ദുബായ് : മയക്കുമരുന്ന്കടത്തിനെതിരായ ഷാർജ എമിറേറ്റിന്റെ പോരാട്ടത്തിലെ പുരോഗതി എടുത്തുകാണിച്ച് ഷാർജ പോലീസ്. കഴിഞ്ഞ വർഷം മാത്രം 115.3 മില്യൺ ദിർഹം (31.4 മില്യൺ ഡോളർ) വിലമതിക്കുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.
4.5 ദശലക്ഷം ടാബ്‌ലെറ്റുകൾ ഉൾപ്പെടെ 1.1 ടണ്ണിലധികം മയക്കുമരുന്ന് തടഞ്ഞുനിർത്തിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് 2023 ൽ മയക്കുമരുന്ന് പിടിച്ചെടുക്കലിൽ 24 ശതമാനം വർധനയുണ്ടായതായി പോലീസ് പറഞ്ഞു. ഏപ്രിലിൽ നടന്ന “ബ്ലാക്ക് ബാഗുകൾ” എന്ന ഓപ്പറേഷനിൽ 24 പ്രതികളെ അറസ്റ്റ് ചെയ്യുകയും 23.5 മില്യൺ ദിർഹം വിലമതിക്കുന്ന 3 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾക്കൊപ്പം 120 കിലോ ഹാഷിഷും പിടിച്ചെടുക്കുകയും ചെയ്തു.
ഒക്ടോബറിലെ മറ്റൊരു ഓപ്പറേഷനിൽ ഷാർജ പോലീസ് ഒരു അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്തുസംഘത്തെ വലയിലാക്കുകയും 50 കിലോ ഹാഷിഷ്, 49 ലിറ്റർ ലിക്വിഡ് ക്രിസ്റ്റൽ മെത്ത്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ അടങ്ങിയ ഒരു ദശലക്ഷത്തിലധികം ഗുളികകൾ എന്നിവ കടത്താൻ ശ്രമിച്ച 32 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഈ മയക്കുമരുന്നുകളുടെ വിപണി മൂല്യം 14 മില്യൺ ദിർഹമാണ്. സേനയുടെ വാർഷിക മാധ്യമ സമ്മേളനത്തിലാണ് ഈ കണക്കുകൾ പങ്കുവെച്ചത്.
ഇതിനു പുറമെ മയക്കുമരുന്ന് പ്രമോഷനുമായി ബന്ധപ്പെട്ട 1,003-ലധികം വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുകയും എമിറേറ്റിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 600 ലധികം ശ്രമങ്ങൾ തടയുകയും ചെയ്തതും ഷാർജ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
“മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിലെ ശ്രമങ്ങൾ വ്യത്യസ്തമാണ്, കൂടാതെ ഒന്നിലധികം ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിക്കുന്നതും ആലോചനയിലുണ്ട്,” – ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ഷംസി പറഞ്ഞു. കൂടാതെ ഭാവിയിലെ സുരക്ഷാ ഇൻഫ്രാസ്ട്രക്ചറുകൾക്കായി തന്ത്രപരമായ ആസൂത്രണം രൂപപ്പെടുത്തുന്നതിനും കൂടുതൽ പോലീസ് സേവനങ്ങൾ ആവശ്യമുള്ള മേഖലകൾ കൃത്യമായി കണ്ടെത്തുന്നതിനും ഷാർജ സെൻസസ് ഡാറ്റയുടെ പ്രാധാന്യത്തെക്കുറിച്ചും മേജർ ജനറൽ അൽ ഷംസി സംസാരിച്ചു.
കൂടാതെ മയക്കുമരുന്ന് മാഫിയകൾ തകൃതിയായി വളരുന്നതിനനുസരിച്ച് എമിറേറ്റിൽ പോലീസ് സ്റ്റേഷനുകൾ വർധിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: