പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സൺ ജോസഫ് ആണ് രാവിലെ പോലീസിന് മുൻപാകെ കീഴടങ്ങിയത്. ജെയ്‌സണിന്റെ അറസ്റ്റ് വൈകുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് കീഴടങ്ങൽ.
പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ഇയാളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. കേസിൽ ജാമ്യത്തിനായി ജെയ്‌സൺ സുപ്രീംകോടതിയെ ഉൾപ്പെടെ സമീപിച്ചിരുന്നുവെങ്കിലും ഹർജി തള്ളിയിരുന്നു. സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജെയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. സാരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പോലീസ് കേസ് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. ഇതേ തുടർന്നാണ് ജെയ്‌സണെതിരെ പോലീസ് കേസ് എടുക്കാൻ തയ്യാറായത്. ഇതിന് തൊട്ട് പിന്നാലെ ജെയ്‌സൺ ജില്ലാ കോടതിയെ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു. എന്നാൽ ജാമ്യം കോടതി നിഷേധിച്ചു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജെയ്‌സണിന്റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 13നു മുൻപു പോലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം ജെയ്സണെ കോളെജിൽ നിന്നും പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: