മനുഷ്യ സ്‌നേഹത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും ദാര്‍ശനികൗന്നത്യം നോക്കിക്കണ്ട അനന്യമായ കവിത്വത്തിനുടമയായിരുന്നു മഹാകവി കുമാരനാശാന്‍. ദാര്‍ശനികനായ ഗുരുനാഥന്‍, ശ്രീനാരായണഗുരുവിന്റെ ക്രാന്തദര്‍ശിയായ ശിഷ്യന്‍ എന്ന പശ്ചാത്തലത്തില്‍ നിന്നാണ് കാല്‍പ്പനികതയും ആശയ ഗാംഭീര്യവും വിശുദ്ധമായ പ്രണയത്തിന്റെ നിസ്തുലതയും ചേരുംപടി ചേര്‍ത്ത കാവ്യവിസ്മയങ്ങള്‍ ആശാന്‍ വിരചിച്ചത്.
കാലം വഴിമാറി കൊടുക്കാവുന്ന കാവ്യരചനകളിലൂടെ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ടവനായ കുമാരനാശാന്‍ എന്ന കാവ്യ പ്രതിഭയെ ഓര്‍ക്കാനും ആദരിക്കാനും ഉള്ള അവസരം ഒരുക്കുകയായിരുന്നു തിരുവനന്തപുരം ജില്ല ഭാരതീയ വിചാരകേന്ദ്രം.
കുമാരനാശാന്‍ ആത്മീയ മാനവികതയുടെ കവി
ആത്മീയ മാനവികതയുടെ കവിയായിരുന്നു കുമാരനാശാനെന്നും അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ സമൂഹത്തിലെ കട്ടപിടിച്ച യാഥാസ്ഥിതിക്കെതിരെ വെള്ളിടിപോലെ പതിച്ചവയായിരുന്നുവെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷഭാഷണത്തില്‍ പറഞ്ഞു. ആശാന്റെ ‘ദുരവസ്ഥ’ ഹിന്ദു യാഥാസ്ഥിതികതയ്‌ക്കെതിരെയുള്ള പരിഹാസ്യം ആയിരുന്നു. മലയാളിയുടെ മനസ്സിനെ നവീകരിച്ചത് ആശാന്റെ കവിതകള്‍ ആയിരുന്നു. ഇന്നത്തെ തലമുറ ആശാനെ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് വിഷയം. പഴയതലമുറയ്‌ക്ക് ആശാന്റെ ഒന്നിലേറെ കവിതകള്‍ പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. എന്നാല്‍ ഇന്നത്തെ തലമുറ ആശാന്റെ എത്ര കവിതകള്‍ പഠിക്കുന്നുവെന്ന് അറിയില്ല. മലയാളിയുടെ മനസ്സിനെ നവീകരിച്ചത് ആശാന്റെ കവിതകള്‍ ആയിരുന്നു.
ആശാന്റെ കാവ്യത്തിന്റെ സ്വാധീനം ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങള്‍ക്കും ക്ഷേത്രപ്രവേശന വിളംബരത്തിനും അനുകൂലമായ വിധത്തില്‍ സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് ആശാന്‍ കവിതകള്‍ സാക്ഷ്യം വഹിച്ചു.
സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസരും തമ്മിലുള്ള ബന്ധമായിരുന്നു കുമാരനാശാനും ഗുരുദേവനും തമ്മിലുണ്ടായിരുന്നത്. മൂലവിഗ്രഹവും ഉത്സവ മൂര്‍ത്തിയും പോലെ. തത്വചിന്താപരമായ ഔന്നത്യമുള്ള കവിയായിരുന്നു കുമാരനാശാന്‍. കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവെങ്കില്‍ വലിയ ദൂരങ്ങള്‍ സഞ്ചരിക്കുവാനും, മലയാളികളെ കൂടുതല്‍ മാറ്റുവാനും ആശാന് കഴിയുമായിരുന്നു.
ആശാനെ ആഴത്തില്‍ സ്വാധീനിച്ച ദിവ്യപുരുഷനായിരുന്നു സ്വാമി വിവേകാനന്ദന്‍. ഐക്യം, വിദ്യാഭ്യാസം, ധനസമ്പാദനം തുടങ്ങിയ കാര്യങ്ങളില്‍ ആശാന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. നാരായണഗുരു ആഗ്രഹിച്ച സാമൂഹ്യ സാംസ്‌കാരിക ദൗത്യം തന്റെ കൃതികളിലൂടെ നടപ്പിലാക്കാനും കുമാരനാശാന് കഴിഞ്ഞു.
നാവെടുത്തവരെല്ലാം നവോത്ഥാന നായകന്മാര്‍
ആശാന്റെ കര്‍മ്മഭൂമിയായ തോന്നയ്‌ക്കലില്‍ ഭാരതീയ വിചാരകേന്ദ്രം നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കുന്നത് സന്തോഷകരമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള ഉദ്യമമാണ് ഭാരതീയ വിചാരകേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നത്. ഹ്രസ്വമായ ജീവിതത്തിനിടയ്‌ക്ക് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ആശാന് കഴിഞ്ഞു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളായി മാറുന്നതു പോലെ, നാവെടുത്തവരെല്ലാം നവോത്ഥാന നായകരായി മാറുന്ന കാലമാണിപ്പോള്‍. കുമാരനാശാന്‍ പാപത്തില്‍ നിന്ന് പുണ്യത്തിലേക്കുള്ള വഴികാണിച്ചു.
ഏത് അവസ്ഥയിലും സത്യം പറയാന്‍ സാധിച്ച ദാര്‍ശനികനായതുകൊണ്ടാണ് ആശാന് ദുരവസ്ഥ എഴുതാന്‍ കഴിഞ്ഞത്. ദുരവസ്ഥകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശാന്‍ സത്യം ഉറക്കെ വിളിച്ചുപറഞ്ഞു. ദാര്‍ശനികനായ ഒരാള്‍ക്കെ സത്യം ഉറക്കെ പറയാനാകൂ. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പറഞ്ഞത് ഏറ്റവും വലിയ വിപ്ലവവാക്യം ആയിരുന്നു. ലഘുവായ ഭാഷയിലൂടെയുള്ള ശക്തമായ സന്ദേശമായിരുന്നു അത്. ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിലൂടെ സ്ത്രീ സമത്വത്തെക്കുറിച്ചും, വരാന്‍ പോകുന്ന നൂറ്റാണ്ടുകളില്‍ പറയേണ്ട കാര്യങ്ങള്‍ പോലും ആശാന്‍ പറഞ്ഞുവച്ചു.
ആശാന്‍ എന്നും ആവേശം
എല്ലാ പ്രശ്‌നങ്ങള്‍ക്കും സിദ്ധൗഷധമായി കുമാരനാശാന്‍ കരുതിയത് സ്‌നേഹത്തെ ആയിരുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ കവി വി.മധുസൂദനന്‍ നായര്‍ പറഞ്ഞു. എഴുതിയ വരികള്‍കൊണ്ട് മാത്രമല്ല കര്‍മ്മത്തിലും അദ്ദേഹം കവിയായിരുന്നു. എന്നാല്‍ കുമാരനാശാന്റെ കവിതകളെ ഉള്‍ക്കൊള്ളുന്നതില്‍ നിന്നും നാം പുതിയ തലമുറയെ മാറ്റിനിര്‍ത്തുന്നു. നമ്മുടെ ഭാഷ പഠനത്തില്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്നതുമൂലം ആശാന്റെ കവിതകള്‍ പഠിക്കുന്നില്ല. പന്ത്രണ്ടാം ക്ലാസ് കഴിയുന്ന കുട്ടികള്‍ക്ക് പോലും ആശാന്‍ കവിതകള്‍ തെറ്റുകൂടാതെ വായിക്കാന്‍ അറിയില്ല.
സമൂഹത്തില്‍ ഓരോ വ്യക്തിക്കും ചിന്താസ്വാധീനം ഉണ്ട്. ഓരോ വ്യക്തിയും അവനവന്റെ രീതിയാണ് ശരിയെന്ന് ചിന്തിക്കുന്നു. ഒരു വാക്ക് ഒരു ആകാശം തീര്‍ത്തു തരും. അതിന് ദര്‍ശന ലോകവും അനുഭവ ലോകവും ഉണ്ടായിരിക്കണം. സ്‌നേഹമാണ് ഒറ്റമൂലി. എന്റെ മനസ്സിലെ സ്‌നേഹംകൊണ്ട് ഞാന്‍ എന്ത് ചെയ്തു എന്ന് നാം ഓരോരുത്തരും ചിന്തിക്കണം.
കുമാരനാശാന്റെ കാവ്യ പ്രപഞ്ചം
കുമാരനാശാന്റെ കവിതകള്‍ രാമായണ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവയാണെന്ന് കഥാകൃത്തും നോവലിസ്റ്റുമായ ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു. കവിത കാലത്തെ നവീകരിച്ചുകൊണ്ടിരിക്കുന്നു. കാലത്തെ നയിക്കുന്നത് കവിയുടെ സ്വപ്‌നങ്ങളാണ്. കാലവും കവിതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എഴുത്തച്ഛനാണ് കാലത്തോട് ഏറ്റവും ശക്തമായി പ്രതികരിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ മണിപ്രവാള കൃതികള്‍ ഭോഗസുഖത്തെ കൂടുതല്‍ ചിത്രീകരിച്ചു. പുരുഷാധിപത്യ പ്രവണതയെയും പ്രകീര്‍ത്തിച്ചു. സ്ത്രീയുടെ ബാഹ്യ സൗന്ദര്യത്തെയും ഏറെ ആഘോഷിച്ചു.
എഴുത്തച്ഛനുശേഷം മലയാള കവിതയില്‍ ശക്തമായ ഇടപെടല്‍ നടത്തിയത് കുമാരനാശാന്‍ ആണ്. ഞാന്‍ ഇന്ത്യക്കാരന്‍ എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളണം. അങ്ങനെ പറയാന്‍ ഇഷ്ടപ്പെടുകയും വേണം. മറ്റൊരു മതത്തില്‍ പിറന്ന ഞാന്‍ ഹിന്ദു പാരമ്പര്യത്തെയും വിശ്വാസത്തെയും മുറുകെപ്പിടിക്കുന്നവനാണ്. എന്റെ പൂര്‍വികരും അങ്ങനെ തന്നെയായിരുന്നു. കുമാരനാശാന്റെ കൃതികള്‍ ഭാരത സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്നവയാണ്. ഇതിഹാസ കൃതികള്‍ക്ക് തുല്യമായ സ്ഥാനമാണ് ആശാന്റെ കൃതികള്‍ക്കും ഉള്ളത്.
ആശാന്റെ അനശ്വരകാവ്യം
ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ചൈതന്യം ചോരാതെ നിലനില്‍ക്കുന്ന ക്ലാസിക് കാവ്യമാണ് ചിന്താവിഷ്ടയായ സീതയെന്ന് സാഹിത്യ നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍ പറഞ്ഞു. ആശാന്റെ സീത അശാന്തമായ നഗര സംസ്‌കാരത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അനിശ്ചിതത്വവും അസ്ഥിരവുമായ ലോക ജീവിതം വെറും നിഴലാണെന്നും, അത് നല്‍കുന്ന സുഖം ക്ഷണികമാണെന്നും, ജീവിതദശകള്‍ താത്കാലികമാണെന്നും, ക്ഷണികമായ ഇന്ദ്രിയസുഖം തേടി ലൗകിക ജീവിതമെന്ന നിഴലിനെ താന്‍ ആശ്രയിക്കുകയില്ലെന്നും തീരുമാനിച്ച സീതയെയാണ് ആശാന്റെ സീതാകാവ്യത്തില്‍ നാം കാണുന്നത്.
സദാചാരശതകം പുനര്‍വായന
കഠിന ജീവിതവ്രതങ്ങളാണ് ആശാന്‍ ജീവിതത്തില്‍ അനുഷ്ഠിച്ചിരുന്നതെന്ന് പന്തളം എന്‍എസ്എസ് കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍.അശ്വതി അഭിപ്രായപ്പെട്ടു. നല്‍ചൊല്‍ സാരാംശങ്ങളാണ് ആശാന്‍ കവിതകളില്‍ കാണാന്‍ കഴിയുക വിവേകാനന്ദന്റെ പ്രഭാഷണങ്ങള്‍ കവിയെ ഏറെ സ്വാധീനിച്ചിരുന്നു. സ്വന്തം സമുദായത്തെ പരിഷ്‌കരിക്കുക എന്ന ഉദ്ദേശ്യവും ആശാന് ഉണ്ടായിരുന്നു. അതിനായി സ്വയം സംസ്‌കരണത്തിന്റെ പാത അദ്ദേഹം പിന്തുടര്‍ന്നു.
നവോത്ഥാനത്തിന്റെ ആശാന്‍
സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ ആത്മാര്‍ത്ഥമായി അനുസ്യൂതം യത്‌നിച്ച പരിഷ്‌കര്‍ത്താവായിരുന്നു കുമാരനാശാനെന്ന് അന്തര്‍ദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.ബി.സുഗീത പറഞ്ഞു. പരമ്പരാഗതമായി അംഗീകരിച്ചുവന്നിരുന്ന യുക്തിവികലങ്ങളായ പഴയ സമ്പ്രദായങ്ങള്‍ക്ക് മാറ്റം വരുത്തി അവയുടെ സ്ഥാനത്ത് നവീന സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെ പുതിയ രീതികള്‍ വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു. ഓരോ വിഷയത്തെപ്പറ്റിയും അപഗ്രഥിച്ചു പഠിച്ച് വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അദ്ദേഹം നിരന്തരം സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
നവീകരണത്തിന്റെ വക്താവ്
നവോത്ഥാനത്തിനൊപ്പം നവീകരണം കൂടി നടത്തിയ കവിയായിരുന്നു ആശാന്‍ നവോത്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു ആശാനെന്ന് മാധ്യമപ്രവര്‍ത്തകന്‍ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. അദൈ്വത ദര്‍ശനവും സനാതന ധര്‍മ്മവും ഒന്നുതന്നെയാണെന്ന കാഴ്ചപ്പാടായിരുന്നു കുമാരനാശാന് ഉണ്ടായിരുന്നത്. ബുദ്ധമതം ശ്രീനാരായണ ധര്‍മ്മത്തിന് എതിരാണെന്നായിരുന്നു കുമാരനാശാന്റെ വിശ്വാസം.
ശ്രീനാരായണഗുരുവിനും അതേ അഭിപ്രായമായിരുന്നു. എന്നാല്‍ അന്ന് ഹിന്ദു ധര്‍മ്മവും നമ്പൂതിരി മതവും ആയിരുന്നു നിലനിന്നിരുന്നത്. ഇതിലെ അനാചാരങ്ങള്‍ക്കെതിരെ ശ്രീനാരായണഗുരുവിനെ പോലെ കുമാരനാശാനും രംഗത്ത് വന്ന കാഴ്ചയും കേരളം കണ്ടു. ലോക സ്‌നേഹമാണ് ആശാന്‍ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും, പല കവികളെയും കവികളാക്കിയത് കുമാരനാശാന്‍ ആണെന്നും കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ചന്ദ്രബോസ് പറഞ്ഞു.
കവിയരങ്ങില്‍ രജി ചന്ദ്രശേഖര്‍ ആദ്ധ്യക്ഷ്യം വഹിച്ചു. കല്ലറ അജയന്‍ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ജയന്‍ പോത്തന്‍കോട്, ചാന്നാങ്കര ജയപ്രകാശ്, രാജലക്ഷ്മി, രാധാബാബു, മഞ്ഞമല ചന്ദ്രപ്രസാദ്, ഉദയം കൊക്കോട്, ഷിബു കൃഷ്ണന്‍ സൈന്ദ്രി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി വി. മഹേഷ്, സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി കെ.സി. സുധിര്‍ ബാബു സംസ്ഥാന സെക്രട്ടറി എസ്. രാജന്‍ പിള്ള, സംസ്ഥാന സമിതി അംഗങ്ങളായ കെ.വി രാജശേഖരന്‍, അഡ്വക്കേറ്റ് ജി. അഞ്ജനദേവി, ജില്ലാ അധ്യക്ഷന്‍ ഡോക്ടര്‍ കെ. വിജയകുമാരന്‍ നായര്‍, ഡോക്ടര്‍ ലക്ഷ്മി വിജയന്‍, ആര്‍. ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: