ന്യൂദല്‍ഹി: എല്ലാ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തിയ ഇന്ദിരയുടെ അടിയന്തരാവസ്ഥയെ സഹനസമരത്തിലൂടെ തകര്‍ത്തെറിഞ്ഞതിന് ശേഷം നടന്ന തെരഞ്ഞെടുപ്പ്. 1977, രാജ്യത്ത് ആറാം ലോക്സഭാ തെരഞ്ഞെടുപ്പ്. എല്ലായിടത്തും ജനാധിപത്യവിരുദ്ധരായ കോണ്‍ഗ്രസിനെതിരെ ജനവികാരം ശക്തമായിരുന്നു. 542 സീറ്റുകളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി 295 ഇടത്ത് ജയിച്ചു. ഭൂരിപക്ഷം നേടി. ജനതാ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍, എണ്‍പത്തൊന്നുകാരനായ മൊറാര്‍ജി ദേശായി രാജ്യത്തെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയുമായി. 1977 മാര്‍ച്ച് 24ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. അതേ വര്‍ഷം തന്നെ ഉത്തര്‍പ്രദേശില്‍ ഏഴാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. 425 അംഗ യുപി നിയമസഭയില്‍ 352 സീറ്റുമായി ജനതാ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടി. പിന്നീട് ഊഹാപോഹങ്ങളുടെ ദിനങ്ങള്‍. ആരാകും യുപിയുടെ രണ്ടാമത്തെ കോണ്‍ഗ്രസിതര മുഖ്യമന്ത്രി. ചൗധരി ചരണ്‍ സിങ് ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായി 1967 മുതല്‍ 1968 വരെയും 1970 ഫെബ്രുവരി മുതല്‍ 1970 ഒക്ടോബര്‍ വരെയും ഭരിച്ചിരുന്നു.
അന്ന് ചന്ദ്രശേഖറാണ് ജനതാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍. ഭാരതീയ ജനസംഘം, ഭാരതീയ ലോക്ദള്‍, ഭാരതീയ ക്രാന്തി ദള്‍, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് ഒ, യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി മുതലായവ ലയിച്ചാണ് 1977 ജനുവരി 23 ന് ജനതാ പാര്‍ട്ടി രൂപീകരിച്ചു.
അസംഗഢ് എംപി രാംനരേഷ് യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയെ തോല്പിച്ച രാജ് നാരായണന് ചന്ദ്രശേഖറിനെ കണ്ടു. ഇരു നേതാക്കളും ഇക്കാര്യം പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ ബോധ്യപ്പെടുത്തി. പിന്നെല്ലാം വേഗത്തിലായിരുന്നു. രാംനരേഷ് യാദവിന് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ല.
1977 ജൂണ്‍ 22 ന് ഉച്ചവെയില്‍ തിളയ്ക്കുന്ന നേരത്ത് അദ്ദേഹത്തിന് സീല്‍ ചെയ്ത ഒരു കവര്‍ ലഭിച്ചു. അതുമായി ഉടന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണണമെന്ന് ചന്ദ്രശേഖറിന്റെ നിര്‍ദേശവും. അസംഗഢില്‍ നിന്ന് ട്രെയിനില്‍ ലഖ്നൗവിലേക്ക്. സ്റ്റേഷനിലിറങ്ങി ഓട്ടോറിക്ഷയില്‍ രാജ്ഭവനിലേക്ക്. വഴിയില്‍ വച്ച് ആകാശവാണി ഡയറക്ടറെ കണ്ടു. അദ്ദേഹം മുഖ്യമന്ത്രിക്ക് ആശംസകള്‍ അറിയിച്ചു.
മുഖ്യമന്ത്രി എന്ന നിലയില്‍ അഭിനന്ദിക്കാന്‍ തുടങ്ങി. അപ്പോഴാണ് കൈയിലിരിക്കുന്ന കവറിന്റെ പൊരുള്‍ ഭാവിമുഖ്യന് അറിയുന്നത്. കാറില്‍ പോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചെങ്കിലും യാദവ് അത് നിരസിച്ചു. അന്നുതന്നെ, 1977 ജൂണ്‍ 23ന് വൈകിട്ട് രാംനരേഷ് യാദവ് സംസ്ഥാനത്തിന്റെ പത്താമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് എറ്റയിലെ നിധൗലികലനില് നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. പക്ഷേ ഭരണം രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചു. 1979 ഫെബ്രുവരി 25ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ യാദവ് പരാജയപ്പെട്ടു. തുടര്‍ന്ന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ച അദ്ദേഹം ഒരു ഓട്ടോ റിക്ഷയില്‍ത്തന്നെ മടങ്ങി.
അസംഗഢിലെ ഔന്ധിപൂര് ഗ്രാമത്തിലാണ് രാംനരേഷ് യാദവ് ജനിച്ചത്. ജനങ്ങള്‍ക്ക് അദ്ദേഹം ബാബുജി ആയിരുന്നു. പിന്നീട് യാദവ് ജനതാപാര്‍ട്ടി വിട്ട് ലോക്ദളിലും ശേഷം കോണ്‍ഗ്രസിലും ചേര്‍ന്നു. യുപിഎ സര്‍ക്കാരില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഗവര്‍ണറായി. വ്യാപം അഴിമതിയില്‍ തന്റെ പേര് ഉയര്‍ന്നതിനെത്തുടര്‍ന്ന് 2015ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. 2016 നവംബര്‍ 22ന് ലഖ്നൗവില്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: