ലോസാഞ്ചലസ്: തൊണ്ണൂറ്റിയാറാമത് അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിലും പത്തരമാറ്റ് തിളക്കത്തോടെ ഓപ്പണ്‍ഹൈമര്‍. അണുബോംബിന്റെ പിതാവ് ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപിക്കായി പുറത്തുവന്ന ചിത്രമാണ് ഇത്. വെള്ളിത്തിരയില്‍ റോബര്‍ട്ട് ഓപ്പണ്‍ഹൈമറെ അനശ്വരനാക്കിയ കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. നെഗറ്റീവ് റോളിലെത്തിയ റോബര്‍ട്ട് ബ്രൗണി ജൂനിയറാണ് മികച്ച സഹനടന്‍.
പുവര്‍ തിങ്‌സിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി. സഹനടി ഡേ വാന്‍ ജോയ് റാന്‍ഡോള്‍ഫ്. ദ് ഹോള്‍ഡ് ഓവേഴ്‌സ് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഡേ വാന്‍ ജോയ് റാന്‍ഡോള്‍ഫിന്റെ ആദ്യ ഓസ്‌കറാണിത്. ഓപ്പണ്‍ഹൈമറിലൂടെ ഹോയ്‌തെ വാന്‍ ഹൊയ്‌തെമ (മികച്ച ഛായാഗ്രഹണം), ജെന്നിഫര്‍ ലേം (എഡിറ്റിങ്) എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി. ഒറിജിനല്‍ സ്‌കോര്‍നുള്ള പുരസ്‌കാരവും ഓപ്പണ്‍ഹൈമറിലൂടെ ലഡ്‌വിഡ് ഗൊരാന്‍സണ്‍ സ്വന്തമാക്കി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമ നിര്‍ദേശം ചെയ്യപ്പെട്ട ഓപ്പണ്‍ഹൈമര്‍ ഏഴ് പുരസ്‌കാരങ്ങളാണ് നേടിയത്.
നിഷ പൗജ സംവിധാനം ചെയ്ത ‘ടു കില്‍ എ ടൈഗര്‍’ എന്ന ഡോക്യുമെന്ററി ചിത്രമാണ് ഭാരതത്തില്‍ നിന്ന് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നത്. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഡോക്യുമെന്ററി. എന്നാല്‍ ഉക്രൈന്‍ ഡോക്യുമെന്ററിയായ 20 ഡേയ്സ് ഇന്‍ മരിയോപോളിനാണ് പുരസ്‌കാരം ലഭിച്ചത്.
ലോസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയേറ്ററിലായിരുന്നു പുരസ്‌കാര വിതരണം. ജിമ്മി കിമ്മല്‍ തന്നെയാണ് ഇത്തവണയും അവതാരകനായത്. തുടര്‍ച്ചയായി നാലാം തവണയാണ് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അദ്ദേഹം അവതാരകനായത്.
മറ്റ് പുരസ്‌കാരങ്ങള്‍: മികച്ച സൗണ്ട്-ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ. ഒറിജിനല്‍ സോങ്- ബില്ലി ഐലിഷ് (വാട്ട് ഐ വാസ് മെയ്ഡ് ഫോര്‍- ബാര്‍ബി). ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം-ദ് വണ്ടര്‍ഫുള്‍ സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍. തിരക്കഥ-ജസ്റ്റിന്‍ ട്രയറ്റ് ആര്‍തര്‍ ഹരാരി (അനാട്ടമി ഓഫ് എ ഫാള്‍). അവലംബിത തിരക്കഥ-കോര്‍ഡ് ജെഫേര്‍സണ്‍ (അമേരിക്കന്‍ ഫിക്ഷന്‍). ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം- ദ് ലാസ്റ്റ് റിപ്പയര്‍ ഷോപ്.
മികച്ച വിഷ്വല്‍ ഇഫക്ട്- ഗോഡ്‌സില്ല മൈനസ് വണ്‍. വിദേശ ഭാഷാ ചിത്രം-ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (ബ്രിട്ടന്‍). കോസ്റ്റിയും ഡിസൈന്‍-ഹോളി വാഡിങ്ടണ്‍ (പുവര്‍ തിങ്‌സ്). പ്രൊഡക്ക്ഷന്‍ ഡിസൈന്‍- ജയിംസ് പ്രൈസ്, ഷോണ ഹീത്ത് (പുവര്‍ തിങ്‌സ്). മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ്-നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍ (പുവര്‍ തിങ്‌സ്). ആനിമേഷന്‍ ചിത്രം: ദ് ബോയ് ആന്‍ഡ് ദ് ഹെരണ്‍. ആനിമേറ്റഡ് ഷോര്‍ട്ട്ഫിലിം- വാര്‍ ഈസ് ഓവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: