു. കെവിന്‍ ഡി ബ്രൂയന്‍ എടുത്ത കോര്‍ണര്‍ കിക്കിനൊടുവിലാണ് സിറ്റി ആദ്യം നിറയൊഴിച്ചത്. ഡി ബ്രൂയന്റെ കോര്‍ണര്‍ ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയത് ക്ലോസ് റേഞ്ചില്‍ നിന്ന് വലംകാല്‍ ഷോട്ടിലൂടെ ജോണ്‍ സ്‌റ്റോണ്‍സ് വലയിലെത്തിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഗോള്‍ മടക്കാന്‍ ലിവര്‍പൂളിന് അവസരം ലഭിച്ചെങ്കിലും സിറ്റി ഗോളിയെ കീഴടക്കാനായില്ല. ഇതോടെ 1-0ന് സിറ്റി ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂളിന്റെ സമനില ഗോളെത്തി. ഡാര്‍വിന്‍ നൂനസിനെ വീഴ്‌ത്തിയതിന് ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുക്കാനെത്തിയ അലക്‌സിസ് മക്അലിസ്റ്റര്‍ കൃത്യമായി ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ ഒപ്പമെത്തി. തുടര്‍ന്ന് വിജയഗോളിനായി ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം പിഴച്ചതോടെ കളി സമനിലയില്‍ കലാശിച്ചു.

മറ്റ് കളികളില്‍ ബ്രൈറ്റണ്‍ 1-0ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ്ഹാമും ബേണ്‍ലിയും തമ്മില്‍ നടന്ന മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by