തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. കെ.കരുണാകരന്റെ രാഷ്ട്രീയ തട്ടകം എന്ന് പറയുമ്പോഴും കരുണാകരനെയും മക്കളെയും തുടര്‍ച്ചയായി തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍. 96 ലാണ് ലീഡര്‍ കെ.കരുണാകരന് ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റത്. വി.വി.രാഘവനായിരുന്നു എതിരാളി.
91 – ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് യുഡിഎഫ് കരുണാകരന്റെ നേതൃത്വത്തില്‍ ഭരിക്കുമ്പോഴാണ് 94 ല്‍ ചാരക്കേസില്‍ എ ഗ്രൂപ്പ് കരുണാകരനെ കുടുക്കിയത്. കാലാവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ കരുണാകരന് 95 മാര്‍ച്ചില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയായി.
കരുണാകരനെ നരസിംഹറാവു ദല്‍ഹിക്ക് കൊണ്ടുപോയി കേന്ദ്ര മന്ത്രിയാക്കി. അങ്ങനെയാണ് 96 ല്‍ കരുണാകരന് തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്. തോറ്റതിനു ശേഷം ലീഡര്‍ പറഞ്ഞ വാചകം പിന്നെ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തു. എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കരുണാകരന്റെ കമന്റ്. എ ഗ്രൂപ്പിനെതിരായ ലീഡറുടെ കുത്തായിരുന്നു അത്.
96-ല്‍ കോഴിക്കോട് കെ.മുരളീധരന് എം.പി.വീരേന്ദ്രകുമാറിനോടും തോറ്റു. 98-ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുരളീധരന് തൃശൂര്‍ക്ക് കളം മാറി. ഫലം ദയനീയമായിരുന്നു. വലിയ മാര്‍ജിനില്‍ വീണ്ടും തോറ്റു. പിന്നീട് 2016 ലും 2021 ലും ലീഡറുടെ മകള്‍ പദ്മജ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. രണ്ടു വട്ടവും തോല്‍വിയായിരുന്നു ഫലം. 2004 ല്‍ കുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ലോനപ്പന് നമ്പാടനെതിരെ മത്സരത്തിനിറങ്ങിയപ്പോഴും പത്മജയെ കാത്തിരുന്നത് പരാജയം തന്നെ. 2004 ല്‍ മുരളീധരന് എ.കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായി. നിയമസഭാംഗമല്ലാതിരുന്ന മുരളീധരന് മന്ത്രിയായി തുടരാന്‍ ആറുമാസത്തിനകം എംഎല്‍എയാകണമായിരുന്നു. വടക്കാഞ്ചേരിയിലെ വി.ബലറാമിനെ കോണ്‍ഗ്രസ് രാജിവെയ്പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരന് സ്ഥാനാര്‍ത്ഥിയായി. പക്ഷേ സിപിഎം പ്രാദേശിക നേതാവായിരുന്ന എ.സി.മൊയ്തീനോട് തോറ്റു.
കെ.കരുണാകരന്റെ കുടുംബത്തില്‍ നിന്നൊരാളെ തൃശൂര്‍ വിജയിപ്പിക്കില്ല. അതാണ് ചരിത്രം. കരുണാകരന് തൃശൂരില്‍ ആഴത്തില്‍ വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അത്ര തന്നെ ശത്രുക്കളും. ട്രേഡ് യൂണിയന് നേതാവില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡര്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ കെ.കരുണാകരന് നേരിട്ട വിവാദങ്ങളേറെയാണ്. അതില്‍ ഏറെയും തൃശൂര്‍ കേന്ദ്രമായ വിവാദങ്ങള്‍. തട്ടില്‍ എസ്റ്റേറ്റ് കൊലപാതകം, അഴീക്കോടന്‍ രാഘവന് വധക്കേസ്, അടിയന്തരാവസ്ഥയിലെ രാജന് കേസ്, നവാബ് രാജേന്ദ്രന് തുടങ്ങി ഏതാണ്ടെല്ലാ വിവാദങ്ങളും തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു.
കരുണാകരനെയും മുരളീധരനെയും ഒരു കാലത്തും അംഗീകരിക്കാന്‍ തൃശൂരിലെ ഒരു വിഭാഗം തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ തോല്‍വികള്‍ അതിന്റെ ഫലമായിരുന്നു. ഇക്കുറി മുരളീധരന് ഒരിക്കല്‍ കൂടി മത്സരത്തിനെത്തുമ്പോള്‍ ഈ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്ക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: